നജീബിന്റെ തിരോധാനം: ഒരാള്‍ അറസ്റ്റില്‍; പൊലീസ് വാദം തള്ളി നജീബീന്റെ ഉമ്മ

ക്രൈാംബ്രാഞ്ച് സംഘം 35 പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മഹാരാജ്ഗഞ്ചില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായതെന്നു പൊലീസ് പറയുന്നു. അതേസമയം, പൊലീസ് വാദം തള്ളി മൂന്നുമാസമായി സമരത്തിലുള്ള നജീബിന്റെ ഉമ്മ ഫാത്തിമാ നഫീസ് രംഗത്തെത്തി. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഒരു ഫോണ്‍വിളിയെ പറ്റിയും തനിക്കറിയില്ലെന്ന് അവര്‍ അറിയിച്ചു. തനിക്ക് അത്തരത്തില്‍ ഒരു ഫോണ്‍ കോളും ഇതുവരെ വന്നിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് താന്‍ ഇക്കാര്യം അറിയുന്നതുതന്നെ. ഇനി അഥവാ എന്റെ ഭര്‍ത്താവിനു ഇത്തരമൊരു കോള്‍ വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം അതേക്കുറിച്ചു തന്നോടു പറയുമായിരുന്നെന്നും ഫാത്തിമാ നഫീസ് വ്യക്തമാക്കി.

നജീബിന്റെ തിരോധാനം: ഒരാള്‍ അറസ്റ്റില്‍; പൊലീസ് വാദം തള്ളി നജീബീന്റെ ഉമ്മ

ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. നജീബിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട ഷമീന്‍ എന്നയാളാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ നിന്നു ഡല്‍ഹി പൊലിസ് ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. ക്രൈാംബ്രാഞ്ച് സംഘം കൊട്‌വാലി സ്റ്റേഷനിലെ 35 പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മഹാരാജ്ഗഞ്ചില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായതെന്നും കോടതിയില്‍ ഹാജരാക്കിയ ഷമീനെ റിമാന്‍ഡ് ചെയ്തതായും പൊലിസ് അറിയിച്ചു.


അതേസമയം, പൊലീസ് വാദം തള്ളി മൂന്നുമാസമായി സമരത്തിലുള്ള നജീബിന്റെ ഉമ്മ ഫാത്തിമാ നഫീസ് രംഗത്തെത്തി. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഒരു ഫോണ്‍വിളിയെ പറ്റിയും തനിക്കറിയില്ലെന്ന് അവര്‍ അറിയിച്ചു. തനിക്ക് അത്തരത്തില്‍ ഒരു ഫോണ്‍ കോളും ഇതുവരെ വന്നിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് താന്‍ ഇക്കാര്യം അറിയുന്നതുതന്നെ.

ഇതോടെ, അവര്‍ക്കും പൊലീസിനും ഇങ്ങനൊരു വിവരം ലഭിച്ചത് എങ്ങനെയാണെന്നോര്‍ത്തു ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇനി അഥവാ എന്റെ ഭര്‍ത്താവിനു ഇത്തരമൊരു കോള്‍ വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം അതേക്കുറിച്ചു തന്നോടു പറയുമായിരുന്നെന്നും ഫാത്തിമാ നഫീസ് വ്യക്തമാക്കി. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളിയെ പറ്റി ഒന്നും അറിയില്ലെന്നു നജീബിന്റെ സഹോദരി സാദഫ് മുഷറഫും പറഞ്ഞു.

അതേസമയം, അറസ്റ്റിലായ ആളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് പൊലീസ് ജോയിന്റ് കമ്മീഷണര്‍ ( ക്രൈംബ്രാഞ്ച്) രവീന്ദ്ര യാദവ് പറഞ്ഞു. 2016 ഒക്ടോബര്‍ 14നു രാത്രിയാണ് ജെഎന്‍യു എംഎസ്‌സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ കോളേജിലെ മഹി-മാണ്ഡവി ഹോസ്റ്റലില്‍ നിന്നും കാണാതായത്.

ഹോസ്റ്റലില്‍ വച്ച് നജീബിന് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നതായും ഇതേ തുടര്‍ന്ന് അന്നു രാത്രി അവനെ കാണാതാവുകയായിരുന്നുവെന്നുമാണ് പരാതി. നജീബിന്റെ തിരോധാനത്തില്‍ സര്‍വ്വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നജീബിന്റെ ഉമ്മയും സഹോദരങ്ങളും ജെഎന്‍യു വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ ഇപ്പോഴും ഡല്‍ഹിയില്‍ സമരത്തിലാണ്. ഐസയുടെ സജീവ പ്രവര്‍ത്തകനായിരുന്നു നജീബ്.

Read More >>