2016 ല്‍ ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞത് മേഗന്‍ മാര്‍ക്കലിനെ

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ജെന്നിഫര്‍ ലോറന്‍സിനേക്കാളും ആന്‍ഞ്ചലീനാ ജോളിയേക്കാളും ലോകം 2016 ല്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത് ഹാരി രാജകുമാരന്റെ കാമുകിയും അമേരിക്കന്‍ താരവുമായ മേഗന്‍ മാര്‍ക്കലിനെ.

2016 ല്‍ ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞത് മേഗന്‍ മാര്‍ക്കലിനെ

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ജെന്നിഫര്‍ ലോറന്‍സിനേക്കാളും ആന്‍ഞ്ചലീനാ ജോളിയേക്കാളും ലോകം 2016 ല്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത് ഹാരി രാജകുമാരന്റെ കാമുകിയും അമേരിക്കന്‍ താരവുമായ മേഗന്‍ മാര്‍ക്കലിനെ. ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കിയ പട്ടികയിലാണ് ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ വനിതാ താരമായി മേഗന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയില്‍ സംപ്രേഷണം ചെയ്യുന്ന സ്യൂട്‌സ് എന്ന സീരിയലില്‍ റേച്ചര്‍ സെയിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഖ്യാതി നേടിയ മാര്‍ക്കല്‍ ബ്രീട്ടീഷ് രാജകുമാരന്‍ ഹാരിയുമായി ഉണ്ടായ അടുപ്പത്തിന്റെ പേരിലാണു ലോക ശ്രദ്ധയാകര്‍ഷിച്ചത്.


അമേരിക്കയിലെ അറിയപ്പെടുന്ന ബ്ലോഗറും കൂടിയാണ് മേഗന്‍ മാര്‍ക്കല്‍. സ്യൂട്‌സിന്റെ ചിത്രീകരണത്തിനിടയില്‍ വച്ചാണ് ആദ്യമായി ഹാരി മേഗനെ പരിചയപ്പെടുന്നത്. കഴിഞ്ഞ നംവബറിലാണ് മേഗനുമായി താന്‍ അടുപ്പത്തിലാണെന്നു 32 കാരനായ ഹാരി രാജകുമാരന്‍ തുറന്നു സമ്മതിക്കുന്നത്. അതിനു മുമ്പേ തന്നെ മാധ്യമങ്ങള്‍ ഇവരുടെ പ്രണയം ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു.

വിവാഹമോചിതയായ 35 കാരിയായ താരം ഹാരി രാജകുമാരനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഹര്‍ഷാരവത്തോടയല്ല ലോകം കേട്ടത്. സോഷ്യല്‍ മീഡിയയില്‍
ഈ ബന്ധത്തിന്റെ പേരില്‍ പല അധിക്ഷേപങ്ങളും മേഗന്‍ കേള്‍ക്കേണ്ടതായി വന്നു. ആക്രമണം രൂക്ഷമായതോടെ മേഗന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു പിന്‍വലിഞ്ഞു. നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങള്‍ നിന്നു തന്നെ തുടങ്ങട്ടെയെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു സോഷ്യല്‍മീഡിയയില്‍ തിരിച്ചെത്തിയ മേഗനെ പിന്തുണയ്ക്കാനും ആളുണ്ടായി.

ഹാരിയുമായുളള ബന്ധം പുറം ലോകം അറിഞ്ഞതോടെ നടിയെത്തുന്ന സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്താന്‍ തുടങ്ങി. കാമുകിയ്ക്കു വേണ്ടി ഹാരി രാജകുമാരന്‍ പ്രത്യേക സുരക്ഷ ഒരുക്കിയതും വാര്‍ത്തയായി.മെഗന്‍ രാജകുമാരന്റെ കാമുകിയാണെന്നും അവരുടെ സ്വകാര്യ ജീവിതത്തില്‍ മാധ്യമങ്ങള്‍ ഇടപെടാതെ സ്വസ്ഥമായി ജീവിക്കാന്‍ അവരെ അനുവദിക്കണമെന്നും കാണിച്ച് കെന്‍സിങ്ടണ്‍ കൊട്ടാരം നംവബര്‍ 08. 2016 ന് ഔദ്യോഗിക കുറിപ്പ് ഇറക്കുകയും ചെയ്തു.