മനോരമയുടെ ന്യൂസ്‌മേക്കര്‍ പുരസ്‌കാരം മോഹന്‍ലാലിന്

മോഹന്‍ലാലിനെ കൂടാതെ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്, ഒ രാജഗോപാല്‍ എം.എല്‍.എ, ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് എന്നിവരായിരുന്നു അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.

മനോരമയുടെ ന്യൂസ്‌മേക്കര്‍ പുരസ്‌കാരം മോഹന്‍ലാലിന്

മനോരമന്യൂസിന്റെ 2016-ലെ വാര്‍ത്താതാരം നടന്‍ മോഹന്‍ലാല്‍. ടി എം തോമസ് ഐസക്, ഒ രാജഗോപാല്‍ എം എല്‍ എ, പി ആര്‍ ശ്രീജേഷ് എന്നിവരെ പിന്തള്ളിയാണ് മോഹന്‍ലാല്‍ പുരസ്‌കാരം നേടിയത്. പ്രേക്ഷകര്‍ നല്‍കിയ വോട്ടുകള്‍ കണക്കാക്കിയാണ് പുരസ്‌കാരജേതാവിനെ പ്രഖ്യാപിച്ചത്.

എഴുത്തുകാരൻ എം മുകുന്ദനാണ് വാർത്താതാരത്തെ പ്രഖ്യാപിച്ചത്. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, സപ്ലൈകോ ചെയർമാൻ മുഹമ്മദ് ഹനീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.


മനോരമ ന്യൂസ്‌മേക്കര്‍ സംവാദത്തിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതുന്ന രണ്ടാമൂഴം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന്  മോഹൻലാൽ പ്രഖ്യാപിച്ചത്. എന്നാൽ സംവിധായകൻ കമലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് മോഹൻലാൽ ഒഴിഞ്ഞു മാറിയത് വിമർശനങ്ങൾക്കിട വരുത്തിയിരുന്നു.

2006-ലെ ആദ്യ ന്യൂസ് മേക്കർ പുരസ്കാരം വി എസ് അച്യുതാനന്ദനായിരുന്നു. സിനിമാരംഗത്ത് നിന്ന് ന്യൂസ്മേക്കർ പുരസ്കാരം നേടുന്ന രണ്ടാമത്തെയാളാണ് മോഹൻലാൽ. 2014 ലെ ന്യൂസ്മേക്കർ പുരസ്കാരം നടി മഞ്ജു വാര്യർക്കാണ് ലഭിച്ചത്.

പിണറായി വിജയൻ, ജി മാധവൻ നായർ,  റസൂൽ പൂക്കുട്ടി, പ്രീജ ശ്രീധരൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ഇ ശ്രീധരൻ, ഋഷിരാജ് സിംഗ്, ജേക്കബ് തോമസ് എന്നിവരായിരുന്നു മുൻവർഷങ്ങളിൽ ന്യൂസ്മേക്കർ പുരസ്കാരം നേടിയത്.