കൂട്ടുകാരിക്കൊപ്പം ഇരുന്ന എസ്എഫ്‌ഐ നേതാവിന്റെ ഫോണ്‍ പിടിച്ചുവാങ്ങി 300 രൂപ പിഴയടപ്പിച്ചു; തൃശ്ശൂര്‍ സ്‌നേഹതീരത്ത് പൊലീസ് ഗുണ്ടായിസം

പുരുഷ സുഹൃത്തിന് ലൗ ചിഹ്നം അയച്ചതിനെ 'നീ ഹോമോസെക്ഷ്വലാണോ' എന്നു ചോദിച്ച് പരിഹസിച്ചെന്നു എസ്എഫ്‌ഐ നേതാവ്. വാടാനപ്പള്ളി ബീച്ചില്‍ ഇന്നലെ ഉച്ചക്ക് വനിത സുഹൃത്തുക്കളോടൊപ്പമിരുന്നതിന് താനടക്കമുള്ള യുവാക്കളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിക്കുകയും പിഴ ഈടാക്കുകയുമായിരുന്നു- എസ്എഫ്‌ഐ നേതാവ് പറയുന്നു

കൂട്ടുകാരിക്കൊപ്പം ഇരുന്ന എസ്എഫ്‌ഐ നേതാവിന്റെ ഫോണ്‍ പിടിച്ചുവാങ്ങി 300 രൂപ പിഴയടപ്പിച്ചു; തൃശ്ശൂര്‍ സ്‌നേഹതീരത്ത് പൊലീസ് ഗുണ്ടായിസം

തൃശ്ശൂര്‍ വാടാനപ്പള്ളി സ്‌നേഹതീരം ബീച്ചില്‍ സ്ത്രീ സുഹൃത്തുക്കളോടൊപ്പമിരുന്നതിന് വാടാനപ്പള്ളി പോലീസ് യുവാക്കളുടെ ഫോണ്‍ പിടിച്ചുവാങ്ങി പരിശോധിച്ചതായും പിഴ ഈടാക്കിയതായും പരാതി. എസ്.എഫ്.ഐ കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയംഗവും പിറവം ബി.പി.സി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥയുമായ ശ്രീകാന്ത് ശിവദാസന്‍ അടക്കമുള്ളവരാണ് സദാചാര ഗുണ്ടായിസത്തിന് ഇരയായത്.


ഇന്നലെ ഉച്ചയോടെ വാടാനപ്പള്ളി സ്നേഹതീരം ബീച്ചില്‍ ഇരിക്കുമ്പോഴാണ് സംഭവം. എ.എസ്.ഐയുടെ നേതൃത്വത്തിലെത്തിയ സംഘം ഒരുമിച്ചിരിക്കുകയായിരുന്ന ശ്രീകാന്തിനേയും സ്ത്രീ സുഹൃത്തിനേയും മറ്റുചിലരേയും ചോദ്യം ചെയ്തു. ഇവിടെ ഇരിക്കുന്നതിന് നിയമപരമായി തടസമില്ലല്ലോ എന്ന് ചോദിച്ചതോടെ പോലീസ് പ്രകോപിതരായെന്നും ഫോണ്‍ പരിശോധിക്കാനായി വാങ്ങുകയും ചെയ്തതായി ശ്രീകാന്ത് പറഞ്ഞു.


പിന്നീട് ഇതുപോലെ സ്ത്രീകളോടൊപ്പമിരുന്ന മറ്റുചിലരോടും ഫോണ്‍ പിടിച്ചുവാങ്ങുകയും സ്റ്റേഷനിലെത്തി തിരികെ വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ചില പെണ്‍കുട്ടികളുടെ വീട്ടില്‍ വിളിച്ച് വിവരമറിയിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ തന്റെ  ഇരുചക്ര വാഹനത്തിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചെങ്കിലും എല്ലാം കൃത്യമായിരുന്നതിനാല്‍ തിരികെ തന്നതായി ശ്രീകാന്ത് പറഞ്ഞു. ഫോണ്‍ വാങ്ങാന്‍ സ്റ്റേഷനിലെത്തിയ ശ്രീകാന്തിനോട് ഫോണ്‍ പരിശോധിച്ച ശേഷം പുരുഷ സുഹൃത്തിന് ലവ് ചിഹ്നം മെസേജായി അയച്ചത് കാണിച്ച് നിങ്ങള്‍ 'ഹോമോസെക്ഷ്വല്‍' ആണോ എന്നും ചോദിച്ചതായി ശ്രീകാന്ത് പറഞ്ഞു. പിന്നീട് 300 രൂപ ചാര്‍ജ് ചെയ്ത ശേഷം ഫോണ്‍ തിരികെ നല്‍കുകയായിരുന്നു. പോലീസിന് കുറ്റമൊന്നും കണ്ടുപിടിക്കാന്‍ കഴിയാതിരുന്നപ്പോള്‍ വാഹനവുമായി ബന്ധപ്പെട്ട് ചെയ്യാത്ത കുറ്റത്തിന് ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് ശ്രീകാന്ത് പറഞ്ഞു.


എഎസ്‌ഐ തോമസിനെ ബന്ധപ്പെട്ടപ്പോള്‍ ബീച്ചില്‍ പരസ്യമായി ചുംബനം നടത്തുന്നതായി ഫോണ്‍ വിളിച്ച് ആരോ പരാതി പറഞ്ഞതുകൊണ്ട് പരിശോധന നടത്തിയതാണെന്ന് പറഞ്ഞു. ഫോണ്‍ പരിശോധിക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും ഇതില്‍ പരാതികളുണ്ടെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനും അദ്ദേഹം പറഞ്ഞു. 300 രൂപ ചാര്‍ജ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അമിത വേഗതയ്ക്കാണെന്നും എഎസ്‌ഐ പറഞ്ഞു.

Read More >>