അഴിമതിയ്‌ക്കെതിരെ നിലപാടെടുത്ത ഉദ്യോഗസ്ഥനു നേരെ വാളോങ്ങി മാദ്ധ്യമങ്ങള്‍; സ്വാധീനത്തിനു വഴങ്ങി ഓച്ഛാനിച്ചു നില്‍ക്കാനില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയറുടെ തുറന്ന കത്ത്

മംഗളം, കേരള കൗമുദി, കലാകൗമുദി ആഴ്ചപ്പതിപ്പ് എന്നിവയുടെ പത്രാധിപര്‍ക്കാണു മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഏലൂര്‍ സര്‍വൈലന്‍സ് സെന്ററിലെ എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം പി തൃദീപ്‌കുമാര്‍ തുറന്ന കത്തെഴുതിയിരിക്കുന്നത്. പെരിയാറിലേക്ക് മലിനജലം ഒഴുക്കിവിട്ട സിഎംആര്‍എല്‍ കമ്പനിയ്‌ക്കെതിരെ നടപടിയെടുത്തത് മുതലാണ് തൃദീപ്‌കുമാര്‍ നോട്ടപ്പുള്ളിയായി മാറിയത്. എളിയ നിലയില്‍ നിന്നും കഷ്ടപ്പെട്ട് പഠിച്ച് വളര്‍ന്നു വന്ന താന്‍ സ്വാധീനത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ തയ്യാറല്ലെന്ന ധീരമായ നിലപാടാണ് തൃദീപ്‌കുമാറിന്റേത്.

അഴിമതിയ്‌ക്കെതിരെ നിലപാടെടുത്ത ഉദ്യോഗസ്ഥനു നേരെ വാളോങ്ങി മാദ്ധ്യമങ്ങള്‍; സ്വാധീനത്തിനു വഴങ്ങി ഓച്ഛാനിച്ചു നില്‍ക്കാനില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയറുടെ തുറന്ന കത്ത്

2016 സെപ്റ്റംബര്‍ 23നു പെരിയാറിലേക്ക് അനധികൃതമായി മലിനജലമൊഴുക്കിയതിന് ഏലൂര്‍ സിഎംആര്‍എല്‍ കമ്പനിയ്‌ക്കെതിരെ എംപി തൃദീപ്‌കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്  ഇദ്ദേഹത്തെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. അതിനു ശേഷം കേരളകൗമുദി, മംഗളം പത്രങ്ങളിലും കേരളകൗമുദി ആഴ്ചപതിപ്പിലും തൃദീപ്കുമാറിനെതിരെ തുടര്‍ച്ചയായി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.


ഏലൂരിലെ പരിസ്ഥിതി പ്രവര്‍ത്തകരേയും തൃദീപ്‌കുമാറിനേയും വിമര്‍ശിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച കലാകൗമുദി ആഴ്ചപതിപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫീസുകളില്‍ സൗജന്യമായി വിതരണം ചെയ്തിരുന്നെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പത്രാധിപന്‍മാര്‍ക്കു തൃദീപ്‌കുമാര്‍ തുറന്ന കത്തെഴുതിയത്. തന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല വന്‍കിട കമ്പനികളും സ്ഥിരമായി നടത്തിവന്നിരുന്ന മലിനീകരണത്തിനെതിരെ ഉത്തരവാദിത്തോടെ നടപടി സ്വീകരിക്കേണ്ടി വന്നത് പൊതുജനത്തെ യജമാനന്‍ ആയി കരുതുന്നതിനാലാണെന്നു തൃദീപ്‌കുമാര്‍ പറയുന്നു.

എന്നാല്‍ പത്രങ്ങളിലെ സ്ഥിരമായ താറടി വാര്‍ത്തകള്‍ കണ്ടപ്പോള്‍ നമ്മുടെ നാടിന് ഇനിയും സ്വാതന്ത്ര്യം കിട്ടിയിട്ടില്ലയോ എന്നു തോന്നിപ്പോകുന്നുവെന്ന് കത്തില്‍ തൃദീപ്‌കുമാര്‍ പറയുന്നു. പണവും സ്വാധീനവുമുണ്ടെങ്കില്‍ ഏതു ഭരണക്രമത്തേയും അധികാരികളേയും ആശ്രിതരാക്കാമെന്നും ഓച്ഛാനിച്ചു നില്‍ക്കാത്തവരെ താറടിയ്ക്കാന്‍ ഏതു മാദ്ധ്യമത്തേയും ലഭിക്കുമെന്നും തനിക്കു മനസ്സിലായെന്ന് അദ്ദേഹം ആരോപിക്കുന്നു. നിങ്ങള്‍ കൂലിക്കെഴുതി, നിങ്ങളുടെ യജമാനന്റെ ആളുകള്‍ നാടുനീളെ വിതരണം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ ലക്ഷ്യം എന്താണെന്നും തൃദീപ്‌കുമാര്‍ ചോദിക്കുന്നു.
''ഞാനറിയാതെ എന്റെ ജീവചരിത്രം എഴുതലോ? സമസ്തരും വഴങ്ങിയിട്ടും യജമാനനു വഴങ്ങാത്തവനെ കപടപരിസ്ഥിതി വാദികളോടൊപ്പം ചേര്‍ക്കാനോ? ദക്ഷിണേന്ത്യ, ഉത്തരേന്ത്യ, വിദേശലോബികളുടെ ആളാക്കി ചിത്രീകരിക്കാനോ? ഭീകരപ്രവര്‍ത്തകനായി ചിത്രീകരിക്കാനോ? സകല ദുര്‍ഗുണസമ്പന്നനാക്കി മാറ്റാനോ?-
തൃദീപ്‌കുമാറിന്റെ കത്തില്‍ നിന്ന്.

എളിയ നിലയില്‍ നിന്നും കഷ്ടപ്പെട്ടു പഠിച്ചു വളര്‍ന്നു വന്നവനാണു താന്‍. സ്വാധീനത്തിനു വഴങ്ങി ഓച്ഛാനിച്ചു നില്‍ക്കാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നില്ല, തന്റെ മനഃസാക്ഷിയും. നിങ്ങളുടെ യജമാനന്റെ സ്വാധീനത്തില്‍ നിങ്ങളെഴുതുന്ന ദുഷിപ്പില്‍ തന്റെ മാനം നഷ്ടപ്പെടില്ലെന്നും, കാലവും സത്യവും നിങ്ങള്‍ക്ക് മാപ്പു തരില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

തൃദീപ്‌കുമാറിനു ജേക്കബ് തോമസിന്റെ പ്രശംസ


അഴിമതിയ്‌ക്കെതിരെ പോരാടിയതിനാല്‍ മറ്റുള്ളവരുടെ വേട്ടയാകലിനു വിധേയനാകേണ്ടി വന്ന തൃദീപ്‌കുമാറിന്റെ സ്ഥിതി ദയനീയമാണെന്നു വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. ശരിയായ നിലപാട് എടുത്തതിന്റെ പേരില്‍ പലഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉയരും എന്നറിഞ്ഞുകൊണ്ടു തന്നെ തന്റെ മനഃസാക്ഷിയോടൊപ്പം നിലകൊള്ളുന്ന ഇത്തരം വ്യക്തികളുള്ളതുകൊണ്ടാണു നമ്മുടെ സമൂഹം കുറച്ചെങ്കിലും ആശ്വാസം കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

[caption id="attachment_75134" align="aligncenter" width="501"] ജേക്കബ് തോമസ് എഴുതിയ ലേഖനം[/caption]

എന്നാല്‍ ജേക്കബ് തോമസിനെ പറ്റിച്ച കുറുക്കന്‍ എന്ന തലക്കെട്ടില്‍ കലാകൗമുദിയില്‍ വന്ന ലേഖനത്തില്‍, കള്ളനു കഞ്ഞി വച്ചിരിക്കുന്നവനെ മഹത്വവത്ക്കരിച്ചിരിക്കുന്നു എന്നാണ് ആരോപണം. ആലുവാ- എടയാര്‍ മേഖലയിലെ വ്യവസായശാലകളെ അടച്ചുപൂട്ടിക്കാനുള്ള സാമ്പത്തിക തീവ്രവാദ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്നത് തൃദീപ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഗൂഢസംഘമാണെന്നും ആരോപണമുണ്ട്.

സിഎംആര്‍എല്‍ മലിനീകരണം നടത്തിയിട്ടില്ലെന്ന പത്രവാര്‍ത്തയെക്കുറിച്ചു കഴിഞ്ഞ നവംബറില്‍ നടന്ന എറണാകുളം ജില്ലാവികസനസമിതിയില്‍ പി ടി തോമസ് എംഎല്‍എ ആക്ഷേപമുന്നയിച്ചിരുന്നു. സിഎംആര്‍എല്ലിനെതിരെ താന്‍ മുഖം നോക്കാതെ നടപടിയെടുത്തതിനെ തുടര്‍ന്നു ബോര്‍ഡ് നേതൃത്വവും ട്രേഡ് യൂണിയന്‍ നേതാക്കളും സമ്മര്‍ദ്ദത്തിലാക്കിയെന്നും അതിന്റെ ഭാഗമായാണു താനറിയാതെ തന്റെ പേരില്‍ പത്രപ്രസ്താവന വന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍ താന്‍ നല്‍കിയ നിഷേധക്കുറിപ്പ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചില്ലെന്നും തൃദീപ്‌കുമാര്‍ വ്യക്തമാക്കി. തുടര്‍ന്നു ജില്ലാ വികസനസമിതി ഐക്യകണ്‌ഠേന അഴിമതിക്കാരായ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനാവശ്യപ്പെട്ടു പ്രമേയം പാസാക്കുകയുമായിരുന്നു.

പൊള്ളിയതു കര്‍ത്തയെ തൊട്ടപ്പോള്‍


ഇരുപതു വര്‍ഷമായി പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനാണു തൃദീപ്‌കുമാര്‍. 2010 ല്‍ ബോര്‍ഡിന്റെ അഴിമതിയെ ചോദ്യം ചെയ്തതിന് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രസാദ് തൃദീപ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അഴിമതിയും  മറ്റും തൃദീപ്‌കുമാര്‍ ഉള്‍പ്പെടെയുള്ള ഏതാനും ഉദ്യോഗസ്ഥര്‍ പലപ്പോഴും തുറന്നു കാട്ടിയിരുന്നു. പെരിയാറിലേക്കു പ്രതിദിനം 90 ലക്ഷം ലിറ്റര്‍ മലിനജലം തള്ളിയ ശ്രീശക്തി പേപ്പര്‍ മില്‍ തൃദീപ്‌കുമാറിന്റെ നടപടി മൂലം പൂട്ടിപ്പോയിരുന്നു.

[caption id="attachment_75138" align="aligncenter" width="585"] കറുത്തൊഴുകുന്ന പെരിയാർ[/caption]

ഉന്നതതലത്തില്‍ ബന്ധമുള്ള ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ളതാണ് കൊച്ചിന്‍ മിനറല്‍സ് & റൂടൈല്‍സ് കമ്പനിയെന്ന സിഎംആര്‍എല്‍. കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിച്ചതിനു വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. പെരിയാറിലേക്കു മലിനജലം ഒഴുക്കിവിട്ട പാറക്കല്‍ എന്ന കമ്പനിയുടെ കാനയും പൈപ്പും കഴിഞ്ഞ ദിവസം തൃദീപ്‌കുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ചിരുന്നു.

Read More >>