സുവാരസിന് നൂറാം ഗോൾ, ബാഴ്‌സയ്ക്ക് ഉജ്വല ജയം

14-ആം മിനുറ്റിൽ ലൂയിസ് സുവാരസാണ് ബാഴ്‌സയുടെ സ്‌കോറിംഗിന് തുടക്കമിട്ടത്. സുവാരസിന്റെ നൂറാം ഗോളായിരുന്നു ലാസ് പൽമാസിനെതിരെ പിറന്ന ആദ്യ ഗോൾ. പിന്നീട് ആദ്യപകുതിയിൽ ഗോളൊന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയിലായിരുന്നു ശേഷിക്കുന്ന നാലു ഗോളുകളും പൽമാസിന്റെ വലയിലെത്തിയത്.

സുവാരസിന് നൂറാം ഗോൾ, ബാഴ്‌സയ്ക്ക് ഉജ്വല ജയം

ഉറുഗ്വെൻ സൂപ്പർതാരം സുവാരസിന്റെ ഡബിളും ലയണൽ മെസിയുടെയും ആർഡ ടുറാന്റെയും അലക്‌സിസ് വിഡാലിന്റെയും ഓരോ ഗോളുകളും ചേർന്നപ്പോൾ ലാസ്പൽമാസിനെതിരെ ബാഴ്‌സ നേടിയത് എതിരില്ലാത്ത അഞ്ചു ഗോളുകൾ. ന്യൂ ക്യാമ്പിൽ സ്വന്തം തട്ടകത്ത് എത്തിയ അതിഥികളെ ഗോൾമഴയിൽ കുളിപ്പിച്ചാണ് ബാഴ്‌സ മടക്കിയത്.

14-ആം മിനുറ്റിൽ ലൂയിസ് സുവാരസാണ് ബാഴ്‌സയുടെ സ്‌കോറിംഗിന് തുടക്കമിട്ടത്. സുവാരസിന്റെ നൂറാം ഗോളായിരുന്നു ലാസ് പൽമാസിനെതിരെ പിറന്ന ആദ്യ ഗോൾ. പിന്നീട് ആദ്യപകുതിയിൽ ഗോളൊന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയിലായിരുന്നു ശേഷിക്കുന്ന നാലു ഗോളുകളും പൽമാസിന്റെ വലയിലെത്തിയത്. 52-ആം മിനുറ്റിൽ ലയണൽ മെസിയും 57-ആം മിനുറ്റിൽ സുവാരസ് തന്റെ രണ്ടാം ഗോളും നേടിയപ്പോൾ 59-ആം മിനുറ്റിൽ ടുറാനും 80-ആം മിനുറ്റിൽ വിഡാലും വല കുലുക്കി ഗോൾ പട്ടിക തികച്ചു.


18 കളികളിൽ നിന്നും 38 പോയിന്റുള്ള ബാഴ്‌സ ടൂർണമെന്റിൽ റയൽ മാഡ്രിഡിന് പിറകിൽ രണ്ടാമതാണ്. 16 കളികളിൽ നിന്നും 40 പോയിന്റുകളാണ് ഒന്നാം സ്ഥാനത്തുള്ള സിദാന്റെ ടീമിന്റെ സമ്പാദ്യം.

ഇതേസമയം, ലാലിഗയിൽ നടന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡ്, റയൽ ബീറ്റ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ലെഗാനസും അത്‌ലറ്റിക് ക്ലബ്ബും തമ്മിൽ നടന്ന മത്സരം ഗോൾ രഹിതസമനിലയിൽ കലാശിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് വമ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രൗണിച്ച് അൽബിയോണിനെ ടോട്ടനം ഹോട്ട്‌സ്പുർ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ ഹാരി കെയിൻ ഹാട്രിക് നേടി. 12-ആം മിനുറ്റിലും 77-ആം മിനുറ്റിലും 82-ആം മിനുറ്റിലും ഹാരി കെയിൻ ഗോൾവല കുലുക്കിയപ്പോൾ വെസ്റ്റ് ബ്രൗണിച്ച് താരം മക്ഓലിയിൽ നിന്നും പിറന്ന സെൽഫ് ഗോൾ കൂടി ചേർന്നതോടെ ടോട്ടനത്തിന് 4-0 ന്റെ വമ്പൻ ജയം. 26-ആം മിനുറ്റിലായിരുന്നു സെൽഫ് ഗോളിന്റെ പിറവി. നിലവിലെ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയെ ചെൽസി മൂന്നു ഗോളുകൾക്ക് തകർത്തപ്പോൾ ആഴ്‌സനൽ സ്വാൻസ്വ സിറ്റിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ക്രിസ്റ്റൽ പാലസിനെ വെസ്റ്റ് ഹാം യുണൈറ്റഡ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കും തോൽപ്പിച്ചു. സതാംപ്റ്റനെ ബേൺലി എതിരില്ലാത്ത ഒരു ഗോളിനും എ.എഫ്.സി ബേൺമത്തിനെ ഹൾ സിറ്റി 3-1നും സണ്ടർലാൻഡിനെ സ്റ്റോക് സിറ്റി 3-1നും തോൽപ്പിച്ചപ്പോൾ വാറ്റ്‌ഫോർഡ് - മിഡിൽബ്രൗ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.

Read More >>