പെണ്‍കുട്ടികളുടെ നെഞ്ചില്‍ നിന്ന് തട്ടം മാറ്റി ബാഡ്ജ് നോക്കുന്നു: നെഹ്രു കോളേജിനെതിരെ വിദ്യാര്‍ത്ഥിനികള്‍

നെഹ്രുകോളേജില്‍ തട്ടം മാറ്റി ബാഡ്ജ് ധരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് പതിവാണെന്നു പെണ്‍കുട്ടികള്‍ നാരദാ ന്യൂസിനോട് പറഞ്ഞു. മുടി കെട്ടഴിഞ്ഞാല്‍ പിടി മാഷ് അടുത്തെത്തി തലയില്‍ തലോടി മുടി കെട്ടിവെക്കാന്‍ ആവശ്യപ്പെടുമെന്നും ഫൈന്‍ അടിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ പറയുന്നു- നാരദ ന്യൂസ് തുറന്ന പ്രത്യേക ഡെസ്ക്കിലേയ്ക്ക് കൂടുതല്‍ പരാതികള്‍...

പെണ്‍കുട്ടികളുടെ നെഞ്ചില്‍ നിന്ന് തട്ടം മാറ്റി ബാഡ്ജ് നോക്കുന്നു: നെഹ്രു കോളേജിനെതിരെ വിദ്യാര്‍ത്ഥിനികള്‍

2010 ഏപ്രിലില്‍ യാതോരു മുന്നറിയിപ്പുമില്ലാതെ ഗേള്‍സ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി പരിശോധന നടത്തിയ ഫിസിക്കല്‍ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി നെഹ്രു കോളേജിലെ പെണ്‍കുട്ടികള്‍ രംഗത്ത്. ആരോപണങ്ങള്‍ പലതവണ ഉന്നയിച്ചിട്ടും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നത്. മുടി കെട്ടിവെച്ചില്ലെങ്കിലും ബാഡ്ജ് ധരിക്കാന്‍ മറന്നു പോയാലും ഇയാള്‍ക്കു ഹാലിളകുമെന്ന് കുട്ടികള്‍ പറയുന്നു.


തട്ടമിട്ട മുസ്ലിം പെണ്‍കുട്ടികളുടെ തട്ടം മാറ്റി ബാഡ്ജ് ധരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് പതിവാണെന്നു പെണ്‍കുട്ടികള്‍ നാരദാ ന്യൂസിനോട് പറഞ്ഞു. മുടി കെട്ടഴിഞ്ഞാല്‍ മാഷ് അടുത്തെത്തി തലയില്‍ തലോടി മുടി കെട്ടിവെക്കാന്‍ ആവശ്യപ്പെടുമെന്നും ഫൈന്‍ അടിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

വാര്‍ഡന്‍ അല്ലാതെ സ്വന്തം വീട്ടുകാരെ പോലും കയറാന്‍ അനുവദിക്കാത്ത ഹോസ്റ്റലില്‍ ഫിസിക്കല്‍ അധ്യാപകനും നാല് ജീവനക്കാരും കയറി പരിശോധിക്കുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പൂര്‍വ്വ വിദ്യാര്‍ത്ഥിനി നീന ജോസഫ് നാരദാ ന്യൂസിനോട് പറഞ്ഞു. പെണ്‍കുട്ടികളെ എല്ലാം മെസ്സില്‍ പൂട്ടിയിട്ടതിനു ശേഷം മൊബൈല്‍ ഫോണ്‍ ഉണ്ടെന്നു പറഞ്ഞായിരുന്നു ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. അടിവസ്ത്രങ്ങള്‍ അടക്കം വലിച്ചു പുറത്തിട്ടു. രാത്രി 9.30 ന് തുടങ്ങിയ പരിശോധന മണിക്കൂറുകളോളം നീണ്ടു. നീയൊക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കാണിച്ചു തരാമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. നിങ്ങളുടെ ഒക്കെ നഗ്നഫോട്ടോകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. കോളേജില്‍ വന്‍ പ്രതിഷേധം ഉണ്ടായെങ്കിലും പേരിനു ഒരു നടപടി മാത്രമാണ് അയാള്‍ക്കെതിരെ സ്വീകരിച്ചത്.

തുറിച്ചു നോക്കുന്ന നോട്ടമാണ് ഇയാളുടേതെന്ന് നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥിനി ഗായത്രി വേണുഗോപാല്‍ പറയുന്നു. മുഖത്തൊഴിച്ച് ബാക്കി എല്ലാ ഭാഗത്തും നോക്കും. ആണ്‍കുട്ടികളെ ഞങ്ങളുടെ മുന്‍പില്‍ വച്ച് മുഖത്ത് അടിച്ചിട്ടുണ്ട്. ഇന്‍ഷര്‍ട്ട് ചെയ്തില്ലെങ്കില്‍ കുത്തിനു പിടിച്ചു ഇടിക്കും. കുട്ടികളെ നിരീക്ഷിക്കുകയെന്നതാണ് ഇയാളുടെ പ്രധാന പരിപാടി.

സെല്‍ഫി എടുത്തു എന്ന പേരില്‍ ഒരു പെണ്‍കുട്ടിയെ ഫിസിക്കല്‍ അധ്യാപകന്‍ ശകാരിക്കുകയും സ്റ്റാഫ് മുറിയിലേയ്ക്ക് വിളിപ്പിക്കുകയും ചെയ്തു. ആ പെണ്‍കുട്ടിയുടെ സ്വകാര്യ മെസേജുകളും മറ്റും അയാള്‍ പരിശോധിച്ചു. മൊബൈലില്‍ ഉണ്ടായിരുന്ന ഫോട്ടോകള്‍ എല്ലാം അയാള്‍ പരിശോധിച്ചു. പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങുകയും രാത്രി അവളെ നിരന്തരം ശല്യം ചെയ്യുകയും ചെയ്യുമായിരുന്നു. കള്‍ച്ചറല്‍ ഫെസ്റ്റിന്റെ പേരില്‍ എല്ലാ കുട്ടികളുടെ കയ്യില്‍ നിന്നും 1800 രൂപയോളമാണ് പിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഫൈന്‍ അടിക്കേണ്ടതായും വരുന്നു.

സമാനമായ അനുഭവമാണ് ഈ കോളേജിലെ വിദ്യാര്‍ത്ഥിനിയായ രസ്‌ന നാരദാ ന്യൂസിനോട് പങ്കു വയ്ക്കുന്നത്. ഇത്തരം കാരണങ്ങള്‍ തുറന്നു പറയാന്‍ തന്നെ പേടിയായിരുന്നു. ഇപ്പോഴും പേടിയുണ്ട്. സ്വന്തം ക്ലാസ് മുറിയില്‍ ഇരുന്നു സഹപാഠിയോട് സംസാരിച്ചതിന്റെ പേരില്‍ എന്റെ സഹപാഠിയെ ഞങ്ങളുടെ മുന്നിലിട്ടാണ് ഇയാള്‍ കയ്യേറ്റം ചെയ്തത്. രോമം എന്നത് മനുഷ്യന്‍മാര്‍ക്ക് വരുന്ന സാധനമല്ലേ. ആണ്‍കുട്ടികള്‍ താടി വടിച്ചോ പെണ്‍കുട്ടികള്‍ ബാഡ്ജും ഷാളും ധരിച്ചിട്ടുണ്ടോയെന്നൊക്കെ പരിശോധിക്കുന്നതാണ് ഇയാളുടെ പ്രധാന പരിപാടിയെന്നും രസ്‌ന പറയുന്നു.

ഒരു  പെണ്‍കുട്ടി മാര്‍ച്ച് മാസത്തില്‍ ഷര്‍ട്ടിന്റെ കൈ കയറ്റി വച്ചതിന് അവളുടെ കയ്യില്‍ കയറി പിടിച്ചു അത് നേരെയിടീക്കുകയാണ് അയാള്‍ ചെയ്തത്. തട്ടം യൂണിഫോമിന്റെ ഭാഗമല്ലെങ്കില്‍ കോളേജ് അധികൃതര്‍ അത് വ്യക്തമാക്കണം. അല്ലാതെ പെണ്‍കുട്ടികളുടെ ശരീരത്തിലും തലയിലും തലോടി രസിക്കുകയല്ല ചെയ്യേണ്ടത്. പെണ്‍കുട്ടികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലേയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതാണ് ഇയാളുടെ പരിപാടി. പലതവണ പ്രിന്‍സിപ്പാളിനോടും വൈസ് പ്രിന്‍സിപ്പാളിനോടും പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. പല തവണ അയാളെ മാറ്റി നിര്‍ത്തി മുഖം രക്ഷിക്കുകയും പിന്നീട് തിരിച്ചു കൊണ്ടു വരികയും ചെയ്യും. രസ്‌ന പറയുന്നു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറിയ സംഭവത്തില്‍ സമരത്തില്‍ പങ്കു ചേര്‍ന്നതിന് തന്നെ മാനസികമായും ശാരീരികമായും കോളേജ് അധികൃതര്‍ പീഢിപ്പിച്ചുവെന്നും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ രാകേഷ് നായര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. രണ്ടരമാസത്തോളം ഞാന്‍ പുറത്തിരുന്നു. പഠിപ്പിക്കുകയല്ല പേടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഡിഗ്രി എനിക്കു പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. മറ്റൊരു കോളേജില്‍ അധ്യാപകനായ എന്റെ അച്ഛന്‍ വന്നു പറഞ്ഞിട്ടു പോലും കേള്‍ക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

പി കെ കൃഷ്ണദാസാണ് അവിടത്തെ ഏറ്റവും വലിയ ഗുണ്ട. എന്റെ അമ്മയുടെ മുന്‍പില്‍ വച്ച് എന്നെ കുറിച്ച് പറയുന്ന ഭാഷ തന്നെ പറയാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. നിങ്ങളോട് സംസാരിക്കുമ്പോള്‍ പോലും എനിക്കു മരണഭയം ഉണ്ട്- രാകേഷ് പറഞ്ഞു.

ക്ലാസ് മുറികള്‍ക്കു പുറമേ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ പല കോണുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ പരാതിപ്പെടുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യതയെ പോലും ചോദ്യം ചെയ്യുന്നതാണ് ഇത്തരം ക്യാമറകള്‍. ഇത് കൈകാര്യം ചെയ്യുന്നത് പുരുഷ ജീവനക്കാരാണെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഒരു ജീവനക്കാരനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ നിങ്ങള്‍ ഏതു വസ്ത്രം ധരിച്ചാണ് ഹോസ്റ്റലില്‍ നില്‍ക്കുന്നതെന്ന് അറിയാന്‍ വേണ്ടിയാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഗോപിക നാരദാ ന്യൂസിനോട് പറഞ്ഞു.

നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കടന്നു ചെല്ലാന്‍ പോലും ഞങ്ങള്‍ക്കു ഭയമാണെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പ്രവീണ പറയുന്നു. വൈസ് പ്രിന്‍സിപ്പില്‍ എ കെ സത്യവേലിന്റെ മുറി യഥാര്‍ത്ഥത്തില്‍ ഒരു പീഢന മുറി തന്നെയാണ് ഞങ്ങള്‍ക്ക്. നിസാര കാര്യങ്ങളെ പര്‍വ്വതീകരിച്ച് വലുതാക്കുകയും അതിന്റെ പേരില്‍ കഠിനമായി പീഢിപ്പിക്കുകയും ചെയ്യുന്നത് അയാളുടെ സ്ഥിരം പരിപാടിയാണ്. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതു പോലും ഭീകര പ്രശ്‌നമാണ് അയാള്‍ക്ക്. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ചും മര്‍ദ്ദനം ഏറ്റിരുന്നു. ജിഷ്ണുവിന് നീതി ലഭിക്കണം പ്രവീണ പറയുന്നു.

Read More >>