സ്വയംഭൂ നാടാര്‍ അഥവ നരകത്തിന്റെ ചെയര്‍മാന്‍; കന്യാകുമാരിയിലെ സ്വാശ്രയ പീഡനം

സ്വാശ്രയ പീഡനത്തെ പുറം ലോകത്തെത്തിക്കാന്‍ നാരദ തുറന്ന പ്രത്യേക ഡെസ്ക്കിലേയ്ക്ക് പരാതി പ്രവാഹം. ആദ്യം വിളിച്ചത് യദുകൃഷ്ണന്‍ കെ. ആത്മഹത്യയില്‍ രക്ഷപെട്ട മറ്റൊരു സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥി. യദു, രക്ഷകര്‍ത്താക്കളോട് പറയുകയാണ്- ഇനിയെങ്കിലും ഇതു പോലെയുള്ള കോളേജില്‍ നിങ്ങളുടെ കുട്ടികളെ അയക്കരുത് . പ്രത്യേകിച്ച് എന്‍ജിനീയറിങിന്.

സ്വയംഭൂ നാടാര്‍ അഥവ നരകത്തിന്റെ ചെയര്‍മാന്‍; കന്യാകുമാരിയിലെ സ്വാശ്രയ പീഡനം

യദു കൃഷ്ണന്‍ കെ

ഏതു കാര്യത്തിനും എന്നെ പിന്തുണയ്ക്കുന്ന ഒരു അച്ഛനും അമ്മയും ഉണ്ടായതു കൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതെ രക്ഷപ്പെട്ട ഒരു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ആണ് ഞാന്‍. എല്ലാവരും എന്‍ജിനീയറിങിന് പോയതു കൊണ്ടോ അല്ലെങ്കില്‍ എന്‍ജിനീയര്‍ ആയില്ലെങ്കില്‍ കുടുംബക്കാര്‍ എന്തു വിചാരിക്കുമെന്ന അബദ്ധ വിചാരം കൊണ്ടോ മാത്രമാണ് ഞാന്‍ എന്‍ഡിനീയറിങിനു പോയത്. അതിന്റെ പ്രത്യാഘാതം എനിക്കു നല്ല രീതിയില്‍ തന്നെ അനുഭവിക്കേണ്ടിയും വന്നു.ലോര്‍ഡ് ജഗന്നാഥ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി എന്നാണ് ഞാന്‍ പഠിച്ച ആ നരകത്തിന്റെ പേര്.


പിഎസ്എന്‍ കോളേജ് ഓഫ് ഇന്‍സ്റ്റിറ്റിറ്റിയൂഷന്‍സ് നടത്തുന്ന സ്വയഭു നാടാര്‍ എന്ന മനുഷ്യപറ്റില്ലാത്ത ഒരു അദ്ദേഹമാണ് കോളേജിന്റെ ചെയര്‍മാനും സ്ഥാപകനും.
രാവിലെ എഴുന്നേറ്റാല്‍ ഇന്നെന്ത് പഠിക്കണം എന്നായിരിക്കില്ല ചിന്ത. ഇന്ന് എത്ര രൂപ ഫൈന്‍ കിട്ടും, എങ്ങനെ പിടി സാറിന്റെയും ചെയര്‍മാന്‍ വന്നിട്ടുണ്ടെങ്കില്‍ പുള്ളിയുടെയും അടിയില്‍ നിന്ന് എങ്ങനെ ഒഴിവാകാമെന്ന ചിന്ത മാത്രമാണ്.

രാവിലെ 5 മണിക്ക് എഴുന്നേറ്റില്ലെങ്കില്‍ 500 രൂപ ഫൈനില്‍ തുടങ്ങുന്നത് , ഹോസ്റ്റലില്‍ ഉറക്കെ സംസാരിച്ചാല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍, ടൈ കെട്ടാന്‍ മറന്നു പോയാല്‍, ഇന്‍ ചെയ്തത് ശരിയായില്ലെങ്കില്‍, വേറെ കളര്‍ ബെല്‍റ്റ് ഇട്ടാല്‍, കോളേജില്‍ എത്താന്‍ 5 മിനിറ്റ് താമസിച്ചാല്‍, പെണ്‍കുട്ടികളോട് സംസാരിച്ചാല്‍, ( സംസാരിക്കാതിരിക്കാന്‍ വേണ്ടി ബ്രെക്ക് തരുന്നത് പോലും രണ്ട് സമയങ്ങളില്‍ ആയിട്ടായിരുന്നു. ബ്രേക്കിന് പോയ ആണ്‍കുട്ടികള്‍ വന്നിരുന്നതിനു ശേഷം മാത്രം പെണ്‍കുട്ടികള്‍ പോകും. അത്രയും സമയം വാച്ച് ചെയ്യാന്‍ ടീച്ചര്‍മാര്‍ ക്ലാസില്‍ ഉണ്ടാകും) അങ്ങനെ പൊതുവെ എന്തിനും ഏതിനും ഫൈന്‍ ഉണ്ടാകും.

ഈ ഫൈന്‍ അടച്ചാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളു. ഫൈന്‍ അടച്ചാലും അതിന്റെ റെസിപ്റ്റു തരില്ല. ഒരിക്കല്‍ റെസിപ്റ്റു ചോദിച്ചതിന്റെ പേരില്‍ മോശമായി പെരുമാറിയെന്നു പറഞ്ഞ് വീണ്ടും ഒരു രണ്ടായിരം ഫൈന്‍ കിട്ടിയിട്ടുണ്ട് എനിക്ക്. ( മോശമായ പെരുമാറ്റമെന്നത് ബില്‍ തരാതെ ഫൈന്‍ അടക്കില്ല എന്ന് പറഞ്ഞത് മാത്രമാണ്. അല്ലാതെ ഒന്നുമല്ല )

പിന്നെ പരാതി പറയാന്‍ ഒരു ബോക്‌സ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. പക്ഷെ അതില്‍ പരാതിയിടുന്നത് സ്വന്തം ശവക്കുഴി തോണ്ടുന്നത് പോലെയാണ്. പേരില്ലാതെയുള്ള പരാതികള്‍ സ്വീകരിക്കപ്പെടാതായപ്പോള്‍ പേര് വെച്ച് പരാതി ഇട്ടു. അടുത്ത ദിവസം തന്നെ ഗേള്‍സ് ഹോസ്റ്റലിനോട് അടുത്തുള്ള ചെയര്‍മാന്റെ ഇടിമുറിയില്‍ ( കേരളത്തില്‍ ഇപ്പോഴാണ് ഈ വാക്ക് പരിചിതം. കേരളത്തിന് വെളിയില്‍ ഉള്ളവര്‍ക്ക് പണ്ട് മുതലേ ഇടി മുറി അറിയാം ) അവിടെ വെച്ച് പരാതി ഇടിച്ചും അടിച്ചും തീര്‍പ്പാക്കും. അതും കരണക്കുറ്റിക്ക്.. ഒരു തവണ അല്ല.. പല തവണ...

ചോദ്യം ചെയ്താല്‍ നിന്റെ ജീവിതം തകര്‍ക്കുമെന്ന ഭീഷണി വേറെയും. കോളേജ് ജീവിതം ആസ്വദിക്കണമെന്നല്ല ഞാന്‍ ആഗ്രഹിച്ചത്. മരിക്കാന്‍ തോന്നാതെ ഇരിക്കണേയെന്ന് മാത്രമായിരുന്നു. കേരളത്തില്‍ നിന്ന് ദൂരെ ആയതു കൊണ്ട് പ്രത്യേകിച്ച് യുവജന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും വന്നു ഏറ്റെടുക്കില്ല.

ഞാന്‍ മരിച്ചാല്‍ അത് കൊണ്ട് ഈ നാടാര്‍ എന്ന് പറയുന്ന ആള്‍ക്കും കോളേജിനും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. എന്നും നഷ്ടപ്പെടുന്നത് എന്റെ വീട്ടുകാര്‍ക്ക് മാത്രം ആകുമെന്ന് അറിയാവുന്നതു കൊണ്ടും ആത്മഹത്യ ചെയ്തില്ല.

ഇനിയെങ്കിലും ഇതു പോലെയുള്ള കോളേജില്‍ നിങ്ങളുടെ കുട്ടികളെ അയക്കരുത് . പ്രത്യേകിച്ച് എന്‍ജിനീയറിങിന്. ഒരായിരം തവണ ആലോചിട്ടുണ്ട് ഈ കോളേജില്‍ കിടന്നു നരകിക്കുന്നതിലും ഭേദം ചെയര്‍മാനെ കൊന്നിട്ട് ജയിലില്‍ പോയി കിടക്കുന്നതാണെന്ന്. എന്റെ ജീവിതം അത്ര മാത്രം ആ കോളേജ് വെറുപ്പിച്ചിട്ടുണ്ട്.