കേരളത്തിലെ കാടുകൾ പൂത്തുലയട്ടെ...

ഭരണകൂടം എന്നത് ഇവരെ സംബന്ധിച്ചിടത്തോളം അടച്ചമർത്തുവാൻ മാത്രം വരുന്ന അധികാര വർഗമാണ്. കാക്കിയുടെ കനപ്പും ബൂട്ടിന്റെ പാടുകളുമാണ്. പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും അരി പൂഴ്ത്തി വയ്ക്കുന്ന, തങ്ങൾക്ക് അർഹമായതു പോലും നിഷേധിക്കുന്ന ചുവപ്പു നാടകളാണ്. അത്തരം ഒരു ഭരണകൂടത്തിൽ പ്രതീക്ഷകൾ എല്ലാം നശിച്ചിരിക്കുന്നവർക്കിടയിലേക്കാണു മാവോയിസത്തിന്റെ വേരുകൾ പടരുന്നത്.

കേരളത്തിലെ കാടുകൾ പൂത്തുലയട്ടെ...

നിലമ്പൂർ കാടുകളിലെ വെടിയൊച്ചകളുടെ പശ്ചാത്തലത്തിൽ ഏറെ കാലിക പ്രസക്തമാണ് ഡോക്ടർ ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം" എന്ന ചിത്രവും അതിലെ പ്രതിപാദ്യ വിഷയവും. കേരളത്തിലെ കാടുകളിൽ മാവോയിസ്റ് സാന്നിധ്യം ശക്തിപ്പെടുന്നു എന്നത് ഇന്നു കേട്ടു തഴമ്പിച്ച ഒരു വാദമായിരിക്കുന്നു. മാവോയിസ്റ് സാന്നിധ്യം അരക്കിട്ടുറപ്പിക്കാനും അവരെ അമർച്ച ചെയ്യുവാനും ഭരണകൂടം നന്നായി വിയർക്കുന്നുണ്ടു താനും.

ആരാണു മാവോയിസ്റ്റ്, എന്താണു മാവോയിസം, എന്നിങ്ങനെ രണ്ടു പ്രധാന ചോദ്യങ്ങൾ ആണ് ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ ഈ ചോദ്യങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല കേരളത്തിലെ മാവോയിസ്റ്റ് പ്രശ്നവും അതിനെ നേരിടുന്ന രീതികളും. നിലനിൽക്കുന്ന നിയമ, ഭരണ വ്യവസ്ഥിതികൾ ചോദ്യം ചെയ്യുകയും അതിനെ അട്ടിമറിച്ചു പുതിയൊരു വ്യവസ്ഥക്കു രൂപം നൽകുവാൻ ശ്രമിക്കുകയും ആണല്ലോ മാവോയിസ്റ്റുകളുടെ ആത്യന്തിക ലക്‌ഷ്യം. അത്തരത്തിൽ അട്ടിമറിക്കപ്പെടണം എന്നുണ്ടെങ്കിൽ നിലവിലെ വ്യവസ്ഥകളിൽ അവർ പോരായ്മകൾ ഉന്നയിക്കണം. അതവർ ചെയ്യുന്നുമുണ്ട്. ഉന്നയിക്കപ്പെടുന്ന പോരായ്മകൾ പരിഹരിക്കുന്നതിനു പകരം ഉന്നയിക്കുന്നവരെ തന്നെ ഇല്ലായ്മ ചെയ്യുവാനാണു നിലവിലുള്ള ഭരണ വ്യവസ്ഥ ശ്രമിക്കുന്നത്.


ഉത്തരേന്ത്യയിലായാലും ഇങ്ങു കേരളത്തിൽ ആയാലും മാവോയിസ്റ്റുകളെ രാജ്യസുരക്ഷയ്ക്കുള്ള ഏറ്റവും വലിയ ഭീഷണി ആയാണു കണ്ടിട്ടുള്ളത്. രാജ്യത്തിൻറെ ഐക്യത്തിനും, അഖണ്ഡതയ്ക്കും, വികസന സ്വപ്നങ്ങൾക്കും വിലങ്ങു തടിയാകുന്ന ദേശദ്രോഹികൾ ആയാണ് അവർ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ അവർ പ്രതിനിധാനം ചെയ്യുന്നത് അടിച്ചമർത്തപ്പെടുകയും പാർശ്വവത്ക്കരിക്കപ്പെടുകയും ചെയ്ത ഒരു ജന വിഭാഗത്തിന്റെ നിലനിൽപ്പിനായുള്ള അവകാശത്തെ ആണ് എന്നത് എവിടെയും കാര്യമായ ചർച്ച ആകുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും, ജന നേതാക്കളും, വികസന പരിപ്രേക്ഷ്യങ്ങളും ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത ആദിവാസികളുടെയും ദളിതരുടെയും മറ്റു സാമൂഹിക പിന്നാക്കാവസ്ഥയിൽ ഉള്ള ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ധീരമായ പ്രവർത്തനം കൂടെയാണ് അവർ ചെയ്യുന്നത്. തങ്ങൾക്ക് ഇടം നിഷേധിച്ച ജനാധിപത്യ വ്യവസ്ഥയിൽ തങ്ങളുടേതായ ഇടം നേടിയെടുക്കുന്നതിനും ചൂഷണങ്ങൾ അവസാനിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കുന്നതിനുമുള്ള പോരാട്ടമാണ് അവർ നടത്തുന്നത്.

മാറി മാറി വന്ന ഭരണകൂടങ്ങൾ എല്ലാം തന്നെ അധികാരവും ശക്തിയും ഉപയോഗിച്ച് മാവോയിസത്തെ അടിച്ചമർത്തുവാൻ മാത്രമാണു ശ്രമിച്ചിട്ടുള്ളത്. അവർ ഉന്നയിച്ചു വരുന്ന ആശയങ്ങളും ആവശ്യങ്ങളും ഇന്നും മാറ്റമേതുമില്ലാതെ തുടരുന്നു. സ്വതന്ത്ര ഭാരതത്തിന് 70 വയസ്സായിട്ടും ഗ്രാമീണ മേഖലകളിലും ആദിവാസി മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തുവാൻ നമുക്കായിട്ടില്ല. കൊട്ടിഘോഷിക്കപ്പെട്ട "കേരള മോഡൽ" വികസന മാതൃകയിൽ പോലും ആശാസ്യമായതൊന്നും ഉണ്ടായില്ല. ഭൂപരിഷ്കരണത്തിലും ഇവർ തഴയപ്പെട്ടു.

ഭരണകൂടം എന്നത് ഇവരെ സംബന്ധിച്ചിടത്തോളം അടച്ചമർത്തുവാൻ മാത്രം വരുന്ന അധികാര വർഗമാണ്. കാക്കിയുടെ കനപ്പും ബൂട്ടിന്റെ പാടുകളുമാണ്. പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും അരി പൂഴ്ത്തി വയ്ക്കുന്ന, തങ്ങൾക്ക് അർഹമായതു പോലും നിഷേധിക്കുന്ന ചുവപ്പു നാടകളാണ്. അത്തരം ഒരു ഭരണകൂടത്തിൽ പ്രതീക്ഷകൾ എല്ലാം നശിച്ചിരിക്കുന്നവർക്കിടയിലേക്കാണു മാവോയിസത്തിന്റെ വേരുകൾ പടരുന്നത്. അതു വെട്ടി നശിപ്പിച്ചാൽ കൂടുതൽ തഴച്ചു വളരുകയേ ഉള്ളു. വേരോടെ പിഴുതെറിയണം. അതിന് അവകാശപ്പെട്ടത് അവകാശപ്പെട്ടവർക്കു നൽകണം. അനിയന്ത്രിതമായ വിഭവ ചൂഷണം അവസാനിപ്പിച്ചു കാടും മേടും സംരക്ഷിക്കണം. അത്തരത്തിൽ വെടിയൊച്ചകൾ നിലച്ചു കേരളത്തിലെ കാടുകൾ പൂത്തുലയട്ടെ.

നിധിൻ രാജാമണി
(റിസർച്ച് സ്കോളർ, ടാറ്റ ഇൻസ്റ്റിറ്റ്യട്ട് ഓഫ് സോഷ്യൽ സയൻസസ്)