മതമാണ് ദേശീയതയെ നിര്‍ണ്ണയിക്കുന്നതെന്ന് എം ജി എസ് നാരായണന്‍

ദേശീയതയിലൂന്നിയ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും പാര്‍ട്ടികളുടെ കാര്യവും അദ്ദേഹം പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. ഹിറ്റ്‌ലറുടെ പാര്‍ട്ടിയുടെയും മുസ്സോളിനിയുടെ പാര്‍ട്ടിയുടെയുമൊക്കെ അടിസ്ഥാനം ദേശീയത തന്നെയായിരുന്നു. കാള്‍ മാര്‍ക്സ് മാത്രമാണ് അന്തര്‍ദേശീയ വാദമുയര്‍ത്തിയിരുന്നത്. സര്‍വരാജ്യ തൊഴിലാളികളെ ഒന്നിക്കുവിന്‍ എന്ന മുദ്രാവാക്യം തന്നെ ഇതില്‍ നിന്നാണു രൂപപ്പെട്ടതെന്നും എംജിഎസ് ചൂണ്ടിക്കാട്ടി.

മതമാണ് ദേശീയതയെ നിര്‍ണ്ണയിക്കുന്നതെന്ന് എം ജി എസ് നാരായണന്‍

കോഴിക്കോട്: മതമാണ് ദേശീയതയെ നിര്‍ണ്ണയിക്കുന്ന ഘടകമെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍. ദേശീയത എന്ന വിഷയത്തില്‍ 'പാഠഭേദം' സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാകിസ്ഥാന്‍ എന്നിങ്ങനെ രാജ്യങ്ങള്‍ വെട്ടിമുറിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം വിഭജനത്തെ തുടക്കത്തില്‍ എതിര്‍ത്ത ഗാന്ധിജി പോലും പിന്നീട് എതിര്‍പ്പു പ്രകടിപ്പിച്ചില്ലെന്നും ആരോപിച്ചു.

ദേശീയഗാനമായി വന്ദേമാതരത്തെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. പിന്നീടതു മാറ്റിയാണ് ജനഗണമനയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ദേശീയത യഥാര്‍ഥത്തില്‍ ഇമാജിന്‍ കമ്മ്യൂണിറ്റിയാണ്. ബ്രിട്ടീഷ് അധിനിവേശമാണ് ഇന്ത്യയ്ക്ക് നാഴികക്കല്ലായത്. അഞ്ഞൂറോളം വരുന്ന നാട്ടുരാജ്യങ്ങളില്‍ കുരുങ്ങിക്കിടന്ന ഇന്ത്യയെ രാഷ്ട്രീയമായ ഉപഭൂഖണ്ഡമാക്കി ഏകീകരിച്ചതു ബ്രിട്ടീഷുകാരാണ്. ഇന്ത്യന്‍ പീനല്‍കോഡ് പോലും നമ്മള്‍ അവരില്‍ നിന്ന് കടം കൊണ്ടതാണ്'- അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതു തന്നെ ബ്രിട്ടീഷുകാരാണെന്നുള്ള കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യന്‍ സിവില്‍ സര്‍വീസിനു വേണ്ടിയാണ്, യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. 1911 വരെ സിവില്‍ സര്‍വീസ് പരീക്ഷ ലണ്ടനിലായിരുന്നു. പിന്നീടിതു കൊല്‍ക്കത്തയിലേക്കു മാറ്റുകയായിരുന്നു. ബ്രിട്ടന്റെ ഭരണം ഉറപ്പിച്ചുനിര്‍ത്തുകയായിരുന്നു അവര്‍ ഇതിലൂടെ ലക്ഷ്യം വച്ചതെന്നും എംജിഎസ് പറഞ്ഞു. 1915ലെ ഒന്നാം ലോക മഹായുദ്ധകാലത്തും 1939ലെ രണ്ടാം ലോകമഹായുദ്ധകാലത്തും ഇന്ത്യക്കാരെ പടയാളികളാക്കി ബ്രിട്ടണ്‍ പലരാജ്യങ്ങളിലേക്കയച്ചിരുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

ദേശീയതയിലൂന്നിയ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും പാര്‍ട്ടികളുടെ കാര്യവും അദ്ദേഹം പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. ഹിറ്റ്‌ലറുടെ പാര്‍ട്ടിയുടെയും മുസ്സോളിനിയുടെ പാര്‍ട്ടിയുടെയുമൊക്കെ അടിസ്ഥാനം ദേശീയത തന്നെയായിരുന്നു. കാള്‍ മാര്‍ക്സ് മാത്രമാണ് അന്തര്‍ദേശീയ വാദമുയര്‍ത്തിയിരുന്നത്. സര്‍വരാജ്യ തൊഴിലാളികളെ ഒന്നിക്കുവിന്‍ എന്ന മുദ്രാവാക്യം തന്നെ ഇതില്‍ നിന്നാണു രൂപപ്പെട്ടതെന്നും എംജിഎസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ കമ്മ്യൂണിസ്റ്റു നേതാവായ ലെനിന്‍ ദേശീയവാദത്തെയായിരുന്നു അംഗീകരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ദേശീയവാദികള്‍ നേതൃത്വം നല്‍കിയ ശിപായി ലഹളപോലും പരാജയമായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം ഒന്നാം സ്വാതന്ത്ര്യസമരമെന്നൊക്കെ പറഞ്ഞ് ഈ ആന മണ്ടത്തരത്തെ ചിലര്‍ പുകഴ്ത്തിപാടുകയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് ദേശീയത സംഭാവന ചെയ്തതു ബ്രിട്ടീഷുകാരാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രഭാഷണത്തിനു സിവിക് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.