അച്ഛാ ദിൻ മോഹിച്ചവർക്ക് അയ്യോ ദിൻ... മധ്യവർഗത്തിനും മടുത്തു തുടങ്ങി

ഒഴിവുദിവസങ്ങളില്‍ ഈയുള്ളവൻ പല സുഹൃത്തുക്കളുടെയും ഭവനങ്ങൾ സന്ദർശിച്ച് കുശലാന്വേഷണം നടത്തിയിരുന്നു. നോട്ടു നിരോധനത്തിനു ശേഷം മിഡില്‍ ക്ലാസ്, അപ്പർ മിഡില്‍ ക്ലാസ്, ഹയർ ഇൻകം ഗ്രൂപ്സ് എന്നിവരെ ഈ സാമ്പത്തിക പരിഷ്കരണം എങ്ങനെ ബാധിച്ചു എന്ന് അറിയുകയായായിരുന്നു പ്രധാന ദൗത്യം.

അച്ഛാ ദിൻ മോഹിച്ചവർക്ക് അയ്യോ ദിൻ... മധ്യവർഗത്തിനും മടുത്തു തുടങ്ങി

2016 വരെയുള്ള കാലയളവില്‍ ഏകദേശം നാലുലക്ഷത്തോളം ആദായനികുതി കേസുകൾ ഇന്ത്യയിലാകമാനം കെട്ടിക്കിടക്കുന്നുണ്ട്. നോട്ടു നിരോധനത്തിനുശേഷം നാലു ലക്ഷത്തോളം കോടി കള്ളപ്പണം വിവിധ അക്കൗണ്ടുകളിൽ നിറഞ്ഞു എന്നാണു വാര്‍ത്തകള്‍. റിസര്‍വ് ബാങ്ക് കണക്കുപ്രകാരം ഏകദേശം 30-40 ലക്ഷത്തോളം അക്കൗണ്ടുകളിൽ കൂടിയാണ് ഈ പണം എത്തി ചേര്‍ന്നിട്ടുള്ളത്.

ഇനിയും ഏകദേശം പത്തു ലക്ഷത്തോളം പുതിയ കേസുകൾ വന്നുചേരും എന്നും പ്രതീക്ഷിക്കാം. ഈ കേസുകൾക്ക് ഇപ്പോഴത്തെ സ്ഥിതിയിൽ നോട്ടീസ് അയക്കാന്‍ തന്നെ ഒരു വര്‍ഷമെങ്കിലും വേണ്ടിവരും. ഈ കേസുകൾ തീർപ്പാക്കാൻ ടാക്‌സ് ട്രിബ്യൂണലില്‍ നിന്നും തുടങ്ങി സുപ്രീംകോടതി വരെ ചെന്ന് അവസാന തീർപ്പു വരുമ്പോൾ വർഷം പതിനഞ്ചു കഴിയും. അതു ചിലപ്പോൾ ഇരുപതുമാകാം. ആദായ നികുതി വകുപ്പിന്‍റെ ഇപ്പോഴത്തെ ആൾശേഷി വച്ചു നോക്കുമ്പോൾ അടുത്ത അമ്പതു വര്‍ഷം കൊണ്ടും തീരാൻ പോകുന്നില്ല.


ഇത്രയും കേസുകൾ നടത്താൻ സർക്കാരിന് ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ ചെലവു കണക്കാക്കാം. സർക്കാർ നടത്തുന്ന ടാക്‌സ് കേസുകളിൽ അധികവും കോടതിയില്‍ എത്തുമ്പോള്‍ പരാജയപ്പെടുകയാണുണ്ടാവുക. ഉദാഹരണമായി വോഡാഫോൺ കേസ്. കമ്പനിയ്ക്ക് ഇൻകം ടാക്‌സ് ചുമത്തിയ ഫൈൻ 11000 കോടി. കേസ് ഇഴഞ്ഞിഴഞ്ഞു നീങ്ങി. ഒടുവില്‍ സുപ്രിം കോടതി വിധി പറഞ്ഞു; വോഡാഫോൺ പിഴ ഒടുക്കേണ്ടതില്ല.

നല്ലൊരുഭാഗം ആദായനികുതി കേസുകളുടെയും സ്ഥിതി ഇതാണ്. വരും വർഷങ്ങളിൽ ട്രിബ്യൂണലുകളുടെ എണ്ണം നൂറു മടങ്ങു വർധിക്കും. ഇതു ഫലത്തില്‍ സര്‍ക്കാരിന് അധികചെലവുണ്ടാക്കും. കേസുകൾ എവിടെയും തീർപ്പാകാതെ കെട്ടിക്കിടക്കും... വര്‍ഷങ്ങളോളം...

പണം കൈയിൽ വയ്ക്കുന്നത് നമ്മുടെ നാട്ടിൽ കുറ്റമല്ല. കോടതിയില്‍ ചോദ്യം ചെയ്താൽ ഇളവുകിട്ടും. പണം എവിടെനിന്നു വന്നു എന്ന ചോദ്യത്തിന് നൂറുത്തരം കൊടുക്കാൻ ഇവർക്കു കഴിഞ്ഞെന്നു വരും. ഈ പറഞ്ഞ 4 ലക്ഷത്തോളം കോടി രൂപ വൈറ്റ് കറൻസി ആയി തിരികെ അവരവരുടെ കൈവശം തന്നെയെത്തും. ഒരു കാര്യം ഉറപ്പാണ്. ആലോചിച്ചു ചിന്തിച്ച് എടുത്ത തീരുമാനമല്ല ഈ കാട്ടിക്കൂട്ടുന്നതെല്ലാം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞത് കൂട്ടി വായിക്കാം - ഇതിന്‍റെ ഭവിഷ്യത്ത് വരാനിരിക്കുന്നതേയുള്ളൂ.

ഒഴിവുദിവസങ്ങളില്‍ ഈയുള്ളവൻ പല സുഹൃത്തുക്കളുടെയും ഭവനങ്ങൾ സന്ദർശിച്ച് കുശലാന്വേഷണം നടത്തിയിരുന്നു.  നോട്ടു നിരോധനത്തിനു ശേഷം മിഡില്‍ ക്ലാസ്, അപ്പർ മിഡില്‍ ക്ലാസ്, ഹയർ ഇൻകം ഗ്രൂപ്സ് എന്നിവരെ ഈ സാമ്പത്തിക പരിഷ്കരണം എങ്ങനെ ബാധിച്ചു എന്ന് അറിയുകയായായിരുന്നു പ്രധാനദൗത്യം.

ആദ്യം കണ്ടത് ഒരു നവീൻ കപൂറിനെയാണ്. ഓഡി കാറുകളുടെ നോർത്ത് ഇന്ത്യയിലെ സെയിൽസ് ഹെഡ് ആണ് അദ്ദേഹം. കഴിഞ്ഞ രണ്ടു മാസമായിട്ടു വടക്കൻ മേഖലയിൽ നിന്നും ഒരു കാർപോലും വില്പന നടന്നില്ല എന്ന് കപൂര്‍ പറയുന്നു. മുൻപ് ബുക്ക് ചെയ്തവയില്‍ തൊണ്ണൂറു ശതമാനവും നോട്ട് നിരോധനത്തിനു ശേഷം ക്യാൻസൽ ചെയ്തു. കാര്‍ ഡീലേർസ് അധികവും താത്കാലികമായി എങ്കിലും അടച്ചു പൂട്ടാൻ തയാറായി നില്കുന്നു. ഷോറൂമുകളില്‍ നിന്നും പകുതിയോളം ജീവനക്കാരെ ഇപ്പോള്‍ തന്നെ പിരിച്ചുവിട്ടു കഴിഞ്ഞു.

ഓഡി പ്ലാന്റിൽ ജോലിയെടുക്കുന്ന എല്ലാവര്‍ക്കും എട്ടു മണിക്കൂർ ഷിഫ്റ്റ് നാലു മണിക്കൂറായി കുറച്ചു. നവീൻ ഒരു കാര്യം കൂടി പറഞ്ഞു, തന്റെ സുഹൃത്തു ജോലിചെയ്യുന്ന BMW ലും ഇതേ അവസ്ഥയാണ്. എല്ലാവര്‍ക്കും ഇപ്പോള്‍ പണം ചെലവഴിക്കാന്‍ പേടിയാണ്. നാളെ എന്തു സംഭവിക്കുമെന്നൊന്നും പറയാൻ കഴിയില്ലല്ലോ. നവീന്റെ മകൻ ഡൽഹി യൂനിവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. ദിവസവും കോളേജിൽ പോകുമ്പോൾ 250 രൂപ ചെലവിനു കൊടുത്തിരുന്നതാണ്. ഇപ്പോൾ അത് 75 രൂപയായി കുറച്ചു. വീട്ടിൽ രണ്ടു പേര്‍ സഹായികളായി ഉണ്ടായിരുന്നു ഇപ്പോള്‍ ഒരാളെ മാത്രമേ നിര്‍ത്താന്‍ കഴിയുന്നുള്ളൂ. uber അല്ലെങ്കിൽ ola യില്‍ ജോലിനോക്കാൻ പറഞ്ഞ് ഡ്രൈവറായി ഉണ്ടായിരുന്ന ആളെ ഒരു കാറും നല്‍കി പറഞ്ഞുവിട്ടു.

പവൻ ശർമ്മ റെഡിമേയ്ഡ് ജീൻസ്‌ നിര്‍മ്മാണ ബിസിനസുകാരനാണ്. പല പ്രശസ്തമായ ബ്രാന്‍ഡുകള്‍ക്കും പിന്നെ അദ്ദേഹത്തിന്റെ സ്വന്തം ഉത്‌പന്നങ്ങള്‍ക്കും വേണ്ടി ഇവര്‍ ജീന്‍സ് ഉണ്ടാക്കുന്നു. 140 തൊഴിലാളികൾ പ്രതിദിനം 1200 ജീൻസുകൾ വരെ ഇവിടെ നിര്‍മ്മിയ്ക്കും. ഉത്സവ സീസണില്‍ അത് 3000 വരെ കൂടും. എന്നാല്‍, കഴിഞ്ഞ രണ്ടുമാസമായിട്ട് ഇവരുടെ 150 ജീൻസുകൾ മാത്രമാണ് വിറ്റുപോയത്. മാർക്കറ്റിൽ കൊടുത്ത ജീൻസുകളുടെ പണം ഇനിയും പൂര്‍ണ്ണമായി തിരികെ കിട്ടിയിട്ടുമില്ല. ശീതകാലം ജീൻസിനു വലിയ മാർക്കറ്റ് ഉള്ള സ്ഥലമാണ്, പ്രത്യേകിച്ച് വടക്കേയിന്ത്യയില്‍. തണുപ്പിനെ പ്രതിരോധിക്കാൻ ഇണങ്ങുന്ന വസ്ത്രമാണ് ഇത്. അദ്ദേഹവും പരിപൂർണമായി ചെലവ് ചുരുക്കി...

എല്ലാ ആഴ്ചകളിലും അനാഥാലയത്തിൽ 15000 രൂപയില്‍ കുറയാതെ ഇദ്ദേഹം കൊടുക്കുമായിരുന്നു. ഇപ്പോള്‍ അതു നിലച്ചു... നാലിലൊന്നു ജോലിക്കാരെ നിലനിർത്തി ബാക്കി ഉള്ളവരെയെല്ലാം പറഞ്ഞു വിട്ടു. മൂന്നു കാറുണ്ടായതില്‍ രണ്ടെണ്ണം വില്‍ക്കാന്‍ തീരുമാനിച്ചു. ഇദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. താന്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മോദി സർക്കാർ അധികാരത്തിലെത്താന്‍ പലവീടുകൾ കയറി ഇറങ്ങിയിട്ടുണ്ട്. ഒരു ബൂത്തിലെ ഏജന്റ് കൂടിയായിരുന്നു ഇദ്ദേഹം. മോദി അധികാരത്തിൽ വന്നപ്പോൾ മധുര പലഹാരവും താന്‍ വിതരണം ചെയ്തു.

അതിന്റെ സങ്കടം തീർത്തത് ഇങ്ങനെയായിരുന്നു. ബാറിൽ പോയി രണ്ടെണ്ണമടിച്ച ശേഷം "ഇസ് ബാർ മോഡി" സർക്കാർ എന്ന മുദ്രാവാക്യമടങ്ങിയ പോസ്റ്റര്‍ റോഡിലിട്ടു കത്തിച്ചു.

ലക്നൗ സദേശി റാം ലഖൻ. ഡൽഹിയിൽ സ്ഥിരതാമസമാണ്. തലമുറയായി കാര്‍പ്പറ്റ് നിര്‍മ്മാണമാണ് ബിസിനസ്. വാരണാസിയിൽ നിന്നും നെയ്തെടുത്തു ഡൽഹിയിൽ വില്പന നടത്തുന്ന ഒരു കുടുംബത്തിന്‍റെ മൂന്നാം തലമുറയാണ് ഇദ്ദേഹം. തണുപ്പുകാലം ഇവരുടെ ചാകരയാണ്. പക്ഷെ ഇപ്രാവശ്യം അങ്ങനെയായിരുന്നില്ല. ഇവിടെയും ഏകദേശം ഇരുന്നൂറോളും ജോലിക്കാരെ പറഞ്ഞുവിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ മത്സരിച്ചപ്പോൾ ഒരു മാസത്തോളും പ്രചാരണത്തിനു മെനക്കെട്ടവരില്‍ ഇദ്ദേഹവും ഉണ്ടായിരുന്നു പോലും. ഇങ്ങനെയൊരു തിരിച്ചടി തനിക്കു തന്നെ വരുമെന്നു അദ്ദേഹം ജീവിതത്തിൽ കരുതിയിരുന്നില്ല. ഇദ്ദേഹത്തിന്റെ ഭാര്യ മറ്റൊരു മോദി ആരാധികയാണ്. അവരും ചോദിച്ചത് ഇതാണ് - കുട്ടികളെ ഇനി എങ്ങനെ പഠിപ്പിക്കും എന്ന ആശങ്ക മനസ്സില്‍ വല്ലാതെ ഭീതിയുയര്‍ത്തുന്നു. ഇനി എന്താ ചെയ്യുന്നത് എന്നൊരു പിടിയുമില്ല. ഈയുള്ളവന്റെ മറുപടി ഇത്രമാത്രം- എല്ലാം ശരിയാകും... അല്ലെങ്കില്‍ ശരിയാക്കി തരും... ശരിയാക്കുന്നവനെ മാത്രം മതിയല്ലോ നമുക്ക്!