നെഹ്റു കോളേജ് അക്രമണം: ബ്രഹ്തിന്റെ വരികളെ അനുസ്മരിപ്പിക്കുന്നുവെന്ന് എം ബി രാജേഷ്

ബ്രഹ്തിന്റെ വരികളെ അനുസ്മരിപ്പിക്കുന്ന ആവേശകരമായ പ്രതികരണമാണ് ജിഷ്ണുവിന്റെ ജീവനെടുത്ത മാപ്പർഹിക്കാത്ത അനീതിക്കെതിരെ ഇന്നലെ വിദ്യാർത്ഥികളിൽ നിന്നുണ്ടായത്- നെഹ്റു കോളേജ് അടിച്ചു തകർത്ത സമരക്കാർക്ക് എം ബി രാജേഷ് എംപിയുടെ അഭിവാദ്യം

നെഹ്റു കോളേജ് അക്രമണം: ബ്രഹ്തിന്റെ വരികളെ അനുസ്മരിപ്പിക്കുന്നുവെന്ന് എം ബി രാജേഷ്

അനുസരണയുടെയും അച്ചടക്കത്തിന്റെയും വാൾത്തലപ്പിൽ വാർത്തെടുക്കുന്ന ക്യാംപസിന്റെ 'സ്വച്ഛത' ഒരു നിശ്ശബ്ദ ഭീകരത മാത്രമാണെന്ന് നെഹ്‌റു കോളേജ് ഓർമ്മിപ്പിക്കുന്നുവെന്ന് എംബി രാജേഷ് എംപി. നെഹ്റു കോളേജ് എല്ലാ  സ്വാശ്രയ കോളേജുകളുടേയും ഒരു  പരിച്ഛേദമാണെന്നും ഫേസ്ബുക്കിൽ പോസ്റ്റിൽ എംബി രാജേഷ് പറഞ്ഞു.

ഇടിമുറികളാലും ഇരുട്ടുമുറികളാലും ചോദ്യം ചെയ്യപ്പെടാത്ത അച്ചടക്കത്താലും അനുസരണയാലും മറ്റേതൊരു സ്വാശ്രയ കോളേജിനും ഇനിയും ജിഷ്ണുമാരെ സൃഷ്ടിക്കാം. അതാവർത്തിക്കാതിരിക്കാൻ കഴുത്തറപ്പൻ ചൂഷകരായ സ്വാശ്രയ മാനേജ്‌മെന്റുകൾക്കെല്ലാമുള്ള പാഠമാകട്ടെ ഇന്നലത്തെ പ്രതിഷേധ പ്രഹരമെന്നും രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യമാകെ ഒരു വലിയ ഇടിമുറിയോ ഇരുട്ടുമുറിയോ ആയി തീരുന്ന ഈ കാലത്ത്,അനുസരണയും അച്ചടക്കവും തോക്കു കൊണ്ടും ചൂരൽ കൊണ്ടും അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു കാലത്ത്, കൂടുതൽ കരുത്തോടെ മുദ്രാവാക്യങ്ങൾ ഉയരട്ടെ. അനീതികൾക്ക് മേൽ മുഷ്ടികൾ ആഞ്ഞ് പതിക്കട്ടെ.വിലക്കുകൾ ഭേദിച്ച് പോരാട്ടത്തിന്റെ കൊടികൾ ഉയരട്ടെയെന്നും രാജേഷ് പറഞ്ഞു.
ഫോസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു നഗരത്തിൽ ഒരനീതി ഉണ്ടായാൽ അന്ന് വൈകുന്നേരമാകുമ്പോഴേക്കും ആ നഗരം കത്തിച്ചാമ്പലാവുന്നതാണ് നല്ലതെന്നെഴുതിയത് ബ്രഹ്താണ്. ബ്രഹ്തിന്റെ വരികളെ അനുസ്മരിപ്പിക്കുന്ന ആവേശകരമായ പ്രതികരണമാണ് ജിഷ്ണുവിന്റെ ജീവനെടുത്ത മാപ്പർഹിക്കാത്ത അനീതിക്കെതിരെ ഇന്നലെ വിദ്യാർത്ഥികളിൽ നിന്നുണ്ടായത്. ചുരുട്ടിയ മുഷ്ടികളും ഉയർന്നു പാറുന്ന കൊടികളുമില്ലാത്ത, മുദ്രാവാക്യങ്ങൾ സ്വസ്ഥത കെടുത്താത്ത, യൗവ്വന സർഗ്ഗാത്മകത കോറിയിട്ട വരികളാൽ 'അലങ്കോല' മാകാത്ത ചുമരുകളുള്ള സ്വച്ഛന്ദ സുന്ദര ക്യാംപസുകളെക്കുറിച്ചുള്ള വ്യാമ
ോഹങ്ങൾക്കും വ്യാജ സങ്കൽപ്പങ്ങൾക്കുമുള്ള പരിപൂർണ്ണ അന്ത്യമാണ് നെഹ്രു കോളേജ് സംഭവം. അനുസരണയുടെയും അച്ചടക്കത്തിന്റെയും വാൾത്തലപ്പിൽ വാർത്തെടുക്കുന്ന ക്യാംപസിന്റെ 'സ്വച്ഛത' ഒരു നിശ്ശബ്ദ ഭീകരത മാത്രമാണെന്ന് നെഹ്‌റു കോളേജ് ഓർമ്മിപ്പിക്കുന്നു. ഇത് എല്ലാ സ്വാശ്രയകോളേജുകളുടെയും ഒരു പരിച്ഛേദമാണ്. ഇടിമുറികളാലും ഇരുട്ടുമുറികളാലും ചോദ്യം ചെയ്യപ്പെടാത്ത അച്ചടക്കത്താലും അനുസരണയാലും മറ്റേതൊരു സ്വാശ്രയ കോളേജിനും ഇനിയും ജിഷ്ണുമാരെ സൃഷ്ടിക്കാം. അതാവർത്തിക്കാതിരിക്കാൻ കഴുത്തറപ്പൻ ചൂഷകരായ സ്വാശ്രയ മാനേജ്‌മെന്റുകൾക്കെല്ലാമുള്ള പാഠമാകട്ടെ ഇന്നലത്തെ പ്രതിഷേധ പ്രഹരം. 


ഇരുമ്പുമറക്കുള്ളിൽ, സ്വാശ്രയ കോളേജുകളിൽ അരങ്ങേറുന്ന അരുതായ്കകളെക്കുറിച്ച് സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടക്കട്ടെ. ജിഷ്ണുവിന്റെ ജീവനെടുത്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് ഉറപ്പാക്കുകയും വേണം. രാജ്യമാകെ ഒരു വലിയ ഇടിമുറിയോ ഇരുട്ടുമുറിയോ ആയി തീരുന്ന ഈ കാലത്ത്,അനുസരണയും അച്ചടക്കവും തോക്കു കൊണ്ടും ചൂരൽ കൊണ്ടും അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു കാലത്ത്, കൂടുതൽ കരുത്തോടെ മുദ്രാവാക്യങ്ങൾ ഉയരട്ടെ. അനീതികൾക്ക് മേൽ മുഷ്ടികൾ ആഞ്ഞ് പതിക്കട്ടെ.വിലക്കുകൾ ഭേദിച്ച് പോരാട്ടത്തിന്റെ കൊടികൾ ഉയരട്ടെ. യൗവ്വനങ്ങളെ ജയിലറകളിലടക്കുന്ന, ഇടിമുറികളും ഇരുട്ടുമുറികളും തകർക്കാനുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം.
#JusticeforJishnu
ക്യാംപയിനിന് അഭിവാദനം