ഭക്ഷണം മോശമാണെന്ന ആരോപണത്തില്‍ കഴമ്പില്ല; ജവാനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ജവാന്റെ ആരോപണം തള്ളിയുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനു സമര്‍പ്പിച്ചിരിക്കുകയാണ്. തെളിവു സഹിതം ഉന്നയിച്ച പരാതി തള്ളി നേരത്തെ ബിഎസ്എഫ് അധികൃതരും കരസേനാ മേധാവിയും രംഗത്തെത്തിയതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

ഭക്ഷണം മോശമാണെന്ന ആരോപണത്തില്‍ കഴമ്പില്ല; ജവാനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

അതിര്‍ത്തിയിലെ സൈനികര്‍ക്കു ലഭിക്കുന്നതു മോശം ഭക്ഷണമാണെന്ന ബിഎസ്എഫ് ജവാന്റെ ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനു ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജവാന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും സൈനികര്‍ക്കു നല്‍കുന്നതു മികച്ച ഭക്ഷണമാണെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
മോശം കാലാവസ്ഥയിലും വേണ്ടത്ര സൗകര്യവും സജ്ജീകരണങ്ങളുമില്ലാതെയാണ് അതിര്‍ത്തി സേന കഴിയുന്നതെന്നും ആവശ്യത്തിനു പരിഗണനയോ നല്ല ഭക്ഷണമോ സേനാംഗങ്ങള്‍ക്കു ലഭിക്കാറില്ലെന്നും വ്യക്തമാക്കി ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തങ്ങള്‍ക്കു ലഭിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും ഇദ്ദേഹം കാണിച്ചിരുന്നു.

11 മണിക്കൂര്‍ നേരം തുടര്‍ച്ചയായി മഞ്ഞും മഴയും വെയിലും സഹിച്ചുനിന്ന ശേഷം ഒന്നും കഴിക്കാന്‍ കിട്ടാതെ കാലി വയറുമായാണ് പലപ്പോഴും ഉറങ്ങാന്‍ പോകുന്നതെന്നും സൈനികന്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്കുള്ള ഭക്ഷണം ഉന്നത ഉദ്യോഗസ്ഥര്‍ ചന്തയില്‍കൊണ്ടുപോയി വില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വീഡിയോ വൈറലായതോടെ, സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടു വിശദീകരണം തേടുകയായിരുന്നു. ഇതോടൊപ്പം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.

അതേസമയം, സേനയിലെ ദുരിതങ്ങള്‍ക്കെതിരെ രംഗത്തുവന്ന തേജ് ബഹാദൂര്‍ യാദവിനെ കള്ളുകുടിയനാക്കി ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹം സ്ഥിരം മദ്യപനും പ്രശ്‌നക്കാരനും ആണെന്നായിരുന്നു ബിഎസ്എഫിന്റെ ഭാഷ്യം. ഇതോടൊപ്പം, കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ജവാനെതിരെയാണു പ്രതികരിച്ചത്. സൈനികര്‍ പ്രശ്നങ്ങളും പരാതികളും ആഭ്യന്തരമായി തന്നെ ഉന്നയിച്ച് പരിഹാരം കാണണമെന്നും അതിനുള്ള സംവിധാനം ഉണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സോഷ്യല്‍ മീഡിയകള്‍ വഴി പരാതികള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും കരസേനാ മേധാവി ആവശ്യപ്പെട്ടിരുന്നു.

ബഹാദൂര്‍ യാദവിനുപിന്നാലെ തൊട്ടടുത്ത ദിവസം തന്നെ തേജ് സിങ് എന്ന ജവാനും ഇതേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അര്‍ധ സൈനികര്‍ക്ക് വേണ്ട ആനുകൂല്യങ്ങളോ വൈദ്യസഹായങ്ങളോ ലഭിക്കുന്നില്ലെന്നും കാന്റീന്‍ പോലുമില്ലെന്നുമായിരുന്നു രാജസ്ഥാനിലെ മൗണ്ട് അബുവിലെ ജവാനായ തേജ് സിങ്ങിന്റെ പരാതി.

Read More >>