ശിവസേന പിടിച്ചുപറിക്കാരുടെ പാര്‍ട്ടിയെന്ന് ബിജെപി; വിമര്‍ശിച്ചാല്‍ വീട്ടില്‍പ്പോയി ഇരിക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ശിവസേന

സഖ്യമുപേക്ഷിച്ചതോടെ ശിവസേനയും ബിജെപിയും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ബിജെപിയുമായുള്ള 25 വര്‍ഷത്തെ സഖ്യമുപേക്ഷിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഒറ്റയ്ക്ക മത്സരിക്കാനുള്ള തീരുമാനം ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്.

ശിവസേന പിടിച്ചുപറിക്കാരുടെ പാര്‍ട്ടിയെന്ന് ബിജെപി; വിമര്‍ശിച്ചാല്‍ വീട്ടില്‍പ്പോയി ഇരിക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ശിവസേന

കാല്‍ നൂറ്റാണ്ടുകാലത്തെ സഹവാസത്തിനു ശേഷം പിരിഞ്ഞ ബിജെപിയും ശിവസേനയും തമ്മിലുള്ള പോരു മുറുകുന്നു. ശിവസേന പിടിച്ചുപറിക്കാരുടെ പാര്‍ട്ടിയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. കാവിക്കൊടി ഉയര്‍ത്തിപ്പിടിച്ച് പിടിച്ചുപറി നടത്തുന്ന ശിവസേനയ്ക്ക് ഛത്രപതി ശിവജിയുടെ പേരു പറയാന്‍ അര്‍ഹതയില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ബിജെപി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ച വേദിയില്‍ തന്നെയായിരുന്നു ശിവസേനയ്‌ക്കെതിരെ ഫഡ്‌നാവിസ് ആഞ്ഞടിച്ചത്. സീറ്റിന്റെ പേരിലല്ല, ഭരണസുതാര്യത ഉറപ്പുവരുത്താനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ പേരിലാണ് ശിവസേന പിണങ്ങിയത്. മാറ്റത്തിനു വേണ്ടിയാണ് അധികാരത്തിലെത്തിയതെന്നും കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും അഴിമതിയുടെ വഴി പിന്തുടരുന്നതിനെ മാറ്റം എന്നു വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം ദേവേന്ദ്ര ഫഡ്‌നാവിസിനു മറുപടിയുമായി ശിവസേന മുഖപത്രം 'സാംമ്‌ന' രംഗത്തെത്തി.സേനയ്‌ക്കെതിരെ ഇനിയും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ വീട്ടില്‍പ്പോയി ഇരിക്കേണ്ടി വരുമെന്നാണ് സാംമ്‌നയിലൂടെയുള്ള മുന്നറിയിപ്പ്. കഴിഞ്ഞ 28 വര്‍ഷമായി രാമക്ഷേത്രം പണിയുമെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്. ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ അവര്‍ കബളിപ്പിക്കുന്നു. ഇപ്പോൾ മുംബൈയെ പണക്കാരുടെ കൈയില്‍ ഏല്‍പ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സാംമ്‌ന കുറ്റപ്പെടുത്തുന്നു.

ഉത്തര്‍പ്രേദശിലും ഗോവയിലും ബിജെപി ക്രിമിനലുകള്‍ക്ക് പ്രത്യേക വഴി ഒരുക്കുകയാണെന്ന് ശിവസേന ആരോപിക്കുന്നു. ലേക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയാണ് ശിവസേനയും ബിജെപിയും മത്സരിച്ചത്. പ്രചരണവേളയില്‍ ശിവസേനയെ പിടിച്ചുപറിക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിശേഷിപ്പിച്ചിരുന്നു.

എന്‍സിപി നേതാവ് ശരത് പവാറിന് പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനു പിന്നാലെയായിരുന്നു സഖ്യം ഉപേക്ഷിക്കാനുള്ള ശിവസേനയുടെ തീരുമാനം. ബിജെപി എന്‍സിപിയുമായി അടുക്കുന്നതിന്റെ സൂചനയാണിതെന്നാണ് ശിവസേന കണക്കുകൂട്ടുന്നത്. നിലവില്‍ ശിവസേനയുടെ പിന്തുണയോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി അധികാരം നിലനിര്‍ത്തുന്നത്.

Read More >>