മഹാരാജാസ്: വിവാദ പ്രിന്‍സിപ്പള്‍ നടപ്പാക്കിയത് ലീഗിന്റെ ലക്ഷ്യങ്ങള്‍: കസേര ഇളകുന്നു

ഡോക്ടറേറ്റില്ലാത്ത മഹാരാജാസിലെ പ്രിന്‍സിപ്പളിന് കസേര തെറിച്ചേക്കും. യോഗ്യതയില്ലാത്തതിനാല്‍ സ്ഥാനം ഒഴിയണമെന്ന കേസില്‍ സുപ്രിം കോടതി ഈ ആഴ്ച വിധി പറയും. ചുമതല കൈമാറാതെ അവധിയെടുത്തു മുങ്ങിയിരിക്കുകയാണ് പ്രിന്‍സിപ്പളെന്നാണ് പരാതി

മഹാരാജാസ്: വിവാദ പ്രിന്‍സിപ്പള്‍ നടപ്പാക്കിയത് ലീഗിന്റെ ലക്ഷ്യങ്ങള്‍: കസേര ഇളകുന്നു

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പള്‍ മിക്കവാറും സ്ഥാനമൊഴിയേണ്ടി വരും. ഡോക്ടറേറ്റില്ലാതെ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് തുടരാനായി സുപ്രിം കോടതിയില്‍ നടക്കുന്ന കേസില്‍ ഈ ആഴ്ച വിധിയുണ്ടാകും എന്നാണറിയുന്നത്. വിധി എതിരായാല്‍ പ്രിന്‍സിപ്പള്‍ സ്ഥാനം തെറിക്കും.

സിപിഐഎം അനുകൂല അദ്ധ്യാപക സംഘടനയായ എകെജിസിടി, എസ്എഫ്‌ഐ തുടങ്ങിയവയുടെ സംസ്ഥാന നേതൃത്വം പ്രിന്‍സിപ്പളിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ നിലപാടെടുത്തു കഴിഞ്ഞു. കോടതി വിധിയിലൂടെ സ്ഥാനം ഒഴിയുന്നുവെങ്കില്‍ അതു സംഭവിക്കട്ടെ എന്ന കാലതാമസമാണു വിദ്യാഭ്യാസ വകുപ്പില്‍ നിന്നുണ്ടാകുന്നത് എന്നാണ് അറിയുന്നത്. വിധി അനുകൂലമായാലും പരാതികള്‍ സര്‍ക്കാരിന് പരിശോധിക്കേണ്ടി വരും.


എകെജിസിടി സജീവ പ്രവര്‍ത്തകയായിരുന്നു താനെന്ന പ്രിന്‍സിപ്പള്‍ ബീനയുടെ അവകാശ വാദം നുണയാണെന്നും തെളിയുകയാണ്. ഇവര്‍ക്കു സംഘടനയില്‍ അംഗത്വമില്ല. മഹാരാജാസ് കോളേജ് കൗണ്‍സിലില്‍ വച്ച് സംഘടനയില്‍ മുമ്പ് അംഗത്വമുണ്ടായതില്‍ ലജ്ജിക്കുന്നു എന്നു പരസ്യമായി പറഞ്ഞയാളാണ് ഇവര്‍.

സ്വയം ഭരണം നടപ്പാക്കുകയെന്ന ഉദ്ദേശത്തോടെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്ലിം ലീഗിന്റെ ലക്ഷ്യങ്ങളെയാണ്  യാഥാര്‍ത്ഥ്യമാക്കിയതെന്നും പരാതികളുണ്ട്.

കോണ്‍ഗ്രസ് അനുകൂല നിലപാടോടെ സ്വയം ഭരണം നടപ്പാക്കുന്നതിനും മഞ്ചേരിയില്‍ നിന്നും ഏകപക്ഷീയമായി ഫര്‍ണിച്ചറുകളടക്കമുള്ളവ വാങ്ങാനും ഒത്താശ ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുണ്ട്.

ലീഗുമായി ബന്ധം പുലര്‍ത്തുകയും കോളേജില്‍ വര്‍ഗ്ഗീയ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനത്തിന് രഹസ്യ പിന്തുണ നല്‍കുന്നു എന്ന ആരോപണമുള്ള വ്യക്തിയും അഴിമതി ആരോപണത്തിന് ഉള്ളിലാണ്.

എറണാകുളത്തുള്ള ചില സ്വകാര്യ കോളേജുകള്‍ക്കു സ്വയംഭരണ അധികാരം ലഭ്യമാക്കുന്നതിനു മഹാരാജാസിനെ ഇരയാക്കുകയായിരുന്നു. ആ കോളേജുകളില്‍ സമരം ഉയരാതിരിക്കാന്‍, ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ മാത്രമായിരുന്നത്രേ മഹാരാജാസിലെ സ്വയംഭരണം- ആരോപണങ്ങലില്‍ ഒന്ന് ഇതാണ്. സഭാ മാനേജ്മെന്‍റുകളുടേതാണ് പ്രസ്തുത ക്യാംപസുകള്‍.

പരീക്ഷകളുടെ നടത്തിപ്പിലും അഡ്മിഷന്‍ പോലുള്ളവയിലും അക്കാഡമിക്- നോൺ അക്കാദമിക് വിഷയങ്ങളിലും സര്‍വ്വകലാശാലയിലെ മറ്റു ക്യാംപസുകളെക്കാളും ഏറെ പിന്നിലാണു മഹാരാജാസ്. അച്ചടക്കം, സദാചാരം തുടങ്ങിയവ നിലനിര്‍ത്താനും സര്‍ഗ്ഗാത്മക - രാഷ്ട്രീയ അന്തരീക്ഷം ഇല്ലാതാക്കാനുമാണു പ്രിന്‍സിപ്പള്‍ പ്രവര്‍ത്തിച്ചതെന്നതു ഗുരുതരമായ ആരോപണമായി നിലനില്‍ക്കുന്നു. അദ്ധ്യാപികമാര്‍ക്കെതിരെ വാട്‌സ്അപ്പ് സന്ദേശമയച്ചു എന്ന് ഏകെജിസിടി സംസ്ഥാന കമ്മറ്റി തന്നെ കുറ്റപ്പെടുത്തുന്നു.

ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളായി നിന്നിരുന്ന വിദ്യാഭ്യാസ ഉന്നതനും കിലയുടെ മുന്‍ മേധാവിയും കോളേജിലെ അദ്ധ്യാപകനായ ലീഗുകാരനും ചേര്‍ന്നു നടപ്പാക്കിയ ഗൂഢാലോചനയായിരുന്നു മഹാരാജാസിന്റെ സ്വയംഭരണം എന്നു തെളിയുന്നതോടെ ഈ സംഘത്തോടു കൂറു പുലര്‍ത്തിയ പ്രിന്‍സിപ്പളും സംശയത്തിന്റെ നിഴലിലാകും.

വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതു ലീഗായിരുന്നതിനാല്‍ ലീഗുകാരനായ അദ്ധ്യാപകനോടു കൂറുപുലര്‍ത്തുകയായിരുന്നത്രേ. യോഗ്യതയില്ലാതിരുന്നിട്ടും നിയമനം ലഭിച്ചതടക്കം ചോദ്യം ചെയ്യപ്പെടുന്നത് ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ്.

ഫണ്ട് ചെലവഴിക്കലടക്കം പരിശോധിക്കപ്പെടും


പ്രിന്‍സിപ്പളിന്റെ കസേര കത്തിച്ചതിന്റെ പേരില്‍ മാതൃഭൂമി എഡിറ്റോറിയല്‍ എഴുതിയതിനാലാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരെ തല്‍ക്കാലം പുറത്താക്കിയത്. എസ്എഫ്‌ഐ സമരം തുടരും- എറണാകുളം ജില്ലയിലെ എസ്എഫ്‌ഐ നേതാവ് പറഞ്ഞു.

എതിര്‍ ശബ്ദങ്ങളില്ലാതാക്കാന്‍ ഹോസ്റ്റല്‍ ഇടിച്ചു പൊളിക്കാന്‍ നീക്കം നടത്തിയ പ്രിന്‍സിപ്പളിനെതിരെ ക്യാംപസില്‍ വിദ്യാര്‍ത്ഥി സമരം രൂപപ്പെടുകയാണ്. സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തില്‍ മാപ്പ് എഴുതി കൊടുത്ത് രക്ഷപെടാനുള്ള നീക്കവും പാളുകയാണ്.

ലീഗിന്റെ പിന്തുണയോടെ കോളേജില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്ന പഴി കേള്‍ക്കുന്ന പ്രിന്‍സിപ്പളിന് ബിജെപി പിന്തുണ കൂടി ഉണ്ടെന്നും വ്യക്തമായി. പ്രിന്‍സിപ്പളിനായി കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബിജെപി ക്യാംപസിലേയ്ക്ക് ഇരച്ചു കയറാന്‍ ശ്രമം നടന്നിരുന്നു.

ലീഗിലെ ഉന്നതന്റെ ഒത്താശയോടെയാണ് മഞ്ചേരിയില്‍ നിന്നു കോളേജിന് ഫര്‍ണീച്ചര്‍ വാങ്ങിയതെന്ന ആരോപണം കൂടുതല്‍ ശക്തമാവുകയാണ്.

അവധിയെടുത്ത് മാറി നില്‍ക്കുന്ന പ്രിന്‍സിപ്പള്‍ ചുമതല കൈമാറാത്തതിനാല്‍ കോളേജിലെ ദൈനംദിന കാര്യങ്ങള്‍ തടസ്സപ്പെടുകയാണ്. അവധിയിലാണെങ്കിലും തനിക്ക് അനുകൂലമായി മാത്രം എഴുതുന്ന മാദ്ധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും എതിര്‍ക്കുന്ന അദ്ധ്യാപകര്‍ക്കുമെതിരെ സ്വഭാവ ഹത്യ നടത്തുന്നതിന് മുടക്കമില്ല.

Read More >>