പ്രതിസന്ധിയിലായ കർഷകർക്കു നഷ്ടപരിഹാരം നൽകാനുള്ള നയം നിർമ്മിക്കണം: സുപ്രീം കോടതി

കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടും കൃഷിനാശത്തിൽ നിന്നും കടക്കെണിയിൽ നിന്നും അവരെ സംരക്ഷിക്കാനുള്ള ദേശീയനയം ഇല്ലാത്തത് വിചിത്രമായിരിക്കുന്നെന്ന് സുപ്രീം കോടതി പറഞ്ഞു.

പ്രതിസന്ധിയിലായ കർഷകർക്കു നഷ്ടപരിഹാരം നൽകാനുള്ള നയം നിർമ്മിക്കണം: സുപ്രീം കോടതി

കൃഷിനാശവും കടക്കെണിയും കാരണം രാജ്യത്ത് കർഷകർ ആത്മഹത്യ ചെയ്യുന്ന അവസ്ഥ പരിഹരിക്കാൻ ദേശീയനയം കൊണ്ടുവരാത്തതു എന്തു കൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. 2004-2012 വർഷങ്ങളിൽ ഗുജറാത്തിൽ ആത്മഹത്യ ചെയ്ത 600 ഓളം കർഷകരുടെ കുടുംബങ്ങൾക്ക് സഹായം അനുവദിക്കാനുള്ള പൊതുതാല്പര്യഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് സാമൂഹികപ്രവർത്തകയായ മല്ലിക സാരാഭായുടെ നേതൃത്വത്തിലുള്ള എൻ ജി ഒ സംഘടന നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.


“കർഷകർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടും കൃഷിനാശത്തിൽ നിന്നും കടക്കെണിയിൽ നിന്നും അവരെ സംരക്ഷിക്കാനുള്ള ദേശീയനയം ഇല്ലാത്തത് വിചിത്രമായിരിക്കുന്നു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കർഷകർക്കു നൽകാനുള്ള നയം ആവശ്യമാണു. ഇത് ഒരു ദേശീയപ്രശ്നവും പൊതുതാല്പര്യമുള്ളതുമായ വിഷയവുമാണു,” ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹറും ജസ്റ്റിസ് എൻ വി രമണയും ചേർന്ന ബഞ്ച് പറഞ്ഞു.

ഹർജി പൊതുതാല്പര്യമായി പരിഗണിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കോടതി നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചു. നാല് ആഴ്ചയകൾക്കകം മറുപടി ലഭിക്കണമെന്നു ബഞ്ച് ആവശ്യപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ കാരണം കഷ്ടത അനുഭവിക്കുന്ന കർഷകർക്കു നഷ്ടപരിഹാരം നൽകാനുള്ള നയം തീരുമാനിക്കുന്നതിനു സർക്കാരുകളുടെ പങ്കാളിത്തം പ്രധാനമാണെന്ന് കോടതി പറഞ്ഞു.

Read More >>