ചര്‍ച്ച പരാജയം: പ്രിന്‍സിപ്പല്‍ രാജിവയ്ക്കില്ലെന്ന് മാനേജ്‌മെന്റ്; വഴങ്ങില്ലെന്ന് വിദ്യാര്‍ത്ഥികള്‍; വീണ്ടും സമവായശ്രമം

ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്കാണ് ഇനി നീങ്ങുകയെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ചര്‍ച്ച പരാജയം: പ്രിന്‍സിപ്പല്‍ രാജിവയ്ക്കില്ലെന്ന് മാനേജ്‌മെന്റ്; വഴങ്ങില്ലെന്ന് വിദ്യാര്‍ത്ഥികള്‍; വീണ്ടും സമവായശ്രമം

വിദ്യാര്‍ത്ഥി സമരം ശക്തമായതിനെ തുടര്‍ന്നു ഡയറക്ടര്‍ ബോര്‍ഡ് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തത്ക്കാലത്തേക്കു തദ്സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താമെന്ന നിലപാട് ഡയറക്ടര്‍ ബോര്‍ഡ് നിലപാടെടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

ചര്‍ച്ചയില്‍ ആദ്യമായി സംസാരിച്ച ഡയറക്ടര്‍ നാരായണന്‍ നായര്‍തന്നെ, ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്നും വേണമെങ്കില്‍ അവധിയില്‍ പോവുമെന്നും അറിയിക്കുകയായിരുന്നു. മാത്രമല്ല, അവധിയില്‍ പോയാലും

 ലോ അക്കാദമിയിലെ അധ്യാപനം തുടരുമെന്നും നാരായണന്‍ നായര്‍ വ്യക്തമാക്കി. രാജി വയ്ക്കില്ലെന്നു ലക്ഷ്മി നായരും അറിയിച്ചതോടെ സമരം തങ്ങള്‍ അവസാനിപ്പിക്കില്ലെന്നു വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു.


തുടര്‍ന്ന് അഞ്ചുവര്‍ഷത്തേക്കു പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ലക്ഷ്മി നായരെ മാറ്റിനിര്‍ത്തണമെന്നും അധ്യാപനത്തിനു പോലും അവര്‍ വരില്ലെന്നു രേഖാമൂലം എഴുതിനല്‍കണമെന്നും വിദ്യാര്‍ത്ഥി പ്രതിനിധിയായ ആര്യ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യവും മാനേജ്‌മെന്റ് നിരസിക്കുകയായിരുന്നു. ഇതോടെ ചര്‍ച്ച ബഹിഷ്‌കരിക്കുന്നതായി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്കാണ് ഇനി നീങ്ങുകയെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

അതേസമയം, പ്രക്ഷോഭം ശക്തമാക്കുമെന്നു വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചതോടെ ഡയറക്ടര്‍ ബോര്‍ഡ് അവരെ തിരിച്ചുവിളിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും ആവശ്യങ്ങള്‍ എഴുതിവാങ്ങുകയാണ് മാനേജ്‌മെന്റ്.

ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്‍ നായരുമായി എകെജി സെന്ററില്‍ സിപിഐഎം നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

പാചകത്തിന്റെ രസക്കൂട്ടുകള്‍ മലയാളിക്ക് പരിചയപ്പെടുത്തുന്ന ലക്ഷ്മിനായര്‍ ലോ അക്കാദമിയെ കുടുംബസ്വത്താക്കി മാറ്റിയ കഥ നാരദാ ന്യൂസ്‌ പുറത്തുകൊണ്ടു വന്നിരുന്നു. ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു സ്വാശ്രയകോളേജുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ നാരദാ ന്യൂസ്‌ പ്രത്യേക ഡെസ്ക് ആരംഭിച്ചിരുന്നു. ഇവിടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ വിദ്യാര്‍ഥികളില്‍ നിന്നുമാണ് തിരുവനന്തപുരം ലോ അക്കാദമിയിലെ ഞെട്ടിക്കുന്ന അരാജകത്വം പുറത്തുവന്നത്.

നേരത്തെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചുവെന്ന കുറ്റത്തിന് നേരത്തെ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇന്റേണല്‍ മാര്‍ക്കിലടക്കം കൃത്രിമം കാണിച്ചുവെന്ന പരാതിയെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ സംബന്ധമായ ജോലികളില്‍ നിന്ന് ലക്ഷ്മി നായരെ കേരള സര്‍വകലാശാല വിലക്കിയിരുന്നു. എന്നാല്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറാതെ സമരം അവസാനിപ്പിക്കില്ലെന്ന ശക്തമായ നിലപാടിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരുന്നത്.

സര്‍ക്കാര്‍ നടപടിയെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും രാജിവെയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു ലക്ഷ്മി നായര്‍ ആദ്യം പ്രതികരിച്ചിരുന്നത്. അച്ഛന്‍ പറയാതെ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ലക്ഷ്മി നായര്‍ താല്‍കാലികമായി ഒഴിഞ്ഞു നില്‍ക്കാം എന്ന് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്‌.

ലോ അക്കാദമിയിലെ ‘ലക്ഷ്മി’ ഭരണത്തിനെതിരെ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം, ഇപ്പോള്‍ കോളേജിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും എന്ന സാഹചര്യമുണ്ടായപ്പോഴാണ് ഇത്തരത്തിലുള്ള നിലപാട് ഉണ്ടായിരിക്കുന്നത്. സമരം ശക്തമായി തുടരും എന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.

Read More >>