ജോലിക്കായി എത്തിയ തന്നെ ഗവര്‍ണര്‍ അപമാനിച്ചു എന്ന് യുവതിയുടെ മൊഴി

തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖനാഥന്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുമ്പോള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു.

ജോലിക്കായി എത്തിയ തന്നെ ഗവര്‍ണര്‍ അപമാനിച്ചു എന്ന് യുവതിയുടെ മൊഴി

കഴിഞ്ഞ നവംബറില്‍ മേഘാലയ ഗവര്‍ണര്‍ വി.ഷണ്മുഖനാഥന്‍ ഒരു യുവതിയെ തന്റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയിരുന്നു. ഒരു ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖമാണ് ലക്ഷ്യം എന്നായിരുന്നു യുവതിക്ക് ലഭിച്ച അറിയിപ്പ്. ഗവര്‍ണറുടെ അറിയിപ്പ് ലഭിച്ച പ്രകാരം അവിടെയെത്തിയ യുവതിക്ക് പക്ഷെ പിന്നീട് നേരിടേണ്ടി വന്നത് അവളുടെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന സംഭവവികാസങ്ങളായിരുന്നു.

"ഞാന്‍ അവിടെ ചെന്നു...അയാള്‍ എന്നോട് എന്റെ വ്യക്തിപരമായ പല കാര്യങ്ങളും ആരാഞ്ഞു. പൊടുന്നനവേ അയാള്‍ അടുത്തെത്തി ബലാല്‍ക്കാരമായി എന്നെ ആലിംഗനം ചെയ്തു ചുംബിച്ചു."

യുവതി എന്‍ഡിടിവിയ്ക്ക് എഴുതി ഒപ്പിട്ടു നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു.
ഇതോടെ ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ വിവരിച്ചിരിക്കുന്നതിന് സാധുതയുണ്ടായിരിക്കുകയാണ്.

യുവതിക്ക് നേരിടേണ്ടിവന്ന അപമാനകരമായ അനുഭവം പുറത്തുവന്നതോടെ ഗവര്‍ണറിന്റെ വസതിയിലെ 98 ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയാതോടെയാണ് രാജ്ഭവനില്‍ നടത്തിവന്ന ഇരുണ്ട പ്രവര്‍ത്തികള്‍ പുറംലോകം അറിഞ്ഞത്.

ഗവര്‍ണര്‍ ഷണ്മുഖനാഥിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്.

ജീവനക്കാരുടെ പരാതിയിന്മേല്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ 67 കാരനായ വി.ഷണ്മുഖനാഥിന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നു.

ഗുവാഹത്തിയിലെ 'കമാഖ്യക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഷണ്മുഖനാഥ് സ്ഥാനമേറ്റത്. ഇന്ന് സ്ഥാനം ഒഴിയുമ്പോഴും അതേ ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷമാണ് ഇദ്ദേഹം സംസ്ഥാനം വിട്ടു ഡല്‍ഹിയിലേക്ക് പോയത്.

തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖനാഥന്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുമ്പോള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു.

ഗവര്‍ണര്‍ പദവി ഒഴിഞ്ഞതിനാല്‍ ഇനി ഷണ്‍മുഖനാഥിനെതിരെ ലഭിച്ച ഭീമമായ പരാതിയില്‍ ഉടനടി നടപടി എടുക്കേണ്ടതായി വരില്ല എന്നതും കേന്ദ്രസര്‍ക്കാരിന് ആശ്വാസം നല്‍കും.

രാജ് ഭവന്റെ അഭിമാനത്തെയാണ് ഗവര്‍ണര്‍ മോശപ്പെടുത്തിയത്. ഇദ്ദേഹം ചുമതലയേറ്റതിനു ശേഷം രാജ് ഭവന്‍ ലേഡീസ് ക്ലബ് ആയി മാറിയിരിക്കുകയാണ് എന്നായിരുന്നു രാജ്ഭവന്‍ ജീവനക്കാരുടെ പരാതി.

ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് സ്ത്രീകളെ മാത്രമേ നിയമിക്കുന്നുള്ളൂ. ഗവര്‍ണര്‍ തന്നെ നേരിട്ട് അഭിമുഖം നടത്തുകയാണ് പതിവ്. പല സ്ത്രീകള്‍ക്കും ഗവര്‍ണറുടെ കിടപ്പറയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരുന്നു എന്നും ജീവനക്കാര്‍ പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

ജീവനക്കാരെ അപമാനിക്കുകയും വേട്ടയാടുകയും ചെയ്യുന്നത് ഗവര്‍ണര്‍ പതിവാക്കിയിരുന്നു. ഇത്തരത്തിലുള്ള മാനസികസമ്മര്‍ദ്ദത്തിന്റെ ആധിക്യത്താല്‍ ഒരു ഡെപ്യൂട്ടി സെക്രട്ടറി മസ്തിഷ്കാഘാതത്തില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് തുടങ്ങി അതീവ ഗുരുതരമായ കാര്യങ്ങളാണ് ജീവനക്കാര്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Story by
Read More >>