കോയമ്പത്തൂരിലെ നെഹ്റു കോളേജില്‍ ഭിന്നിപ്പിച്ച് അക്രമണം: ജല്ലിക്കട്ട് മറയാക്കി അക്രമിക്കപ്പെട്ടത് മാനേജ്മെന്റിനെതിരെ സമരം ചെയ്തവര്‍

നെഹ്രു ഗ്രൂപ്പിന്റെ കോയമ്പത്തൂര്‍ ക്യാംപസില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ജെല്ലിക്കട്ടിന്റെ പേരു പറഞ്ഞു ഗുണ്ടകളെ ഉപയോഗിച്ചു മാനേജ്‌മെന്റ് തല്ലിച്ചതച്ചു. ആറു വിദ്യാര്‍ത്ഥികള്‍ക്കാണു പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി നാരദാ ന്യൂസിനോടു സംസാരിക്കുന്നു.

കോയമ്പത്തൂരിലെ നെഹ്റു കോളേജില്‍ ഭിന്നിപ്പിച്ച് അക്രമണം: ജല്ലിക്കട്ട് മറയാക്കി അക്രമിക്കപ്പെട്ടത് മാനേജ്മെന്റിനെതിരെ സമരം ചെയ്തവര്‍

പാമ്പാടിയില്‍ ജിഷ്ണു കൊല്ലപ്പെട്ട ദിവസങ്ങളില്‍ തന്നെ കോയമ്പത്തൂരിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിരുന്നു. ചെറിയ ചെറിയ തലങ്ങളില്‍ നിന്നു വലുതായി സമരത്തിനു ഏകീകൃത രൂപം കൈവന്നു. തങ്ങളെ മര്‍ദ്ദിക്കുന്ന പിടി മാഷ് സെന്തില്‍, പി.ആര്‍.ഒ എന്നിവരെ ഡിസിപ്ലിന്‍ കമ്മിറ്റിയില്‍ നിന്നു ഒഴിവാക്കുക, എക്‌സാം ഫീസ് അടച്ച എല്ലാ വിദ്യാര്‍ത്ഥികളെയും പരീക്ഷ എഴുതാന്‍ അനുവദിക്കുക, വൃത്തിയായ ഭക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് സി.ഇ.ഒ കൃഷ്ണകുമാര്‍ ഞങ്ങളുമായി ചര്‍ച്ച നടത്തി. ആറു കാര്യങ്ങള്‍ മാത്രമെ അനുവദിച്ചു തരാന്‍ പറ്റുകയുള്ളുവെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. അവസാനം എല്ലാം അംഗീകരിക്കാം, സര്‍ക്കുലര്‍ ഇറക്കാന്‍ പറ്റില്ലെന്നായി. സര്‍ക്കുലറില്ലാതെ സമരം നിര്‍ത്തില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നതോടെ സിഇഒ പിറ്റേന്ന് സര്‍ക്കുലര്‍ ഇറക്കാമെന്ന് വാക്കു തന്നു.ജെല്ലിക്കട്ട് സമരം നടക്കുന്നുന്നതിനാല്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വളരെ കുറച്ചു പേരെ ക്ലാസിലുണ്ടായിരുന്നുള്ളൂ. സര്‍ക്കുലര്‍ ഇറക്കിയ ശേഷം മാത്രമേ ക്ലാസില്‍ കയറുകയുള്ളു എന്ന നിലപാടില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ കണ്ടു. വൈകുന്നേരത്തിനുള്ളില്‍ ഇറക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിറ്റേന്ന് സര്‍ക്കുലര്‍ വന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്ലാ എന്നു മാത്രമല്ല, പുതിയ കുറച്ചു നിയന്ത്രണങ്ങള്‍ കൂടി എഴുതി ചേര്‍ത്ത സര്‍ക്കുലാറിയിരുന്നു അത്.

കുട്ടികള്‍ എല്ലാവരും കൂടി കോളേജ് ഗെയ്റ്റിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതിനിടെ എട്ടു തമിഴ് വിദ്യാര്‍ത്ഥികള്‍ (അതില്‍ നാലുപേര്‍ പാസ് ഔട്ടായവരാണ്) ജെല്ലിക്കട്ടിന്റെ സമരത്തിന് നില്‍ക്കാത്തവര്‍ ഇവിടെ നില്‍ക്കണ്ടാന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇവര്‍ കോളേജ് ഗെയിറ്റില്‍ മുതലെ എന്നെ പിന്തുടരുന്നുണ്ട്. അവര്‍ മലയാളി വിദ്യാര്‍ത്ഥികളെ ഉന്തിയും തള്ളിയും പ്രകോപിപ്പിച്ചു. സത്യാവസ്ഥ എന്താണെന്നു വച്ചാല്‍ ഈ എട്ടു പേര് ജെല്ലിക്കട്ട് സമരത്തിനും പങ്കെടുത്തിട്ടില്ല. മലയാളി വിദ്യാര്‍ത്ഥികള്‍ ജെല്ലിക്കട്ടു സമരത്തിന് പങ്കെടുത്തു പിന്തുണ അറിയിച്ചിരുന്നതാണ്.

[caption id="attachment_76792" align="aligncenter" width="720"] വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍[/caption]

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു സെമിനാര്‍ ഹാളില്‍ പ്രിന്‍സിപ്പല്‍ വീണ്ടും ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചു. ഒടുവില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിനെ സാക്ഷി നിര്‍ത്തി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച കാര്യം അറിയിച്ചു. പതിനഞ്ചു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്റ്റുഡന്റ്സ് വിങ് രൂപീകരിക്കാനും തീരുമാനിച്ചു. എല്ലാവരും പിരിഞ്ഞു ക്ലാസ് റൂമുകളിലേക്കു പോയി.

സെന്തില്‍ സാറിനെക്കുറിച്ച് ഇനി ട്രോള്‍ ഇടാന്‍ പാടില്ലെന്ന് തമിഴ് വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു. ഞാന്‍ ഓകെ പറഞ്ഞു. അതു കഴിഞ്ഞു മലയാളികളെ ഇവര്‍ ബിബിഎ ബ്ലോക്കിലേക്കു തള്ളി അകത്തു കയറ്റാന്‍ ശ്രമിച്ചു. രാവിലെ മുതല്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ പിന്തുടരുന്നതിനും പ്രകോപിപ്പിക്കുന്നതിനും പ്രിന്‍സിപ്പലടക്കം സ്റ്റാഫെല്ലാം സാക്ഷിയാണ്. എന്നാല്‍ അവരാരും പ്രതികരിച്ചില്ല.

മലയാളികള്‍ പ്രതികരിച്ചു തുടങ്ങിയപ്പോഴേക്കും ഞാന്‍ ഇടപെട്ടു. പ്രശ്‌നം ഉണ്ടാക്കരുത്, നമ്മുടെ ആവശ്യങ്ങളെല്ലാം കോളേജ് അംഗീകരിച്ചതാണ്, ഇതിന്റെ പേരും പറഞ്ഞ് അവരെല്ലാം എടുത്തു മാറ്റും, പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് നമ്മുടെ വിദ്യാര്‍ത്ഥികളോട് ഞാന്‍ പറഞ്ഞു. എല്ലാവരും ക്ലാസില്‍ കയറി.

ലഞ്ച് ബ്രേക്കിന്റെ സമയത്ത് മലയാളി വിദ്യാര്‍ത്ഥികള്‍ പുറത്തുപോയി. ഞാന്‍ കഴിക്കാനായി പുറത്തേക്കിറങ്ങിയപ്പോല്‍ എട്ടുപേര്‍ എന്നെ വളഞ്ഞു. അവരു നാലുപാടും നിന്നു തലയ്ക്ക് അടിച്ചുകൊണ്ടേയിരുന്നു. കുറച്ചൊന്നു കുനിഞ്ഞപ്പോള്‍ തലയ്ക്കിട്ടു ചവിട്ടാന്‍ തുടങ്ങി. ഓടി രക്ഷപെടാന്‍ ശ്രമിച്ച എന്നെ പുറകില്‍ നിന്നു തൊഴിച്ചു വീഴ്ത്തി നിലത്തിട്ടു ചവുട്ടി. എഴുന്നേക്കാന്‍ വയ്യാതെ കിടന്ന എന്നെ ഗ്രൗണ്ടിലേക്കു എടുത്തോണ്ടു പോയി വീണ്ടും മര്‍ദ്ദിച്ചു. സ്റ്റാഫ് നോക്കി നില്‍ക്കുന്നുണ്ട്, ഒന്നിലും ഇടപെടാത്ത വിദ്യാര്‍ത്ഥികള്‍ നോക്കിനില്‍ക്കുന്നുണ്ട്. ആരും ഇടപെട്ടില്ല. അപ്പോഴേക്കും നമ്മുടെ കൂടെ സമരത്തിനുളള ചെക്കന്മാരൊക്കെ ഓടി വന്നു. എന്റെ അടുത്തേക്കു വരുന്നവരെയല്ലാം അവരടിച്ചു. ആറുപേര്‍ക്കാണ് അടി കിട്ടിയത് - ജല്ലിക്കട്ട് സമരത്തില്‍ പങ്കെടുത്തില്ലെന്നതിനായിരുന്നു അടിച്ചതെന്ന് പിന്നീടറിഞ്ഞു. ജല്ലിക്കട്ട് സമരത്തില്‍ ക്ലാസിലെ കുട്ടികളെ വിളിച്ചിറക്കി സമരം ചെയ്തയാളാണ് ഞാന്‍.

[caption id="attachment_76793" align="alignnone" width="1280"] നെഹ്രു കോളേജിന്റെ ബിബിഎ ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ എറിഞ്ഞുതകര്‍ത്ത നിലയില്‍[/caption]

കോളേജിലെ ഫസ്റ്റ് എയ്ഡ് റൂമില്‍ കൊണ്ടുപോയി കിടത്തി. അപ്പോഴാണു പ്രിന്‍സപ്പലും പൊലീസും വന്നത്. പി.ആര്‍.ഒ അക്രമിച്ച വിദ്യാര്‍ത്ഥികളെ ഗെയ്റ്റു തുറന്നു രക്ഷപെടുത്തി. കുറച്ചു തമിഴ് വിദ്യാര്‍ത്ഥികളാണ് പ്രശ്‌നത്തിനു കാരണം. പി.ആര്‍.ഒയുടെയും സെന്തിലിന്റെയും ഗുണ്ടകളാണ് അവര്‍. സെന്തിലിനെയും പി.ആര്‍.ഒയെയും അക്രമിച്ച വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥികള്‍ ബിബിഎ ബ്ലോക്ക് അടിച്ചു തകര്‍ത്തു. വിദ്യാര്‍ത്ഥികളെ 30 ദിവസത്തേക്കും മറ്റുള്ളവരെ 14 ദിവസത്തേക്കും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ഇതിനെതിരെ ഞങ്ങള്‍ സമരത്തിനിറങ്ങും. ഇപ്പോള്‍ പത്തു ദിവസത്തേക്ക് കോളേജ് അടച്ചിട്ടിരിക്കുകയാണ്.അവകാശങ്ങള്‍ക്കായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ജെല്ലിക്കട്ടിന്റെ പേരു പറഞ്ഞു തല്ലിച്ചതിലൂടെ മാനേജ്‌മെന്റ് വിഷയത്തെ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണ്. മലയാളിയും തമിഴരും തമ്മിലുള്ള പ്രശ്‌നമാക്കി മാറ്റി തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താം എന്നാണ് അവര്‍ കരുതുന്നത്. കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വാട്ട്‌സ്ആപ്പില്‍ വധഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ഒരെണ്ണത്തെ പോലും ജീവനോടെ വാളയാര്‍ അതിര്‍ത്തി കടത്തില്ലെന്നാണ് ഭീഷണിയുടെ ഉള്ളടക്കം. ജെല്ലിക്കട്ടിനെ അനുകൂലിക്കാത്തവര്‍ എന്ന ലേബലും കൂടെ അടിച്ചതോടെ അവര്‍ക്കു കാര്യങ്ങൾ എളുപ്പമായി. ഇവിടെ പേടിച്ചുവിറച്ചാണ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ കഴിയുന്നത്. പലര്‍ക്കും പുറത്തിറങ്ങാന്‍ കൂടി ഭയമാണ്.

Read More >>