ജില്ലാ പോലീസ് മേധാവിയുടെ മാറ്റത്തിനു പിറകെ കണ്ണൂർ പോലീസിൽ അഴിച്ചു പണി തുടങ്ങി; സഞ്ജയ് കുമാറിന് കെഎപി കമാൻഡണ്ടായി നിയമനം

പുതിയ ജില്ലാ പോലീസ് മേധാവിയായി കെപി ഫിലിപ്പ് ചുമതലയേറ്റു മണിക്കൂറുകൾക്കുള്ളിൽ തന്നെ ജില്ലാ പോലീസ് മേധാവിയുടെ ഡ്രൈവറെയും ഗൺമാനേയും മാറ്റി നിയമിച്ചത് സമൂല മാറ്റത്തിനുള്ള തുടക്കമായാണു വിലയിരുത്തപ്പെടുന്നത്

ജില്ലാ പോലീസ് മേധാവിയുടെ മാറ്റത്തിനു പിറകെ കണ്ണൂർ പോലീസിൽ അഴിച്ചു പണി തുടങ്ങി; സഞ്ജയ് കുമാറിന് കെഎപി കമാൻഡണ്ടായി നിയമനം

കണ്ണൂർ: ജില്ലാ പോലീസ് മേധാവിയായിരുന്ന സഞ്ജയ് കുമാർ ഗുരുഡിനെ സ്ഥലം മാറ്റിയതിന് പിറകെ ജില്ലാ പോലീസിൽ അഴിച്ചു പണി ആരംഭിച്ചു. സർക്കാരുകൾ മാറുമ്പോൾ സ്വാഭാവികമായി ഉണ്ടാകാറുള്ള സ്ഥലം മാറ്റങ്ങളോ ചുമതല മാറ്റങ്ങളോ ഇത്തവണ ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് സിപിഐഎമ്മിൽ നിന്നുപോലും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. സ്വാഭാവിക സ്ഥലം മാറ്റം പോലും നിഷേധിക്കുന്നു എന്ന പരാതി പോലീസ് സേനയ്ക്കുള്ളിൽ തന്നെ നിലനിന്നിരുന്നു.


പുതിയ ജില്ലാ പോലീസ് മേധാവിയായി കെപി ഫിലിപ്പ് ചുമതലയേറ്റു  മണിക്കൂറുകൾക്കുള്ളിൽ  തന്നെ ജില്ലാ പോലീസ് മേധാവിയുടെ ഡ്രൈവറെയും ഗൺമാനേയും മാറ്റി നിയമിച്ചത് സമൂല മാറ്റത്തിനുള്ള തുടക്കമായാണു വിലയിരുത്തപ്പെടുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്തെ അഴിച്ചുപണികൾക്ക് പുറമെ സ്‌പെഷ്യൽ ബ്രാഞ്ച്, ഷാഡോ പോലീസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലും ഉടൻ മാറ്റം ഉണ്ടാകും.
ജില്ലയിലേത് ഉൾപ്പെടെയുള്ള 40 സിഐമാർക്ക് അടുത്ത് തന്നെ ഡിവൈഎസ്പിമാരായി പ്രമോഷൻ ലഭിക്കുമെന്നിരിക്കെ, ഇതിന്റെ ഭാഗമായി ജില്ലയിലെ സിഐമാർക്കും തുടർന്ന് എസ്‌ഐമാർക്കും മാറ്റം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
മുൻ ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാർ ഗുരുഡിനെ കെഎപി കമാൻഡണ്ടായി നിയമിച്ചു. ജില്ലാ പോലീസ് മേധാവിയായെത്തിയ കെപി ഫിലിപ്പിന് പകരക്കാരനായാണ് സഞ്ജയ്‌കുമാറിന്റെ നിയമനം.
പുതിയ പോലീസ് മേധാവിയെ നിയമിച്ചത് സിപിഐഎമ്മിന്റെ ചട്ടുകമായി ഉപയോഗിക്കാനാണെങ്കിൽ അതു നടക്കാൻ പോകുന്നില്ലെന്നും പ്രതിഷേധം ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അഭിപ്രായപ്പെട്ടു.