മഹാരാജാസിലെ രാത്രികളെ സമരം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കി, ഇനി ഉറക്കം കോളേജിനുള്ളില്‍:പിടിക്കാനൊരു പൊലീസും വരില്ല!

ഒടുവില്‍, വിദ്യാര്‍ത്ഥികള്‍ ജയിക്കുകയാണ്. അന്ധരും അംഗപരിമിതരും ആദിവാസികളുമടങ്ങുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നു തെരുവിലേയ്ക്ക് ഇറക്കി വിടാനാവില്ല. കോളേജിനുള്ളില്‍ അദ്ധ്യാപകരുടെ ഹോസ്റ്റലില്‍ 30 വിദ്യാര്‍ത്ഥികള്‍ക്കു താമസിക്കാമെന്ന അനുവാദം!

മഹാരാജാസിലെ രാത്രികളെ സമരം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കി, ഇനി ഉറക്കം കോളേജിനുള്ളില്‍:പിടിക്കാനൊരു പൊലീസും വരില്ല!

മഹാരാജാസ് അതിന്റെ ചരിത്രത്തോടു നീതി പുലര്‍ത്തിയിരിക്കുന്നു! മഹാരാജാസ് എന്നത് അതിന്റെ ഹോസ്റ്റല്‍ മുറികള്‍ കൂടിയാണെന്നത് പുരാതനമായി പതിഞ്ഞ ഓര്‍മ്മയാണ്. കാലം തളംകെട്ടിക്കിടക്കുന്ന ഹോസ്റ്റല്‍ മുറികളില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ ഇറക്കി വിടപ്പെട്ടു. കാലപ്പഴക്കം, ഇടിച്ചു പൊളിക്കണം എന്നതായിരുന്നു തുഗ്ലക്കിയന്‍ തീരുമാനം. എതിര്‍ക്കുന്നവര്‍ തമ്പടിക്കുന്ന ഹോസ്റ്റലിനെ ഇടിച്ചു നിരത്തുന്ന ജന്മിത്ത വാസന മാത്രമായിരുന്നു അത്.


പൊതുമരാമത്ത് വകുപ്പ് പരിശോധിച്ചപ്പോള്‍ കെട്ടിടത്തിന് ഒരു കുഴപ്പമുമില്ല. മാത്രമല്ല പുരാവസ്തു പ്രാധാന്യമുള്ള കെട്ടിടം നശിപ്പിക്കാനുമാവില്ല. അപ്പോഴേയ്ക്കും ഓണം അവധി കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ ഇറക്കി വിടപ്പെട്ടു. സ്വകാര്യസ്ഥലം വാടകയ്ക്കെടുത്ത് സമരത്തെ ഒതുക്കാനായി ശ്രമം. ഹോസ്റ്റല്‍ പുതുക്കുന്നതു വരെ വഴങ്ങാമെന്നു കുട്ടികളും സമ്മതിച്ചു. കോളേജ് അധികൃതര്‍ വാടക കൊടുക്കാത്തതിനാല്‍ അവിടെ നിന്നും ഇറക്കി വിട്ടു.

അട്ടപ്പാടിയില്‍ നിന്നുള്ള മൂന്നു വിദ്യാര്‍ത്ഥികളും ഇടമലക്കുടിയിലെ രണ്ടു വിദ്യാര്‍ത്ഥികളും നഗരത്തില്‍ തങ്ങുന്നതിനുള്ള പണമില്ലാതെ നാട്ടിലേയ്ക്കു മടങ്ങി. ആദിവാസി വിഭാഗത്തിലെ ആ പ്രതീക്ഷകളെ പിഴുതെറിയുകയായിരുന്നു. മൂന്നു നേരവും ഭക്ഷണമുണ്ടായിരുന്നത് ഇല്ലാതായി. പഠനം തുടര്‍ന്നവര്‍ തന്നെ ഒരു നേരമായി.

നിവര്‍ത്തിയില്ലാതെ കറന്റും വെള്ളവും ഭക്ഷണവും ഇല്ലാത്ത ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കുട്ടികളന്തിയുറങ്ങി. ഒരു നേരം കഞ്ഞിവെച്ചു കുടിച്ചു.

പ്രിന്‍സിപ്പളിന് അതൊന്നും കാണാനാവുന്നുണ്ടായിരുന്നില്ല. സമരങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച്, പ്രതിഭകളെയടക്കം പുറത്താക്കി ശിക്ഷകള്‍ നടത്തി മുന്നേറുകയായിരുന്നു.

ഹോസ്റ്റല്‍ മുറിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍, കോളേജിന്റെ നടുമുറ്റത്തു വന്നിരിക്കുന്ന കുട്ടികളെ പൊലീസിനെ കൊണ്ടു പിടിപ്പിച്ചു. പൊലീസ് ക്രൂരമായാണു മര്‍ദ്ദിച്ചത്.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും വെള്ളമില്ലാത്ത അവസ്ഥ. പെണ്‍കുട്ടികളും ഹോസ്റ്റലിലെ വിഷയങ്ങളുന്നയിച്ച് സമരം നടത്തി.

എംസിആര്‍വിയെന്ന ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സംയുക്തസമരത്തിന് ഇന്നലെ തുടക്കമിട്ടു. നിരാഹാരം കിടക്കുകയാണ് മൂന്നാം വര്‍ഷ ഫിസിക്സിലെ ലജീഷും ഇക്കണമിക്സിലെ രാജേഷും. കളക്ടര്‍ വിളിച്ച ചര്‍ച്ചയിലും ഒന്നാമത്തെ ആവശ്യമായി ഹോസ്റ്റലാണുയര്‍ന്നത്.

പെണ്‍കുട്ടികളേയും അദ്ധ്യാപികമാരേയും ലൈംഗികമായി അപമാനിക്കുകയും പത്രമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ ആരംഭിച്ച സമരം കസേര കത്തിക്കലില്‍ എത്തി. സമരം മൂലം കോളേജില്‍ വരാത്ത പ്രിന്‍സിപ്പളിനെതിരെ സമരം ശക്തമാകുന്നതിനിടയിലാണ് ആശ്വാസകരമായ തീരുമാനം ഉണ്ടായിരിക്കുന്നത്.

കോളേജിലെ ഗവേര്‍ണിങ് ബോഡിയുടെ മീറ്റിങ്ങില്‍ ആണ്‍ ഹോസ്റ്റലിലെ 30ലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു കോളേജിനുള്ളില്‍ ഇപ്പോള്‍ ചുരുക്കം അദ്ധ്യാപകര്‍ ഉപയോഗിക്കുന്ന ഹോസ്റ്റലില്‍ മുറികള്‍ അനുവദിക്കും. ഇത് മഹാരാജാസിനെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനമാണ്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കു തിരിച്ചു കിട്ടുന്ന ഹോസ്റ്റല്‍, പണ്ട്, വിദ്യാര്‍ത്ഥികളുടേതു തന്നെയായിരുന്നു.
ഏതോ 'അജ്ഞാത' കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ നഷ്ടപ്പെടുകയായിരുന്നു.

ഇനി കോളേജിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കു താമസിക്കാം. ആറുമണിക്കു ശേഷം കോളേജിനുള്ളില്‍ കണ്ടു എന്ന പേരില്‍ പൊലീസ് ഇവരെ ഇനി അക്രമിക്കില്ല. അസമയത്ത് കോളേജില്‍ കടന്നു പൊതുമുതല്‍ നശിപ്പിക്കുന്നു എന്ന പേരില്‍ ജയിലിലും കിടക്കണ്ട. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സകല സമയവും മഹാരാജാസുകാര്‍ക്കാര്‍ക്കായി തുറന്നുകിടന്ന സ്വാതന്ത്ര്യം തിരിച്ചു കിട്ടുകയാണ്.

ലേഡീസ് ഹോസ്റ്റലിലെ മെസ്സില്‍ നിന്നുള്ള ഭക്ഷണം ആണ്‍കുട്ടികള്‍ക്കും ലഭിക്കും- തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇനി ഒരു ഒപ്പുമാത്രം മതി. വിദ്യാര്‍ത്ഥികളോടു ശത്രുത അവസാനിപ്പിച്ചു പ്രിന്‍സിപ്പള്‍ ആ ഒപ്പിട്ടാല്‍ ഇന്നു കോളേജിനുള്ളിലെ പകലന്തിജീവിതം തുടങ്ങാം. അല്ലെങ്കില്‍ സമരം നീളും. കൂടുതല്‍ സംഘടനകള്‍ സമരത്തിലേയ്ക്ക് എത്തുകയാണ്.

ജൂണിനു മുന്‍പ് രണ്ടു കോടിയോളം രൂപ ചെലവിട്ടു ഹോസ്റ്റലിന്റെ നവീകരണം പൂര്‍ത്തിയാക്കാം എന്നു പൊതുമരാമത്തു വകുപ്പ് ഉറപ്പു നല്‍കി കഴിഞ്ഞു. സങ്കടം പൊതുമരാമത്തു വകുപ്പ് മന്ത്രിയെ കണ്ട് അവതരിപ്പിക്കാനൊരുങ്ങുകയാണു വിദ്യാര്‍ത്ഥികള്‍. തകരാറില്ലാത്ത കെട്ടിടം ഇടിച്ചു പൊളിച്ചു കളയാന്‍ പ്രിന്‍സിപ്പള്‍ നടത്തിയ നീക്കത്തില്‍ അതൃപ്തനാണ് വകുപ്പ് മന്ത്രി ജി. സുധാകരന്‍.

തീരുമാനമായാല്‍ മഹാരാജാസിന്റെ രാത്രികള്‍ ഇനി വിദ്യാര്‍ത്ഥികളുടേതാവുകയാണ്; അദ്ധ്യാപകരുടേതും. പ്രിന്‍സിപ്പളും ഇതേ ഹോസ്റ്റലിലാണ് പലപ്പോഴും താമസിക്കുന്നത്.

Read More >>