കലോത്സവ വേദിയിലെ പാവകളി കുട്ടിക്കളിയല്ല

സ്‌കൂള്‍ യൂണിഫോം ധരിച്ച് പാവകളി നടത്തുന്ന കുട്ടികളാണ് കലോത്സവ വേദിയുടെ പ്രധാന ആകര്‍ഷണം. കുട്ടികളുടെ പാവകളിയെ അടുത്തറിയുമ്പോഴാണ് ഈ പാവകളി കുട്ടിക്കളിയല്ലെന്ന് ബോധ്യമാകുക.

കലോത്സവ വേദിയിലെ പാവകളി കുട്ടിക്കളിയല്ല

സ്‌കൂള്‍ യൂണിഫോം ധരിച്ച് പാവകളി നടത്തുന്ന കുട്ടികളാണ് കലോത്സവ വേദിയുടെ പ്രധാന ആകര്‍ഷണം. കുട്ടികളുടെ പാവകളിയെ അടുത്തറിയുമ്പോഴാണ് ഈ പാവകളി കുട്ടിക്കളിയല്ലെന്ന് ബോധ്യമാകുക. ഈ പാവകളിയ്ക്കു പിന്നില്‍ ഒരുപാടു പേരുടെ അദ്ധ്വാനമുണ്ട്. രക്ഷിതാക്കളുടെ അറിവന്വേഷണ കൂട്ടായ്മയാണ് ഈ പാവകളിയ്ക്കു പിന്നില്‍. ലോര്‍ എന്നാണ് ഈ മുന്നേറ്റത്തിന്റെ പേര്. പ്രൈമറി കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഇടപെടുകയെന്നതാണ് ലോര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പാവകളിയും ബോധവത്കരണ പരിപാടികളുമായി ലോര്‍ കലോത്സവ വേദിയില്‍ സജീവമാണ്.


കെട്ടിടവും ഫീസും ഗ്രേഡിങ്ങുമില്ലാതെ രക്ഷിതാവ് പ്രധാന അധ്യാപകനും വീടും പരിസരവും സ്‌കൂളായി മാറുന്നതുമാണ് ഈ ബദല്‍ വിദ്യാഭ്യാസ രീതിയുടെ സൗന്ദര്യം. വാട്സ്ആപ്പ് മാധ്യമമാക്കിയാണ് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ ഈ കൂട്ടായ്മയുടെ ഭാഗമാകുന്നത്. കണ്ണപ്പുരം, കല്യാശ്ശേരി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ക്യാമ്പുകള്‍ക്കും കരകൗശ്യല്യ വസ്തുക്കളുടെ നിര്‍മ്മാണത്തിനുമല്ലാതെ ഒത്തുച്ചേരല്‍ വാട്സ്ആപ്പ് വഴി മാത്രം.

സ്‌കൂള്‍, ടീച്ചര്‍, പാഠപുസ്തകമെന്ന നിലവിലെ സമവാക്യത്തിനു പകരമായി സ്‌കൂള്‍, വീട്, പരിസരം, രക്ഷിതാക്കള്‍ എന്ന സമവാക്യമാണ് ലോര്‍ മുന്നോട്ടു വയ്ക്കുന്നത്. അധ്യാപകനായ സുനില്‍ കുമാര്‍ കെ. പോലീസ് ഉദ്യോഗസ്ഥനായ ഷൈജു ഇടയക്കാപ്പുറം എന്നിവരാണ് ഈ നവീന ആശയത്തിനു പിന്നില്‍. 2011 ലാണ് ലോറിന്റെ പിറവി. വാട്‌സ്ആപ്പ് പ്രചാരത്തിലായതോടെ പുതിയ രൂപം പ്രാപിച്ചു.

നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനു ന്യൂനതകള്‍ ഉണ്ട്. സ്‌കൂളിങ്ങിന്റെയും ഹോം സ്‌കൂളിങ്ങിന്റെയും നല്ല വശങ്ങളെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. സുനില്‍ കുമാര്‍ കെ നാരദാ ന്യൂസിനോടു പറഞ്ഞു. ഒരു അധ്യാപകന്‍ പാഠങ്ങളെ വിശദീകരിക്കുന്നതു പോലെ പാഠങ്ങള്‍ വിശദീകരിക്കാന്‍ രക്ഷിതാക്കളെ പ്രാപ്തരാക്കാന്‍ വാട്‌സ്ആപ്പ് വഴി കോഴ്‌സുകള്‍ നല്‍കുകയും. പ്രഗത്ഭരായ ആളുകളുമായി സംവദിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു.

ജീവിതാനുഭവങ്ങളില്‍ നിന്നാണ് കുട്ടികള്‍ പഠിക്കേണ്ടത്. ഒരു ദോശ പൂര്‍ണ്ണ വൃത്തമാണെന്നും പകുതിയായി മുറിച്ചാല്‍ അര്‍ധ വൃത്തമാണെന്നും കുട്ടികളെ ബോധ്യപ്പെടുത്താന്‍ കഴിയും. പാവകളി പോലെയുളള മാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട്. സ്‌കൂളുകളില്‍ കേന്ദ്രീകരിച്ചും ക്യാമ്പും നടത്തുന്നുണ്ട്. അഞ്ചാം ക്ലാസിലെ ഒരു പാഠഭാഗമാണ് മഴവില്‍ വിരിയുമ്പോള്‍ ആ പാഠഭാഗം പാവകളിയായി രൂപാന്തരപ്പെടുത്തി കുട്ടികളോട് കളിയ്ക്കാന്‍ ആവശ്യപ്പെട്ടു. നല്ല മാറ്റമാണ് ദൃശ്യമായത്.

സ്‌കൂളിലേയ്ക്ക് അയക്കാതെ കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകള്‍ വളരില്ല. സ്‌കൂളിലേയ്ക്ക് വിട്ടതു കൊണ്ട് മാത്രം കഴിവുകള്‍ പരിപ്പോഷിപ്പിക്കപ്പെടണമെന്നുമില്ല ഷൈജു പറയുന്നു. രക്ഷിതാവ് ഒറ്റയ്ക്കു സ്വന്തം കുട്ടിയുടെ വിദ്യാഭ്യാസ പ്രക്രിയയില്‍ ഇടപെടുന്നതിനു പകരം ഒരു സംഘം രക്ഷിതാക്കള്‍ ചേര്‍ന്നു വിദ്യാഭ്യാസ നയം രൂപീകരിക്കുന്നു. സ്വന്തം കുട്ടിയ്ക്ക് സ്വന്തം സിലബസ് എന്ന രീതിയാണ ലോര്‍ ലക്ഷ്യം വയ്ക്കുന്നത്.സയന്‍സ് പരീക്ഷണങ്ങള്‍ക്കും ഈ ഗ്രൂപ്പ് വേദിയാകും. പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ ലോറിന്റെ നേതൃത്വത്തില്‍ ചെയ്തു കൊടുക്കാറുണ്ട്. സൗജന്യമായാണ് ലോര്‍ സേവനങ്ങള്‍ നല്‍കുന്നത്. കുട്ടികള്‍ക്കുളള പാഠഭാഗങ്ങള്‍ തയ്യാറാക്കാന്‍ ലോറിന്റെ ഉടപെടല്‍ മൂലം കഴിയുന്നുവെന്നത് വലിയ ഒരു കാര്യമാണെന്ന് പയ്യാവൂര്‍ സ്വദേശിനിയായ മീര കെ. യു പറയുന്നു.

ആറുമാസം നീണ്ടു നില്‍ക്കുന്ന രണ്ടു കോഴ്‌സുകളാണ് ലോര്‍ വാട്‌സ്ആപ്പ് വഴി ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ പാഠഭാഗങ്ങള്‍ നന്നായി വിശദീകരിക്കാന്‍ പ്രാപ്തരാക്കുന്ന പാഠഭാഗവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലേറേ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആഴ്ചയും ഗ്രൂപ്പ് അംഗങ്ങള്‍ അവലോകനം ചെയ്യുന്നു. വിദ്യാഭ്യാസ സംബന്ധിയായപ്രതിമാസ ക്ലാസുകള്‍ക്കു പുറമേ ബിഹേവിയര്‍ ക്ലിനിക്, റിയല്‍ ലൈഫ് മാത്തമാറ്റിക്‌സ്, മാജിക് വിത്ത സയന്‍സ്, കുട്ടിടീച്ചര്‍ എന്നിവയുമുണ്ട്. പാഠ്യഭാഗങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യമായ സാധനസാമഗ്രികള്‍ നിര്‍മ്മിക്കാനുള്ള പരീശീലനവും നല്‍കുന്നുണ്ട്.

ഫോണ്‍: 9496787872