ഇന്‍ഫോസിസില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം; വനിതാ സെക്യൂരിറ്റി ജീവനക്കാരി ഇല്ലാതിരുന്നതാണ് മകളുടെ മരണത്തിനു കാരണമായതെന്ന് രസിലയുടെ പിതാവ്

അസം സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് മലയാളിയായ ഇന്‍ഫോസിസ് ജീവനക്കാരി രസിലയെ ഞായറാഴ്ച വൈകിട്ട് കൊലപ്പെടുത്തിയത്.

ഇന്‍ഫോസിസില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം; വനിതാ സെക്യൂരിറ്റി ജീവനക്കാരി ഇല്ലാതിരുന്നതാണ് മകളുടെ മരണത്തിനു കാരണമായതെന്ന് രസിലയുടെ പിതാവ്

ഇന്‍ഫോസിസിന്റെ പുണെ ഓഫീസില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കമ്പനിക്കെതിരെ പിതാവ്. തന്റെ മകള്‍ ഒറ്റയ്ക്കു ജോലി ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ട് ഇന്‍ഫോസിസ് വനിത സുരക്ഷാ ജീവനക്കാരിയെ ഡ്യൂട്ടിക്കായി നിയോഗിച്ചില്ലെന്ന് കൊല്ലപ്പെട്ട രസില (25)യുടെ പിതാവ് ചോദിച്ചു. ഇതാണ് മകളുടെ കൊലയ്ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പ്രവര്‍ത്തി ദിവസമല്ലാതിരുന്നിട്ടും ചില ജോലികള്‍ ബാക്കിയുള്ളത് തീര്‍ക്കാന്‍ ഓഫീസിലെത്തിയ രസിലയെയാണ് സെക്യൂരിറ്റി ജിവനക്കാരന്‍ അസം സ്വദേശി ഭാബന്‍ സൈകിയ കഴുത്തില്‍ കമ്പ്യൂട്ടര്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തിയത്.


നേരത്തെയുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരില്‍ രസില ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഞായറാഴ്ച ഒറ്റക്കു ജോലി ചെയ്യുകയായിരുന്ന യുവതിയുടെ സമീപത്ത് വന്നു നിന്ന് ഇയാള്‍ പരാതി നല്‍കരുതെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടു. ഇതില്‍ സഹികെട്ട യുവതി പരാതിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതോടെ സൈകിയ കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയാണുണ്ടായതെന്ന് പുണെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗണേഷ് ഷിന്‍ഡെ പറഞ്ഞു. ഇയാള്‍ തന്റെ ഷൂസ് ഉപയോഗിച്ച് രസികയുടെ മുഖത്ത് അടിച്ചതായും പോലീസ് അറിയിച്ചു. കൊല നടത്തിയ ശേഷം രക്ഷപെട്ട സൈകയെ പോലീസ് പിന്നീട് മുംബൈയില്‍ നിന്നാണ് പിടികൂടിയത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ പാളിച്ചയെ പോലീസ് കമ്മീഷണര്‍ രശ്മി ശുക്ലയും വിമര്‍ശിച്ചു.

ഒരു വനിതാ എന്‍ജിനീയര്‍ ഓഫ് ദിനത്തില്‍ ഒറ്റക്ക് ജോലി ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് കമ്പനി ഒരു വനിതാ സെക്യൂരിറ്റി ജീവനക്കാരിയെ നിയോഗിച്ചില്ലെന്ന് അവര്‍ ചോദിച്ചു. ആരും തന്റെ സെക്ഷനിലില്ലാത്ത ദിവസം രസിലയെ എന്തിനാണ് ജോലിക്ക് വിളിച്ചുവരുത്തിയതെന്നും അവര്‍ ചോദിച്ചു. വൈകിട്ട് മൂന്നോടെ ഓഫീസിലെത്തിയ രസില ബാംഗ്ലൂരിലുള്ള സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടാണ് ജോലി ചെയ്തത്. ഇതിനിടെ രസിലയില്‍ നിന്ന് ആവശ്യമായ പ്രതികരണങ്ങള്‍ ലഭ്യമാകാതായതോടെ ബാംഗ്ലൂരിലെ കമ്പനി സൂപ്പര്‍വൈസര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. തുടര്‍ച്ചയായി പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനെ ഇദ്ദേഹം വിവരമറിയിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ തിരച്ചിലിലാണ് രസിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ഫോസിസ് പൂണെ ഓഫീസില്‍ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. അന്താര ദാസ് എന്ന 23കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി കഴിഞ്ഞ മാസം മുന്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചിരുന്നു.

Read More >>