പാടം ഗ്രാമത്തെ വിറപ്പിച്ച പുലി ഒടുവില്‍ കെണിയിലായി

രണ്ടാഴ്ച മുമ്പ് പുലിയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്കാണ് ഗ്രാമവാസികള്‍ രക്ഷപെട്ടത്. അന്നു നായ അടക്കമുളള വളര്‍ത്തുമ്യഗങ്ങളെ പുലി കൊന്നിരുന്നു. ഇതേ തുടര്‍ന്ന് പാടം കടുവാമൂലയിലേയും ഇരുട്ടുതറയിലേയും ഗ്രാമവാസികള്‍ ഭീതിയിലായിരുന്നു. ഉദ്ദേശം ഏഴു വയസു പ്രായം വരുന്ന പുലിയാണ് ഇന്നു പുലര്‍ച്ചെ 1.45ഓടെ കൂട്ടില്‍ കുടുങ്ങിയത്.

പാടം ഗ്രാമത്തെ വിറപ്പിച്ച പുലി ഒടുവില്‍ കെണിയിലായി

പത്തനാപുരം: ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പേടിസ്വപ്‌നമായിരുന്ന പുളളിപ്പുലി ഒടുവില്‍ കെണിയിലായി. പത്തനാപുരം ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കടശ്ശേരി സെക്ഷനിലെ പാടം ഇരുട്ടുതറയില്‍ വനംവകുപ്പു സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രണ്ടാഴ്ച മുമ്പ് പുലിയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്കാണ് ഗ്രാമവാസികള്‍ രക്ഷപെട്ടത്. അന്നു നായ അടക്കമുളള വളര്‍ത്തുമ്യഗങ്ങളെ പുലി കൊന്നിരുന്നു.

ഇതേ തുടര്‍ന്ന് പാടം കടുവാമൂലയിലേയും ഇരുട്ടുതറയിലേയും ഗ്രാമവാസികള്‍ ഭീതിയിലായിരുന്നു. ഉദ്ദേശം ഏഴു വയസു പ്രായം വരുന്ന പുലിയാണ് ഇന്നു പുലര്‍ച്ചെ 1.45ഓടെ കൂട്ടില്‍ കുടുങ്ങിയത്. നായയുടെ കുരകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് അധിക്യതരെ വിവരമറിയിക്കുകയായിരുന്നു.


പത്തു ദിവസം മുമ്പാണ് ജനവാസമേഖലയോടു ചേര്‍ന്ന ഭാഗത്തു വനംവകുപ്പ് കൂടു സ്ഥാപിച്ചത്. പുലി കൂട്ടില്‍ കുടുങ്ങിയ വാര്‍ത്ത കാട്ടുതീ പോലെ നാട്ടിലെങ്ങും പരന്നു. ഇതോടെ, ആയിരങ്ങളാണ് പുലിയെ കാണാനായി ഇരുട്ടുതറയിലേക്ക് ഒഴുകിയെത്തിയത്. ജനത്തെ നിയന്ത്രിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നന്നേ പാടുപെട്ടു. എല്ലാവരുടേയും മുഖത്ത് പുലിയെ പിടികൂടിയതിലുളള സന്തോഷമായിരുന്നു.വന്നവര്‍ മൊബൈലില്‍ ഫോട്ടോയെടുക്കാനും സെല്‍ഫിയെടുക്കാനും മറന്നില്ല. ജനത്തിരക്ക് വര്‍ധിച്ചതിനാല്‍ ഒടുവില്‍ വടം കെട്ടിയാണ് അവരെ നിയന്ത്രിച്ചത്. തുടര്‍ന്ന് രാവിലെ ഒന്‍പതോടെ സ്ഥലത്തെത്തിയ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ സിഎസ് ജയകുമാറിന്റെ നേത്യത്വത്തിലുളള സംഘം പുലിയെ പ്രാഥമിക പരിശോധനയ്ക്കായി കറവൂരിലെ വനംവകുപ്പ് ഓഫീസിലേക്കു കൊണ്ടുപോയി. ടെമ്പോയില്‍ കൂടുസഹിതമാണ് പുലിയെ കറവൂരില്‍ കൊണ്ടുപോയത്.

പുലിയ്ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലന്ന് പരിശോധനയില്‍ ബോധ്യപ്പെട്ട ശേഷം റാന്നി- അച്ചന്‍കോവില്‍ വനമേഖലയിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടതായി പുനലൂര്‍ ഡിഎഫ്ഒ ടി സിദ്ധിഖ് നാരദാ ന്യൂസിനോടു പറഞ്ഞു. പത്തനാപുരം റേഞ്ച് ഓഫീസര്‍ സികെ ജോണ്‍സണ്‍, അഞ്ചല്‍ റേഞ്ച് ഓഫീസല്‍ ജയന്‍ വനംവകുപ്പ് ജീവനക്കാരായ സി രാജിക്കുട്ടി, അജയന്‍, അഭിലാഷ്, പ്രസന്നന്‍ എന്നിവരാണു പുലിയെ പിടികൂടാനും പ്രദേശത്തു സുരക്ഷയെരുക്കാനും നേത്യത്വം നല്‍കിയത്.

Read More >>