ലോക്കപ്പില്‍ നിന്ന് വിസാരണൈ സിനിമയിലേയ്ക്ക്: ഓട്ടോ ചന്ദ്രനിപ്പോഴും അസമത്വങ്ങള്‍ക്കെതിരെ

ഓട്ടോ ചന്ദ്രൻ എന്നറിയപ്പെടുന്ന എം ചന്ദ്രകുമാറിനെ ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്ത് ആന്ധ്രാ പ്രദേശ് ജില്ലയായ ഗുണ്ടൂരിലെ ലോക്കപ്പിൽ 13 ദിവസങ്ങൾ പീഢിപ്പിച്ചു. 1983 ലായിരുന്നു അത്. തന്റെ അനുഭവങ്ങൾ ഒരു നോവലായി ‘ലോക്കപ്പ്’ എന്ന പേരിൽ എഴുതിയത് 2006 ഇൽ പ്രസിദ്ധീകരിച്ചു. ആ നോവൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ 'വിസാരണൈ' എന്ന തമിഴ് ചിത്രമായി മാറി. നോവലിസ്റ്റായിട്ടും, ആ നോവൽ സിനിമയായിട്ടും കോയമ്പത്തൂരിൽ ഓട്ടോ ഓടിക്കൽ തുടരുന്ന ചന്ദ്രകുമാർ സംസാരിക്കുന്നു.

ലോക്കപ്പില്‍ നിന്ന് വിസാരണൈ സിനിമയിലേയ്ക്ക്: ഓട്ടോ ചന്ദ്രനിപ്പോഴും അസമത്വങ്ങള്‍ക്കെതിരെ

മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിനെതിരായി താങ്കൾ ഏതൊക്കെ തലങ്ങളിലാണ് പ്രതിഷേധിക്കുന്നത്?

അദ്ധ്വാനത്തിനുള്ള പ്രതിഫലം ചോദിച്ച് പോരാടുന്നത് തന്നെയാണ് അടിസ്ഥാനപരമായ ആവശ്യം. തൊഴിലാളികളുടെ ശമ്പളം തീരുമാനിക്കുന്നത് വിപണിയോ ജനക്ഷേമസംഘടനകളോ ആണ്. അങ്ങിനെ തീരുമാനിക്കുന്നതിൽ സമത്വം ഇല്ലെങ്കിൽ അതിനെ ചോദ്യം ചെയ്ത് പോരാടുന്നതാണ് അടിസ്ഥാനപരമായ തലം. സമൂഹത്തിലുള്ള ഉച്ചനീചത്വങ്ങൾ, സമത്വമായ അവസരങ്ങളുടെ കുറവ്, നിലം പരിശായ, മുലധനമില്ലാത്ത പാവപ്പെട്ട ജനങ്ങളുടെ ജീവിതങ്ങളെ ചൂഷണം ചെയ്യുന്നത് എന്നിവയയെയെല്ലാം എതിർത്ത് പോരാടുന്നു ഞാൻ. എന്റെ ജീവിതം മുഴുവനും അതിനായി സമർപ്പിച്ചിരിക്കുന്നു.


ലോക്കപ്പ് നോവൽ വായിച്ച്/ വിസാരണൈ സിനിമ കണ്ടതിന് ശേഷം താങ്കളെ ആളുകൾ കണ്ട നിമിഷം എങ്ങിനെയായിരുന്നു?

പുസ്തകം വായിച്ച് കരഞ്ഞ് പോയെന്ന് ചിലർ പറഞ്ഞു. അത് സിനിമയാക്കിയപ്പോൾ അതിനേക്കാൾ മികച്ച അനുഭവം തരുന്നുണ്ട്. പോയ വര്‍ഷം ഏറ്റവും കൂടുതൽ ആളുകൾ കെട്ടിപ്പിടിച്ച, ഉമ്മ വച്ച ആൾ ഞാനായിരിക്കണം. കഥ പറഞ്ഞതിലെ നേരിനെ അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അത്ഭുതപ്പെടുത്തിയ നിമിഷം വെനീസ് ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു. എല്ലാവരും എഴുന്നേറ്റ് എട്ട് നിമിഷങ്ങൾ നിർത്താതെ കരഘോഷം മുഴക്കിക്കൊണ്ടിരുന്നു. ‘ഞങ്ങൾ ഇതെല്ലാം ചോദ്യം ചെയ്യാതെ പോകുന്നു, ഞങ്ങളോട് ക്ഷമീക്കൂ’ എന്ന് പൊതുജനം മാപ്പ് പറയുന്നു. അവർ എന്നെ ആശ്വസിപ്പിക്കുന്നതിനു പകരം ഞാൻ അവരെ ആശ്വസിപ്പിക്കേണ്ടി വന്നു.

[caption id="attachment_71119" align="alignleft" width="251"]
ലോക്കപ്പ് നോവലിന്റെ കവർ[/caption]

ഓസ്കാർ അവസാനപട്ടികയിൽ വിസാരണൈ ഇടം നേടിയതിനെക്കുറിച്ച്?

പ്രതീക്ഷിച്ചിരുന്നു. 21 ആം നൂറ്റാണ്ടിൽ മനുഷ്യനെക്കുറിച്ചുള്ള ചിന്തകൾ അധികരിക്കുന്നു. അതുകൊണ്ട് മനുഷ്യാവകാശത്തിനെ പ്രമേയമാക്കിയ ഞങ്ങളുടെ ചിത്രത്തിന് ഓസ്കാർ ലഭിക്കും എന്ന് കരുതിയിരുന്നു. അതിനെപ്പറ്റി വെട്രിമാരനോട് ചോദിച്ചപ്പോൾ “വലിയ ഒരു പുരസ്കാരം നേടുന്നതിൽ നമുക്ക് താല്പര്യമുണ്ടായിരിക്കാം. എന്നാൽ അത് കിട്ടണമെന്ന ഉത്തരവാദിത്തമൊന്നും ഇല്ല. പ്രതീക്ഷ വേറെ, ജഡ്ജുമാരുടെ മനോഭാവം വേറെ. ഓസ്കാർ പുരക്സാരത്തിൽ കയറിപ്പറ്റാൻ തന്നെ എത്രയോ ശ്രമമാണെന്ന് ഈ സിനിമ കാണിച്ചു തന്നു. ആ വകയിൽ ഇത് ഒരു നല്ല അനുഭവം ആണ്” എന്ന് പറഞ്ഞു. ആ മറുപടിയിൽ എനിക്ക് പരിപൂർണ്ണ തൃപ്തി ലഭിച്ചു. ഒരു നല്ല പാഠം ഈ സിനിമ പഠിപ്പിച്ചെന്ന് അംഗീകരിക്കാമല്ലോ.

വിസാരണൈ പോലെയുള്ള പ്രധാനപ്പെട്ട സിനിമകൾ തമിഴിൽ ഉണ്ടാകുന്നുണ്ട്. എന്നാൽ വിസാരണൈയുടെ അത്രയ്ക്ക് മറ്റ് സിനിമകൾ അംഗീകരിക്കപ്പെട്ടില്ല. അതിനെപ്പറ്റി എന്താണ് പറയാനുള്ളത്?


തമിഴിൽ യാഥാർഥ്യത്തോടടുത്തു നിൽക്കുന്ന സിനിമകൾ വരുന്നുണ്ട്. വലിയ കഥാനായകൻ അഭിനയിക്കുന്ന സിനിമയിൽ നൂറു കണക്കിന് ആളുകൾ കൊല്ലപ്പെടുന്ന കാഴ്ച കണ്ട് ജനം ശീലിച്ചു പോയി. എല്ലാം ആഘോഷിക്കാനുള്ള മനോനിലയിലാണ് സിനിമ കാണാൻ പോകുന്നത്. അതു തന്നെയാണ് തിരശ്ശീലയിലും പ്രതീക്ഷിക്കുന്നത്. ഒരുമാതിരിപ്പെട്ട സിനിമകളിലും പൊലീസിനെ തെറ്റായിട്ടാണ് ചിത്രീകരിക്കാറുള്ളത്. അങ്ങനെ യാഥാർഥ്യവുമായി ബന്ധമില്ലാത്ത രംഗങ്ങൾ സ്ഥാനം പിടിയ്ക്കുന്നു. അങ്ങിനെയുള്ളപ്പോൾ, യഥാർഥ സംഭവങ്ങളെ സിനിമയാക്കുമ്പോൾ, ആസ്വാദകർ അത് മനസ്സിലാക്കി ഏറ്റെടുക്കുന്നത് കുറവാണ്. എന്നാൽ, ഏത് നിലയിലും ശരിയായ ഒരു അഭിപ്രായത്തിനെ, വൃത്തിയായി പറയുകയാണെങ്കിൽ ആസ്വാദകർ ഏടെടുക്കുമെന്നതിനു ഉദാഹരണമാണ് വിസാരണൈ. ഇത് തുടരും എന്ന് കരുതുന്നു.

[caption id="attachment_71120" align="alignleft" width="402"]
വിസാരണൈ പോസ്റ്റർ[/caption]

ലോക്കപ്പ് നോവലിനെ എത്ര മാത്രം ഉൾക്കൊണ്ടിട്ടുണ്ട് വിസാരണൈ?

സിനിമ കഴിഞ്ഞതും ഞാൻ വെട്രിമാരനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ലോക്കപ്പ് നോവലിനെ കഴിയുന്നത്ര മിനുക്കിയെടുത്ത് കോടിക്കണക്കിനു പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു വിസാരണൈ. സത്യത്തിന്റെ വഴി നിന്നു പോയ ഒരാളുടെ ആത്മാവിനെ മനസ്സലിയിപ്പിക്കുന്ന രംഗങ്ങളിലൂടെ കൊണ്ടുവന്നിരിക്കുന്നു സംവിധായകൻ. ഉടൽ കത്തിയാലും ആത്മാവ് കത്താതെ സംരക്ഷിക്കുന്നതു മൂലം മാത്രമാണ് അവകാശത്തിനേയും സ്വാതന്ത്ര്യത്തിനേയും സംരക്ഷിക്കാൻ കഴിയൂ. എന്റെ കഥ ഒരിടത്തും മുറിയാതെ വന്നതിന് വെട്രിമാരനെ പുകഴ്ത്തിയേ പറ്റൂ.

പുതിയതായി എഴുത്തിലേയ്ക്ക് വരുന്ന ചെറുപ്പക്കാരോട് എന്താണ് പറയാനുള്ളത്?

ചില കാര്യങ്ങൾ നിശ്ചയമായും അറിഞ്ഞിരിക്കണം. ആദ്യത്തേത് ഭാഷാപരിജ്ഞാനം, പിന്നെ തീവ്രമായ രാഷ്ട്രീയം പിന്നെ ജീവിതത്തിനെപ്പറ്റി തെളിഞ്ഞ കാഴ്ചപ്പാട് എന്നിവ വേണം. രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഇല്ലാത്ത രചനകൾ വിജയിക്കില്ല. ഇതെല്ലാം കലർത്തി സത്യസന്ധമായി എഴുതുന്നവനേ മികച്ച എഴുത്തുകാരനായി വരാൻ സാധിക്കൂ..!

കടപ്പാട്: വികടൻ

Read More >>