വഴക്ക് വേണ്ട; മലയാള സിനിമയ്ക്ക് പുതിയ നിയമനിർമ്മാണം: എ കെ ബാലൻ

മലയാള സിനിമാ വ്യവസായത്തിനെ സംരക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായുള്ള കമ്മിറ്റി സർക്കാരിന് നൽകിയിരുന്നു. ആ റിപ്പോർട്ട് അടിസ്ഥാനമാക്കി ആയിരിക്കും നിയമനിർമ്മാണം നടത്തുക എന്ന് മന്ത്രി എ കെ ബാലൻ.

വഴക്ക് വേണ്ട; മലയാള സിനിമയ്ക്ക് പുതിയ നിയമനിർമ്മാണം: എ കെ ബാലൻ

മലയാള ചലച്ചിത്ര രംഗത്ത് പുതിയ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ പറഞ്ഞു. ജനുവരി 25 നു തിരുവനന്തപുരത്ത് ഇതിനെ സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

അടൂർ ഗോപലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രണ്ട് വർഷങ്ങൾക്ക് മുമ്പ് സർക്കാരിന് സമർപ്പിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. മലയാള സിനിമാമേഖലയെ സംരക്ഷിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമായി രൂപം കൊടുത്ത കമ്മിറ്റി ആയിരുന്നു അടൂരിന്റെ നേതൃത്വത്തിൽ പഠനം നടത്തിയത്.


അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ തിയേറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുണ്ടായ തർക്കമാണ് സമഗ്രമായ നിയമനിർമ്മാണത്തിന് പ്രേരിപ്പിച്ചത്.

വിനോദനികുതിയിൽ പഴുതുകൾ ഉണ്ടാക്കുന്ന ഓൺ ലൈൻ ടിക്കറ്റ് വില്പനയുൾപ്പടെയുള്ള വിഷയങ്ങൾ നിയമനിർമ്മാണത്തിൽ സ്ഥാനം പിടിയ്ക്കും.

“സിനിമാ തിയേറ്ററുകളിൽ നിന്നും വരുന്ന കളക്ഷൻ റിപ്പോർട്ടുകൾ എല്ലാം മായം ചേർത്തവയാണ്. തിയേറ്ററുകൾ കുറഞ്ഞത് മൂന്ന് തരത്തിലുള്ള അക്കൗണ്ടുകൾ സൂക്ഷിക്കുന്നുണ്ട്. കൃത്യമായ കണക്കുകൾ ഉള്ള ഒരെണ്ണം അവരുടെ ആവശ്യത്തിന്, നിർമ്മാതാക്കൾക്ക് കൊടുക്കാൻ ഒരെണ്ണം, സർക്കാരിനായി മറ്റൊരെണ്ണം എന്നിങ്ങനെ. എല്ലാ തിയേറ്ററുകളും അങ്ങിനെ മായം ചേർക്കുന്നെന്ന് പറയുന്നില്ല,” മന്ത്രി ബാലൻ പറഞ്ഞു.

സംസ്ഥാനത്തുടനീളം സിനിമാ തിയേറ്ററുകൾ നവീകരിക്കാനുള്ള പദ്ധതിയും ഉണ്ടെന്ന് മന്ത്രി അറിയിച്ചു. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലും 100 സർക്കാർ സിനിമാ തിയേറ്ററുകൾ തുടങ്ങാൻ പദ്ധതിയുണ്ട്. ഇതിനായി 100 കോടി രൂപ സമാഹരിക്കും. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ആയിരിക്കും പ്രൊജക്റ്റിന് നേതൃത്വം നൽകുക.

സംസ്ഥാനം മുഴുവനും പുതിയ സിനിമകൾ റിലീസ് ചെയ്യാനുള്ള ആശയവും സർക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. പുതിയ സിനിമകൾ ലഭിക്കാത്തത് കൊണ്ടാണ് ഗ്രാമീണ മേഖലകളിലെ തിയേറ്ററുകൾ അപ്രത്യക്ഷമാകുന്നത് എന്ന കാരണം ആണ് ഈ ആശയത്തിന്റെ പിന്നിൽ.