രണ്ടാംവട്ട ചര്‍ച്ചയും പാളി: രാജിയില്‍ 'രാജി'യില്ലെന്നു വിദ്യാര്‍ത്ഥികള്‍

ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്കാണ് ഇനി നീങ്ങുകയെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

രണ്ടാംവട്ട ചര്‍ച്ചയും പാളി: രാജിയില്‍

ലോ അക്കാദമി വിഷയത്തില്‍ സമവായശ്രമത്തിനായി രാത്രി എട്ടിനു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ ചര്‍ച്ച പാളിയ സാഹചര്യത്തില്‍ വീണ്ടും നടത്തിയ അനുനയ ശ്രമവും പരാജയം. ലക്ഷ്മി നായര്‍ രാജി വേണമെന്ന നിലപാടില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ വിട്ടുവീഴ്ചക്കു തയ്യാറാവാതിരുന്നതോടെയാണ് ഇത്. നേരത്തെയും പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നതോടെയാണ് ആദ്യ ചര്‍ച്ച പൊളിഞ്ഞത്. തുടര്‍ന്ന് ചര്‍ച്ച ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പുറത്തുവന്നതോടെയാണ് അവരെ മാനേജ്‌മെന്റ് തിരിച്ചുവിളിച്ചത്.


തുടര്‍ന്ന്, നിലപാട് അല്‍പ്പം മയം വരുത്തി പ്രിന്‍സിപ്പലിനെ മാറ്റനിര്‍ത്താമെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് എത്തിയെങ്കിലും എത്ര നാളത്തേക്കാണ് ഇതെന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല. മാത്രമല്ല, വൈസ് പ്രിന്‍സിപ്പലിനു പകരം ചുമതല നല്‍കാമെന്നും എന്നാല്‍ ലക്ഷ്മി നായര്‍ ഫാക്കല്‍റ്റിയായി തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

എന്നാല്‍ രാജിയെന്ന ആവശ്യത്തില്‍ അപ്പോഴും വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നു. അതില്ലെങ്കില്‍ അഞ്ചുവര്‍ഷത്തേക്കാണ് സര്‍വ്വകലാശാല ഡീബാര്‍ ചെയ്തിരിക്കുന്നതെന്നും അതിനാല്‍ അത്രയും കാലത്തേക്കെങ്കിലും ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. കൂടാതെ, ജാമ്യമില്ലാ കേസില്‍ പ്രതിയായ ആള്‍ അധ്യാപികയായി പോലും തുടരുന്നത് അംഗീകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ തുറന്നടിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് മൗനം പാലിച്ചതോടെ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ ചര്‍ച് ബഹിഷ്‌കരിച്ചു പുറത്തുവരികയായിരുന്നു. തങ്ങളുന്നയിച്ച 11 ആവശ്യങ്ങളില്‍ ഒന്നാമത്തേത് പ്രിന്‍സിപ്പലിന്റെ രാജിയാണെന്നും അക്കാര്യത്തില്‍ തങ്ങള്‍ 'രാജി'ക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. സമരത്തിന്റെ അടുത്ത ഘട്ടം എങ്ങനെയായിരിക്കണമെന്ന് ആലോചിച്ചുതീരുമാനിക്കുമെന്നും ശക്തമായ പ്രക്ഷോഭമാണ് നടത്തുകയെന്നും അവര്‍ പറഞ്ഞു.

അതേസമയം, തങ്ങള്‍ മുന്നോട്ടുവച്ച മറ്റു പല ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചതായും സിസി ടിവി ക്യാമറകള്‍ നാളെത്തന്നെ മാറ്റുമെന്നു ഉറപ്പുലഭിച്ചതായും എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു. എങ്കിലും എസ്എഫ്‌ഐ സമരം തുടരുമെന്നും തുടര്‍നടപടികള്‍ നാളെത്തെ സംസ്ഥാന സമിതി യോഗത്തില്‍ ഉണ്ടാവുമെന്നും അവര്‍ അറിയിച്ചു.

നേരത്തെ നടന്ന ചര്‍ച്ചയില്‍ ചര്‍ച്ചയില്‍ ആദ്യമായി സംസാരിച്ച ഡയറക്ടര്‍ നാരായണന്‍ നായര്‍തന്നെ, ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്നും വേണമെങ്കില്‍ അവധിയില്‍ പോവുമെന്നും അറിയിക്കുകയായിരുന്നു. മാത്രമല്ല, അവധിയില്‍ പോയാലും ലോ അക്കാദമിയിലെ അധ്യാപനം തുടരുമെന്നും നാരായണന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. രാജി വയ്ക്കില്ലെന്നു ലക്ഷ്മി നായരും അറിയിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോയത്.
പലവിധ നാടകങ്ങള്‍ക്കൊടുവിലാണ് രാത്രി എട്ടിനു അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ് വിളിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലക്ഷ്മി നായര്‍ നടത്തിയത് ഗുരുതരമായ നിയമലംഘനമാണെന്ന ഉപസമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് പരീക്ഷാ ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ രാജി തീരുമാനത്തില്‍ ഉറച്ചുനിന്നതിനാലും രാഷ്ട്രീയ സമ്മര്‍ദ്ദം രൂക്ഷമായതിനാലും വിഷയത്തില്‍ സിപിഐഎമ്മും അനുനയ ശ്രമത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസമന്ത്രിയെ സിപിഐഎം ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് പേരൂര്‍ക്കട പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെ രംഗം കൂടുതല്‍ പ്രക്ഷ്ുബ്ധമായതോടെയാണ് ചര്‍ച്ചയിലേക്കു നീങ്ങാന്‍ മാനേജ്‌മെന്റ് തയ്യാറായത്.

Photo Courtesy: India Today 

Read More >>