ആരോഗ്യസര്‍വ്വകലാശാലയില്‍ ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി; പിന്നില്‍ സ്വാശ്രയലോബിയെന്ന് ആരോപണം

ആരോഗ്യസർവ്വകലാശാലയ്ക്കു കീഴിലെ 42 കോളേജുകളില്‍ 37 എണ്ണവും സ്വാശ്രയ മേഖലയില്‍ ഉള്ളവയാണ്. ബോര്‍ഡ് ഓഫ് സ്റ്റഡീസിൽ കൂടുതലും സ്വാശ്രയ കോളേജ് പ്രതിനിധികളാണ്. കോളേജുകളുടെ വിജയശതമാനം ഉയർത്താൻ വിദ്യാർത്ഥികളെ അവസാനവർഷ പരീക്ഷ എഴുതാൻ സമ്മതിക്കുന്നില്ലെന്നാണ് ആരോപണം. വിദ്യാർത്ഥികളെ കൂട്ടമായി തോൽപ്പിക്കുന്നെന്നും ആരോപണമുണ്ട്.

ആരോഗ്യസര്‍വ്വകലാശാലയില്‍ ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി; പിന്നില്‍ സ്വാശ്രയലോബിയെന്ന് ആരോപണം

ആരോഗ്യസര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ ബി ഫാം വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വിക്ക് പിന്നില്‍ ആരോഗ്യ സര്‍വ്വകലാശാലയിലെ സ്വാശ്രയ ലോബിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം പുറത്ത് ഫലം അനുസരിച്ച് നാല്‍പ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ജയിക്കാനായത്. സപ്ലിമെന്ററി പരീക്ഷയില്‍ ജയിച്ചവര്‍ 28 ശതമാനവും. അശാസ്ത്രീയമായ മൂല്യനിര്‍ണയവും, സ്വാശ്രയലോബിയുടെ ഇടപെടലും കാരണമാണ് കൂട്ടത്തോല്‍വി ഉണ്ടാകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ നാരദാന്യൂസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് പരാതി നല്‍കി.


സ്വാശ്രയലോബി വാഴുന്നു

ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗം മുഖ്യ ഡീന്‍ കുപ്പുസ്വാമി മുവാറ്റുപുഴ നിമ്മല കോളേജ് ഓഫ് ഫാര്‍മസി എന്ന സ്വാശ്രയകോളേജില്‍നിന്നുള്ള പ്രതിനിധിയാണ്. കൂട്ടത്തോല്‍വിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കുപ്പുസ്വാമിയാണെന്ന് മലപ്പുറത്തെ സ്വകാര്യ കോളജിലെ വിദ്യാത്ഥികള്‍ നാരദാന്യൂസിനോട് പറഞ്ഞു. ഫാര്‍മസിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എട്ട് സ്വാശ്രയകോളേജുകളുടെ പ്രതിനിധികള്‍ ഉണ്ട്.

ഫാര്‍മസിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വാശ്രയകോളേജുകള്‍ വിചാരിക്കുന്നതുപോലെയാണ് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഓരോ സീറ്റിലും ലക്ഷങ്ങള്‍ ഡൊണേഷന്‍ വാങ്ങുന്ന കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വലിയ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ആരോപണമുണ്ട്. കോളേജുകളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍, ഇന്റേണലും അറ്റന്‍ഡന്‍സും കുറച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇതിനെതിരെ സര്‍വ്വകലാശാലയില്‍ പരാതി നല്‍കിയാല്‍, മാനേജ്‌മെന്റിന്റെ ഭീഷണിയും സസ്പെന്‍ഷനും പരീക്ഷ എഴുതാക്കിതിരിക്കലും പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സസ്‌പെന്‍ഷനും മറ്റു ശിക്ഷാ നടപടികളും ഭയന്ന് മാനേജ്‌മെന്റുകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകാറില്ല.

മൂല്യനിര്‍ണയത്തിന് ഉത്തരസൂചികയില്ല, എല്ലാം തട്ടിക്കൂട്ട്

ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗത്തില്‍ എല്ലാം തോന്നുപടിയാണ് നടക്കുന്നത്. പരീക്ഷകളുടെ നടത്തിപ്പും മൂല്യനിര്‍ണയവുമെല്ലാം ഒരു കാട്ടിക്കൂട്ടല്‍ പോലെയാണ്. നാലു സപ്ലിമെന്ററി പരീക്ഷകള്‍ അടുത്തടുത്ത് നടത്തിയത് വിദ്യാര്‍ത്ഥികളെ ഏറെ വലച്ചു. കടമ പോലെയാണ് സര്‍വ്വകലാശാല പരീക്ഷകള്‍ തീര്‍ക്കുന്നത്. കുറേക്കാലമായി മൂല്യ നിര്‍ണയത്തിന് ഉത്തര സൂചികകള്‍ ഉപയോഗിക്കുന്നില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി കൂട്ടത്തോല്‍വികള്‍ ആവര്‍ത്തിക്കുന്നത് ഇതുകാരണമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത്തവണ ഉത്തര സൂചിക ഉപയോഗിച്ചിട്ടുണ്ടെന്നാണ് സര്‍വ്വകലാശാലയുടെ വാദം. ഉത്തരസൂചിക ഉപയോഗിച്ചിട്ടും ഇത്തവണയും കൂട്ടത്തോല്‍വി ഉണ്ടായത് എന്തുകൊണ്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. റീവാല്യൂവേഷന്‍ നടപടികള്‍ കൃത്യമായി നടക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഒന്ന്, രണ്ട് വര്‍ഷങ്ങളിലെ പരീക്ഷ പാസ്സാവാതെ നാലാം വര്‍ഷ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ല. ഈ ചട്ടം കൊണ്ടുവന്നതിനു പിന്നില്‍ സ്വാശ്രയ കോളേജുകളാണെന്നാണ് ആരോപണം. അവസാനവര്‍ഷം വിജയശതമാനം കൂട്ടാന്‍ മാര്‍ക്ക് കുറഞ്ഞവരെ പരീക്ഷ എഴുതാന്‍ സമ്മതിക്കാതിരിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്. ഇതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്നില്ല. സര്‍വ്വകലാശാലയില്‍ പരാതി ഉന്നയിച്ചാല്‍ കോളേജുകളില്‍ നിന്ന് പുറത്താക്കുമെന്നാണ് മാനേജ്‌മെന്റിന്റെ ഭീഷണി.

'സ്വാശ്രയ ഡീന്‍' നിയമവിരുദ്ധം

ആരോഗ്യ സര്‍വ്വകലാശാലയിലെ ഏഴു ഡീനുകളില്‍ ഫാര്‍മസി വിഭാഗത്തിന് മാത്രമാണ് സ്വാശ്രയകോളേജ് പ്രതിനിധിയുള്ളത്. ഇത്തരത്തില്‍ സ്വാശ്രയകോളേജ് പ്രതിനിധികളെ ഡീന്‍ ആക്കുന്നത് നിയമവിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിര്‍മ്മല കോളേജ് ഓഫ് ഫാര്‍മസിയിലെ പ്രൊഫസറാണ് നിലവില്‍ ആരോഗ്യ സര്‍വ്വകലാശാലയിലെ ഫാര്‍മസി വിഭാഗം ഡീന്‍. സ്വാശ്രയ കോളേജുകള്‍ക്കു ഗുണകരമായ നിലയിലാണ് ഡീനിന്റെ ഇടപെടലെന്ന് സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപകരും ആരോപിക്കുന്നുണ്ട്.