എസ്എഫ്ഐ അങ്ങനെയെങ്കിൽ ജാതിസംഘടന ഇങ്ങനെ അഥവാ സ്വത്വവാദം ഡാ!

എസ്എഫ്ഐക്ക് ക്യാമ്പസിലെ ഏക സംഘടനയാവണം. ചേരമർ സാംബവർ ഡവലപ്മെന്റ് സൊസൈറ്റിക്ക് ചേരമരുടെ ഏക സംഘടനയാവണം. എസ്എഫ്ഐ ഒരു വിദ്യാർത്ഥിയെ തല്ലി. ചേരമർ സാംബവർ ഡവലപ്മെന്റ് സൊസൈറ്റി ഒരു ജില്ല മൊത്തം കൈക്കരുത്ത് കാട്ടി.

എസ്എഫ്ഐ അങ്ങനെയെങ്കിൽ ജാതിസംഘടന ഇങ്ങനെ അഥവാ സ്വത്വവാദം ഡാ!

എംജി സർവ്വകലാശാലയിലെ സംഭവത്തെക്കുറിച്ച് ഒന്നുമെഴുതിയിരുന്നില്ല. സ്വാശ്രയ കോളജ് കത്തിനിൽക്കുമ്പോൾ വിഷയം മാറേണ്ടെന്നുകരുതി വിട്ടതാണ്. അല്ലെങ്കിലും ജാതി അതിക്രമങ്ങളെ നിങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ (സവർണർ എന്ന് വായിക്കുക) കാണാതെപോകലാണല്ലോ പതിവ് എന്ന കുറ്റപ്പെടുത്തൽ ഇപ്പോഴേ കേൾക്കാം.

എന്നാൽ ഇതങ്ങനെയല്ല. എസ്എഫ്ഐ അക്രമം ആണ് ഫോക്കസ്. സ്വാശ്രയ കോളജുകൾക്കെതിരെ വയലൻസ് ഉണ്ടാകുന്നതിൽ ഉള്ളാലെ ഹരംകൊണ്ടിരിക്കുമ്പോഴാണ് എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു വയലൻസ് വാർത്ത എംജിയിൽ നിന്നു കേൾക്കുന്നത്. മറ്റക്കരയിലെ തിളക്കത്തെ ഒഴുക്കിക്കളയുന്ന നിലയിലേക്ക് ഒരു ക്യാമ്പസിലെ ഏതോ ഒരു വിദ്യാർത്ഥിക്കു നേരെയുണ്ടായ കൈയേറ്റം പർവ്വതീകരിക്കുന്നതിൽ ന്യായം കണ്ടില്ല.


കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥി സംഘട്ടനം എന്നതു പുതിയ കാര്യമല്ല. വയലൻസ് ആവശ്യമായ സന്ദർഭങ്ങൾ ഉണ്ടാകാം എന്ന അഭിപ്രായം ഉള്ളപ്പോഴും ക്യാമ്പസിൽ മിക്കപ്പോഴും അനാവശ്യമായ വയലൻസ് ആണ് ഉണ്ടാവാറുള്ളത്. വിദ്യാർത്ഥിസംഘടനാപ്രവർത്തന കാലയളവിൽ അത്തരം വയലൻസ് ഒഴിവാക്കാൻ ശ്രമിച്ചിട്ടുള്ളയാളെന്ന നിലയിൽ അവയെ അംഗീകരിക്കാനുമില്ല.വിവേക് കുമാരനു നേരെയുണ്ടായ അക്രമത്തിന്റെ മൂലകാരണം ഈർഷ്യയാവാനാണു സാധ്യത. സംഘടനാപരമായ മറ്റൊരു സാധ്യതയ്ക്കു വേദി തുറന്നിടുന്ന ഒരാളോടുള്ള ഈർഷ്യ. അതിനെ കഞ്ചാവു കച്ചവടത്തിലേക്കു കെട്ടുമ്പോഴേ ബുദ്ധിയുള്ളവർക്ക് ഊഹിക്കാവുന്ന കാര്യമാണിത്. ഏതായാലും കഞ്ചാവു കച്ചവടത്തെ നേരിടാനുള്ള പൊലീസ് സേനയായി എസ്എഫ്ഐയെ ആരും ചുമതലയേൽപ്പിച്ചിട്ടില്ലല്ലോ. ക്യാമ്പസിൽ ആരും ഇതേവരെ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല എന്ന ശുദ്ധിവാദം കൂടി ഒപ്പം വയ്ക്കാഞ്ഞതു കുറച്ചിലായിപ്പോയി!

പ്രതിയോഗിയെ കണ്ടെത്തുന്ന കാര്യത്തിൽ എസ്എഫ്ഐക്കാർ പരിതാപകരമായ വീഴ്ചയാണു വരുത്തിയത്. തിരിച്ചുകടിക്കാത്തിടം എന്ന ധാരണയിലാവണം വിവേക് കുമാരനെ ആക്രമിച്ചത്. അതല്ലാതെ അതിനൊരു ജാതീയ പശ്ചാത്തലം ഉള്ളതായി സത്യമായും തോന്നുന്നില്ല. വിവേക് കുമാരൻ ദളിതനല്ല, ദ്വിജനായിരുന്നാലും എസ്എഫ്ഐയുടെ അക്രമത്തിനു പിന്നിലെ കുയുക്തി വേറൊന്നാകാൻ സാധ്യതയില്ല.


സംഘടനാപരമായ അപ്രമാദിത്വം നൽകുന്ന അധികാരത്തിനു നേരെയുള്ള വെല്ലുവിളിയെ ആ സംഘടനയെന്നല്ല, അത്തരം സ്ഥാനങ്ങളിൽ നിൽക്കുന്ന യുവാക്കളുടേതായ ഏതു സംഘടനയും ഇങ്ങനെയൊക്കെയേ നേരിടൂ. അതു ശരിയാണെന്നല്ല. തികച്ചും ഒഴിവാക്കേണ്ടതാണ്. പക്ഷെ അതിൽ സൗകര്യപൂർവ്വം ദളിത് അതിക്രമം എന്ന ടാഗ് തൂക്കുന്നത് ഗുണത്തിനു വേണ്ടിയല്ല. എസ്എഫ്ഐ നടത്തിയതിനേക്കാൾ (നടത്തിയെന്നതിന് എസ്എഫ്ഐ യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവന തന്നെ സാക്ഷ്യം) കായബലം കൂടിയ വയലൻസ് ആണത്.

ഇനി ദളിതനാണെന്ന വസ്തുതയാണ് അക്രമത്തിനു ഹേതുവെങ്കിൽ ഒപ്പം അക്രമിക്കപ്പെട്ട മറ്റു രണ്ടുപേരുടെ പേരുകളും ജാതിയും അവർ പഠിക്കുന്ന കോഴ്സുമൊന്നും ഒരു ചർച്ചയിലും ഉയർന്നുകാണാത്തതെന്താവും? അവർ ദളിതരായിരിക്കില്ലേ? അവർ വിദ്യാർത്ഥികളാവില്ലേ? അവർക്ക് ക്യാമ്പസിൽ എന്തായിരുന്നിരിക്കാം ഇടപാട്? സംശയങ്ങളുണ്ട്.

അക്രമത്തിനെതിരെ കോട്ടയം ജില്ലയിൽ ചേരമർ സാംബവർ ഡവലപ്മെന്റ് സൊസൈറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. മാർഗം കൂടിയവരാണ് ഈ സംഘടനയ്ക്കു നേതൃത്വം നൽകുന്നത് എന്നു കേട്ടിരുന്നു. എന്തായാലും ജിഗ്നേഷ് മേവാനിയെ അടക്കം കൊണ്ടുവന്ന് വലിയ നിലയിലുള്ള പൊതുയോഗങ്ങൾ നടത്തി സാന്നിദ്ധ്യം പ്രകടമാക്കിയ പുതുതലമുറ ജാതി സംഘടനയാണ് ചേരമർ സാംബവർ ഡവലപ്മെന്റ് സൊസൈറ്റി.

ഒരു സർവകലാശാലാ ക്യാമ്പസിൽ നടന്ന വിദ്യാർത്ഥി സംഘട്ടനത്തെത്തുടർന്ന് ഒരു ജില്ല മുഴുവൻ ഹർത്താലിന് ആഹ്വാനംചെയ്തതും സമീപകാല ഹർത്താലുകളിൽനിന്നു വ്യത്യസ്തമായി വ്യാപകമായി പൊതുഗതാഗത സംവിധാനത്തിനെതിരെ അക്രമങ്ങളുണ്ടായതും ഊർദ്ധ്വശ്വാസം വലിക്കുന്ന കോർപ്പറേഷൻ വണ്ടികളുടെ ചില്ല് തകർക്കപ്പെടുന്നു എന്നതും അതേത്തുടർന്ന് കെഎസ്ആർടിസി സർവ്വീസ് നിർത്തിവയ്ക്കുന്നു എന്നതും ഹർത്താൽ തുടങ്ങിയ ഉടനറിഞ്ഞ കാര്യങ്ങൾ. ഒരുപക്ഷെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗ്യാരിജിൽ കയറി ആർഎസ്എസുകാർ ബസുകൾ എറിഞ്ഞുതകർക്കുകയും രാജേഷ് എന്ന കണ്ടക്റ്ററെ കൊല്ലുകയും ചെയ്ത സംഭവത്തിനു ശേഷം ഇതാദ്യമാകാം കെഎസ്ആർടിസി ടാർഗറ്റ് ചെയ്യപ്പെടുന്നത്.

[caption id="" align="aligncenter" width="550"] അംബേദ്ക്കര്‍ സ്റ്റുഡന്‍റ് ഫോറത്തിന്റെ പ്രസ്താവന[/caption]

സ്വത്വവാദം തലയിലേറ്റിയവർ സിപിഎമ്മും ആർഎസ്എസും ഒക്കെ ഹർത്താൽ നടത്തുന്നില്ലേ, പിന്നെ അവർക്കു മാത്രം ഹർത്താൽ നടത്തിയാൽ എന്താണു പ്രശ്നം എന്നൊക്കെ ചോദിച്ചു തുടങ്ങിയിരിക്കണം. എങ്കിലും ഏറ്റവും കുറഞ്ഞത്, വിവേകിനു നേരെയുണ്ടായതിനേക്കാൾ ബലമുള്ളതാണ് ആ സംഘടന സമൂഹത്തിനുമേലെ പ്രയോഗിക്കുന്ന ബലമെന്ന ലളിതസത്യം അവർ മനസ്സിലാക്കാൻ വിസമ്മതിക്കും.

എസ്എഫ്ഐക്ക് ക്യാമ്പസിലെ ഏക സംഘടനയാവണം. ചേരമർ സാംബവർ ഡവലപ്മെന്റ് സൊസൈറ്റിക്ക് ചേരമരുടെ ഏക സംഘടനയാവണം. എസ്എഫ്ഐ ഒരു വിദ്യാർത്ഥിയെ തല്ലി. ചേരമർ സാംബവർ ഡവലപ്മെന്റ് സൊസൈറ്റി ഒരു ജില്ല മൊത്തം കൈക്കരുത്ത് കാട്ടി.

സ്വത്വവാദം ഡാ!