പാലക്കാടന്‍ നിരത്തുകളില്‍ മയില്‍വാഹനം ഇനിയും ഓടും; മറിച്ചുള്ള വാർത്ത തെറ്റെന്ന് ഉടമസ്ഥര്‍ നാരദാ ന്യൂസിനോട്

'രണ്ടു ദിവസം മുമ്പ് ഇവിടത്തെ ഒരാള്‍ മയില്‍ വാഹനത്തിന്റെ ചരിത്രം ചോദിച്ചു വന്നു. ഞാനാണ് എല്ലാം പറഞ്ഞു കൊടുത്തത്. പക്ഷെ പിറ്റേന്നു പത്രത്തില്‍ ചരിത്രം മാത്രമല്ല വന്നത്. മയില്‍വാഹനം സര്‍വീസ് നിറുത്തി സംരംഭത്തിന് തിരശ്ശീലയിടുന്നുവെന്നാണ് വാര്‍ത്ത വന്നത്. ഞങ്ങളുടെ ബസ് സര്‍വീസ് ഞങ്ങള്‍ അറിയാതെ എങ്ങിനെ നിറുത്തും..? ഇത് അതേ പടി ഒരു ചാനലും മറ്റും കോപ്പി ചെയ്ത് കാണിച്ചു. ഇതോടെ മയില്‍ വാഹനം നിറുത്തുന്നുവെന്ന പ്രചരണത്തിനു ശക്തി കൂടി. ഞങ്ങളോടു നേരിട്ട് അന്വേഷിച്ച മനോരമ ഉള്‍പ്പടെയുള്ള പത്രങ്ങളോടു സത്യാവസ്ഥ ഞങ്ങള്‍ പറഞ്ഞു. അവര്‍ ഇതു വാര്‍ത്തയാക്കിയതുമില്ല.'

പാലക്കാടന്‍ നിരത്തുകളില്‍ മയില്‍വാഹനം ഇനിയും ഓടും; മറിച്ചുള്ള വാർത്ത തെറ്റെന്ന് ഉടമസ്ഥര്‍ നാരദാ ന്യൂസിനോട്

പാലക്കാട്: ഷൊര്‍ണൂരിലെ 'മയില്‍'  ഇനിയും പാലക്കാടന്‍ നിരത്തുകളില്‍ ഓടിക്കൊണ്ടിരിക്കും. മറിച്ചുള്ള വാർത്തകളൊക്കെ പൊയ്യ്!

82 വര്‍ഷം പഴക്കമുള്ള മയില്‍വാഹനം ബസ് സര്‍വ്വീസ് ഓര്‍മ്മയാവുന്നു എന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പാണ് മലയാളത്തിലെ ഒരു പത്രത്തിലും ചില ചാനലുകളിലും വന്നത്. മയിൽവാഹനത്തിന് ഇന്ന് ആ പഴയ പത്രാസില്ലെന്നതു ശരിയാണ്. പക്ഷെ ഇപ്പോഴും പതിനേഴു ബസുകൾ പാലക്കാടന്‍ നിരത്തുകളിൽ സർവീസ് നടത്തുന്നുണ്ട്. അതിൽ പതിനഞ്ചു ബസുകളുടെ ഉടമ ഒരാളാണ്. രണ്ടുബസുകൾ അദ്ദേഹത്തിന്റെ സഹോദരന്റേതും.


പാലക്കാട് ജില്ലയില്‍ ബസ് യാത്ര ചെയ്യുന്നവര്‍ ഒരിക്കലെങ്കിലും മയില്‍വാഹനത്തില്‍ കയറിയവരായിരിക്കും. ഇപ്പോഴും കയറി കൊണ്ടിരിക്കുന്നവരുമാണ്. മുമ്പ്  മയില്‍വാഹനത്തിലെ തൊഴിലാളികള്‍ എന്നെങ്കിലും ഒരു ദിവസം സമരം ചെയ്താല്‍ അന്ന് പാലക്കാട്ടെ നിരത്തുകളില്‍ സ്വകാര്യ ബസുകള്‍ തന്നെ ഇല്ലെന്നു തോന്നിക്കുന്ന അവസ്ഥയുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ പാലക്കാട് മുതല്‍ പട്ടാമ്പി വരെയുള്ള ബസ് സ്റ്റാന്‍ഡുകളില്‍ അഞ്ചു മിനിറ്റിനുള്ളില്‍ നാലഞ്ച് മയില്‍വാഹനമെങ്കിലും കടന്നു പോകുമായിരുന്നു.

കേരളപ്പിറവിക്കു മുമ്പ് പാലക്കാടന്‍ നിരത്തിലൂടെ ഓടിത്തുടങ്ങി പിന്നീടു പാലക്കാടന്‍ ഗ്രാമങ്ങളുടേയും പട്ടണങ്ങളുടേയും ജീവശ്വാസം തന്നെയായി മാറിയതാണ് മയില്‍ വാഹനം എന്ന ബസ് സര്‍വീസ്. ഒരു ഘട്ടത്തിൽ 120 ബസുകൾ വരെ ഇവർക്കുണ്ടായിരുന്നു. ഒരു ബസിൽ ഡ്രൈവറും കണ്ടക്റ്ററും ചെക്കറും ക്ലീനറും അടക്കം നാലുജീവനക്കാരുണ്ടാവും. ബസ് മാത്രമല്ല, അറ്റകുറ്റപ്പണികൾക്കായി വർക് ഷോപ്പുകൾ, ബസിന്റെ ബോഡി ബിൽഡിങ്ങിനുള്ള പ്രത്യേക വർക് ഷോപ്പ്, പെട്രോൾ പമ്പുകൾ, ടാങ്കർ ലോറികൾ, ഉരുക്കു ഫാക്റ്ററികൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങി വിവിധ സംരംഭങ്ങളിലായി ആയിരത്തിലധികം തൊഴിലാളികൾ. അതായിരുന്നു, മയിൽവാഹനം എന്ന ബ്രാൻഡ്.

ഓര്‍മകള്‍ അവശേഷിപ്പിച്ച്  മയില്‍ വാഹനം ബസ് സര്‍വീസ് എന്ന സംരംഭത്തിന് തിരശ്ശീലയിടുകയാണ് എന്ന വാര്‍ത്തയിലെ സത്യം തേടിയാണ് നാരദാ ന്യൂസ് മയില്‍വാഹനം ഉടമ സി എ അബ്രഹാമിന്റെ  ഷൊര്‍ണൂരുള്ള വസതിയിലെത്തിയത്. വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ഗീത അബ്രഹാം ആണ് ഉണ്ടായിരുന്നത്.
മയില്‍ വാഹനത്തിന്റെ ചരിത്രം തേടിയാണ് വന്നത് എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു.
' രണ്ടു ദിവസം മുമ്പ് ഇവിടത്തെ മാതൃഭൂമിയുടെ പ്രാദേശിക ലേഖകന്‍ ഇതു പോലെ ചരിത്രം ചോദിച്ചു വന്നു. ഞാനാണ് എല്ലാം പറഞ്ഞു കൊടുത്തത്. പക്ഷെ പിറ്റേന്നു പത്രത്തില്‍ ചരിത്രം മാത്രമല്ല വന്നത്. മയില്‍വാഹനം സര്‍വീസ് നിറുത്തി സംരംഭത്തിന്
തിരശ്ശീലയിടുന്നുവെന്നാണ് വാര്‍ത്ത
വന്നത്. ഞങ്ങളുടെ ബസ് സര്‍വീസ് ഞങ്ങള്‍ അറിയാതെ എങ്ങിനെ നിറുത്തും..? ഇത് അതേപടി കൈരളി ചാനലും പകർത്തിവച്ചു. ഇതോടെ മയില്‍ വാഹനം നിറുത്തുന്നുവെന്ന പ്രചാരണത്തിനു ശക്തി കൂടി. ഞങ്ങളോടു നേരിട്ട് അന്വേഷിച്ച മനോരമ ഉള്‍പ്പടെയുള്ള പത്രങ്ങളോടു സത്യാവസ്ഥ ഞങ്ങള്‍ പറഞ്ഞു. അവര്‍ ഇതു വാര്‍ത്തയാക്കിയതുമില്ല.'

കേരളത്തില്‍ ആവി യന്ത്രങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയ 1935 ല്‍ തന്നെ ഷൊര്‍ണൂരില്‍ ആദ്യത്തെ മയില്‍വാഹനം ബസ് നിരത്തിലിറങ്ങി. ഇപ്പോഴത്തെ മയില്‍വാഹനം കമ്പനിയുടെ ഉടമ സി എ അബ്രഹാമിന്റെ പിതാവിന്റെ മൂത്ത ജ്യേഷ്ഠന്‍ സി എ മാത്യുവാണ് പാലക്കാടന്‍ നിരത്തില്‍ മയിലിനെ ഇറക്കിയത്.പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്ന് 1935നു മുമ്പു തന്നെ അദ്ദേഹം ഷൊര്‍ണൂരിലെത്തി. 20 വയസിനുള്ളില്‍ ചെറിയ കുറികളും മറ്റും ചെയ്ത് പൊളിഞ്ഞു നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. പുതിയതായി എന്തു കച്ചവടം ചെയ്യുമെന്നു ചിന്തിച്ചപ്പോഴാണ് ഒരു ബസ് നിരത്തില്‍ ഇറക്കാം എന്നു തോന്നിയത്. ഡ്രൈവിങ്ങും അറിയാമായിരുന്നു. അന്ന് ബസിനു ബോഡി കെട്ടി വരണമെങ്കില്‍ മുംബൈയില്‍ പോകണം. മുംബൈയില്‍ നിന്നാണ് ആദ്യത്തെ കരിവണ്ടി ഷൊര്‍ണൂരില്‍ എത്തിച്ചത്.

ഷൊര്‍ണൂരിലെത്തിയ മാത്യുവിന് എല്ലാ സഹായവും ചെയ്തത് മന്നത്ത് ഗോവിന്ദന്‍ നായര്‍ എന്ന സുഹൃത്താണ്. വണ്ടിക്ക് എന്തു പേരിടണമെന്നു ചിന്തിച്ചപ്പോള്‍ മുരുകന്റെ വാഹനമായ മയില്‍ വാഹനം എന്ന പേരു നിര്‍ദ്ദേശിച്ചതും ഗോവിന്ദന്‍ നായരായിരുന്നു. അന്നു പാലക്കാട് തമിഴ്‌നാട്ടിലായിരുന്നു. വണ്ടി കണ്ടുശീലിച്ചിട്ടില്ലാത്ത ആളുകള്‍ വണ്ടിയില്‍ കയറണമെങ്കില്‍ അവര്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ അര്‍ത്ഥം വരുന്ന പേരുവേണം എന്ന നിലയ്ക്കാണ് മയില്‍വാഹനം എന്ന പേരു തന്നെ തിരഞ്ഞെടുത്തത്. ഏതായാലും ആ പേര് പിന്നീടു കേരളത്തിലെ മോട്ടോര്‍ വാഹനചരിത്രത്തില്‍ തന്നെ ഇടം പിടിച്ചു.

ബസ് സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ പുലര്‍ച്ചെ നാലുമണിയ്ക്കു തന്നെ ജോലി തുടങ്ങണമായിരുന്നു. കരി നിറച്ച് കുറെ തിരിച്ചാലാണു വണ്ടി സ്റ്റാര്‍ട്ട് ആകുക. ആദ്യ കാലങ്ങളില്‍ സി എ മാത്യു തന്നെയായിരുന്നു ഡ്രൈവര്‍. ബസിനു കൃത്യമായ സമയമൊന്നും ഇല്ലായിരുന്നു. ആളുകള്‍ നിറഞ്ഞാലോ കയറിയവര്‍ ഇറങ്ങി പോകാന്‍ തുടങ്ങുമ്പോഴോ ആണു പുറപ്പെടുക. ആളുകള്‍ കയറാനും ഇറങ്ങാനും നിര്‍ത്തിയാല്‍ പിന്നെ പുറത്തിറങ്ങി വന്ന് എഞ്ചിന്‍ തിരിച്ച് സ്റ്റാര്‍ട്ട് ചെയ്യണം. വലിയ കയറ്റത്തിലെത്തിയാല്‍ യാത്രക്കാരും ഇറങ്ങി തള്ളണം.

ഒരു ബസ്സില്‍ തുടങ്ങിയെങ്കിലും പിന്നീട് പെട്ടെന്നു തന്നെ വണ്ടികളുടെ എണ്ണം കൂടി വന്നു. മറ്റു കമ്പനികള്‍ ബസ് സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ അവരുടെ റൂട്ടും ബസ്സുമടക്കം വാങ്ങലാണ് ആദ്യ പതിവ്. പിന്നീടു പുതിയ ബസ്സുകളാക്കി. ബോഡി നിര്‍മ്മാണവും തുടങ്ങി. നാല്‍പ്പതാം വയസില്‍ സി എ മാത്യു മരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അനിയന്‍മാര്‍ ഏറ്റെടുത്തു. തുടർന്ന് അവരുടെ മക്കളിലേക്ക് എത്തി. സ്വത്തു ഭാഗം വയ്ക്കുമ്പോള്‍ ബസ്സുകളും വീതിച്ചിരുന്നു.

മയില്‍വാഹനം എന്ന പേരു മാറ്റാതെ തന്നെ ബസ്സിന്റെ നിറം മാത്രം മാറ്റി മൂന്നു കമ്പനികളായി മാറി. നീല, ചുവപ്പ്, ഇളം ചുവപ്പ് എന്നീ നിറത്തിലുള്ള ബസുകള്‍ 120 എണ്ണത്തിലേക്ക് എത്തി. ജീവനക്കാരുടെ എണ്ണം ആയിരത്തിലേക്കും. സഹോദരങ്ങളുടെ മക്കള്‍ പലരും വിദേശത്തും ബസ്സിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ താല്‍പര്യം കുറവുള്ളവരും ആയിരുന്നു. പിന്നീടാണ് ബസ്സിന്റെ എണ്ണം കുറച്ചത്. മൂന്നു സഹോദരങ്ങളില്‍ ഒരാള്‍ ബസ് പൂര്‍ണമായും നിര്‍ത്തി. മറ്റൊരാള്‍ക്കും അബ്രഹാമിനും കൂടി 17 ബസുകള്‍ ഓടുന്നുണ്ട്. മഞ്ഞക്കിളി, പച്ചക്കിളി, ചുവപ്പുകിളി എന്നിങ്ങനെ ബസിന്റെ നിറംനോക്കി ആളുകൾ വിളിക്കാറുമുണ്ട്.

നാലഞ്ചു മാസം മുമ്പാണ് അബ്രഹാം പുതിയ ഒരു ബസ് റൂട്ടിലിറക്കിയത്. ഡീസല്‍, സ്‌പെയര്‍ പാര്‍ട്സ് എന്നിവയുടെ വിലവര്‍ദ്ധന, തൊളിലാളികളുടെ ഉയര്‍ന്ന കൂലി ഇതൊക്കെ വച്ചു നോക്കിയാല്‍ ഇപ്പോള്‍ ബസ് വ്യവസായം നഷ്ടത്തിലാണ്. എന്നിരുന്നാലും ഞങ്ങളുടെ ജീവശ്വാസമായ ബസ് വ്യവസായം നിറുത്തില്ല. കാരണം ഇതില്‍ നിന്നാണ് ഞങ്ങള്‍ക്ക് എല്ലാം വന്നത്. ഫാക്ടറികള്‍, പെട്രോള്‍ പമ്പുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങി മറ്റു നിരവധി ബിസിനസുകള്‍ വേറെയുമുണ്ട്. എന്തു തന്നെയായാലും മയില്‍വാഹനം നിറുത്തില്ലെന്നും ഗീത അബ്രഹാം പറഞ്ഞു.