മറ്റക്കര ടോംസ് കോളേജിനുള്ളത് വ്യാജ അഫിലിയേഷന്‍ ; കോളേജിന്റെ അനുമതി റദ്ദാക്കേണ്ടി വരും; മൂന്ന് സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ വിദ്യാഭ്യാസമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ടോംസ് കോളേജിന് വ്യാജ അനുമതി പത്രമാണുള്ളതെന്ന് വ്യക്തമാക്കുന്നത്. സര്‍വ്വകലാശാലയുടെ അക്കാദമിക് വിഭാഗത്തില്‍ നിന്നാണ് അനധികൃതമായി അനുമതി പത്രം നല്‍കിയതെന്നാണ് സൂചന. മറ്റക്കര ടോംസ് കോളജിലെ പ്രശ്‌നങ്ങള്‍ നാരദാന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.

മറ്റക്കര ടോംസ് കോളേജിനുള്ളത് വ്യാജ അഫിലിയേഷന്‍ ; കോളേജിന്റെ അനുമതി റദ്ദാക്കേണ്ടി വരും; മൂന്ന് സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

കോട്ടയം മറ്റക്കര ടോംസ് കോളേജ് പ്രവര്‍ത്തിക്കുന്നത് വ്യാജ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയാണെന്ന് കണ്ടെത്തി. ടേംസ് കോളേജിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച സാര്‍വ്വകലാശാല കണ്‍ട്രോളര്‍ ജി പി പത്മകുമാര്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അനുമതിയില്ലാതെയാണ് കേളേജ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനാൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കേണ്ടി വരും.

വ്യാജ അനുമതി പത്രം നേടിയാണ് കേളേജ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാലയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ട് സര്‍വ്വകലാശാല അസി. രജിസ്ട്രാര്‍ക്കും അക്കാദമിക് ഡയറക്ടര്‍ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.


മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ടോംസ് കോളേജിന് 2016-17 വര്‍ഷത്തെ അഫിലിയേഷന്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍വ്വകലാശാല തീരുമാനമെടുത്തിരുന്നില്ല. അതിനാല്‍ കേളേജിന് അനുമതിയും നല്‍കിയിരുന്നില്ല. എന്നാല്‍ രജിസ്ട്രാറുടെ പേരില്‍ അനുമതി പത്രം ലഭിച്ചെന്നാണ് കേളേജ് അധികൃതര്‍ പറയുന്നത്. സര്‍വ്വകലാശാല ഇമെയില്‍ വഴിയാണ് അനുമതി പത്രം അയച്ചു തന്നെതെന്നും കേളേജ് അധികൃതര്‍ പറയുന്നു.

എന്നാല്‍ ഈ അനുമതി പത്രത്തില്‍ ഒപ്പോ ക്യൂ ആര്‍ കോഡോ ഇല്ല. അതിനാല്‍ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തല്‍. അഫിലിയേഷന്‍ അപേക്ഷ സംബന്ധിച്ച ഫയല്‍ കണ്ടിട്ടില്ലെന്നാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ പറയുന്നത്. സര്‍വ്വകലാശാലയുടെ ഇ-ഗവേണിംഗ് സംവിധാനത്തില്‍ ഗുരുതര പാളിച്ച ഉണ്ടായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>