ലോ അക്കാദമി ഭൂമി സ്വന്തമാക്കിയത് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച്: അനുമതി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍; നടക്കുന്നത് കുടുംബവാഴ്ച

തിരുവനന്തപുരം ലോ അക്കാദമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും മുഖ്യമന്ത്രി, റവന്യു, വിദ്യാഭ്യാസ മന്ത്രിമാര്‍ രക്ഷാധികാരികളും ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ വക്കീലന്മാരും അംഗങ്ങളുമായ ബോഡിയാണ് അക്കാദമിക്കുള്ളതെന്നുമായിരുന്നു 1968 ലെ കൃഷി-വൈദ്യുതി മന്ത്രി എംഎന്‍ ഗോവിന്ദന്‍നായര്‍ നിയമസഭയില്‍ നല്‍കിയ മറുപടി. എന്നാല്‍ നിയമസഭാ രേഖകളില്‍ പറയുന്നതുപോലെ ലോ അക്കാദമിയില്‍ ഇന്ന് ഗവര്‍ണറുടെ മേല്‍നോട്ടമോ സര്‍ക്കാരിന്റെ ഏതെങ്കിലും നിയന്ത്രണമോ ഇല്ല. മറിച്ച് ഒരു സ്വകാര്യ ട്രസ്റ്റിലൂടെ മാനേജ്മെന്റിന്റെ കുടുംബസ്വത്ത് എന്ന നിലയ്ക്കാണ് ഇപ്പോള്‍ ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്.

ലോ അക്കാദമി ഭൂമി സ്വന്തമാക്കിയത് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച്: അനുമതി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍; നടക്കുന്നത് കുടുംബവാഴ്ച

തിരുവനന്തപുരം ലോ അക്കാദമി മാനേജ്മെന്റ്  ഭൂമി കൈക്കലാക്കിയത് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്ന് നിയമസഭാ രേഖകൾ. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു അക്കാദമി ആരംഭിക്കാനായിരുന്നു 11.49 ഏക്കര്‍ ഭൂമി 1968ൽ അക്കാദമിയ്ക്കു നൽകിയത്. ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും മുഖ്യമന്ത്രി, റവന്യു, വിദ്യാഭ്യാസ മന്ത്രിമാര്‍ രക്ഷാധികാരികളും ഹൈക്കോടതി ജഡ്ജിമാര്‍ അംഗങ്ങളുമായ ബോഡിയാണ് അക്കാദമിക്കുള്ളതെന്നുമായിരുന്നു അക്കാദമിയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് അന്നത്തെ കൃഷി-വൈദ്യുതി മന്ത്രി എംഎന്‍ ഗോവിന്ദന്‍നായര്‍ നിയമസഭയില്‍ നല്‍കിയ മറുപടി. കൂടാതെ പ്രമുഖ വക്കീലന്മാരും അതില്‍ അംഗങ്ങളായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിയമസഭാംഗമായിരുന്ന എന്‍ഐ ദേവസിക്കുട്ടിയാണ് പ്രശ്നം നിയമസഭയിൽ ഉന്നയിച്ചത്.


എന്നാല്‍, എംഎൻ ഗോവിന്ദൻ നായർ വാഗ്ദാനം ചെയ്തതുപോലെ ലോ അക്കാദമിയില്‍ ഗവര്‍ണറുടെ മേല്‍നോട്ടമോ സര്‍ക്കാരിന്റെ നിയന്ത്രണമോ ഇല്ല. മറിച്ച് ഒരു സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി മാനേജ്‌മെന്റിന്റെ കുടുംബസ്വത്ത് എന്ന നിലയ്ക്കാണ് പ്രവർത്തനം.  ഡോ. നാരായണന്‍ നായരും കുടുംബവുമാണ്  ഭരണസമിതി അംഗങ്ങള്‍. ഡോ. നാരായണന്‍ നായര്‍, അദ്ദേഹത്തിന്റെ മകന്‍ നാഗരാജ് നായര്‍, മകളും പ്രിന്‍സിപ്പലുമായി ലക്ഷ്മി നായര്‍, അനിയനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഇദ്ദേഹത്തിന്റെ ഭാര്യ തുളസീമണി, നാരായണന്‍ നായരുടെ സഹോദരീ പുത്രന്‍ ജയകുമാര്‍, മുതിര്‍ന്ന ബിജെപി നേതാവ് അയ്യപ്പന്‍പിള്ള എന്നിവരുടെ പേരുകള്‍ മാത്രമാണ് പലര്‍ക്കും അറിയാവുന്നത്. മറ്റു അംഗങ്ങളുടെ പേരുകള്‍ രേഖകളില്‍ ലഭ്യമല്ല.

1977ലെ യൂണിവേഴ്‌സിറ്റി ചട്ടം 24ാം അധ്യായം, 92ാം ഉടമ്പടി പ്രകാരം കാലാകാലങ്ങളിൽ കോളേജുകളുടെ  ഭരണസമിതിയിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും സര്‍വ്വകലാശാലയെ അറിയിക്കണം. എന്നാല്‍ ലോ അക്കാദമി ഇതുവരെ മാനേജ്‌മെന്റ് അംഗങ്ങളുടെ വിവരങ്ങള്‍ സര്‍വ്വകലാശാലയെ അറിയിച്ചിട്ടില്ല. അതായത്, അക്കാദമിക്കു ഭൂമി ലഭിച്ച ശേഷം സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം യൂണിവേഴ്സിറ്റി നിയമങ്ങളുമെല്ലാം പാടേ ലംഘിച്ചാണ് അക്കാദമിയുടെ പ്രവർത്തനം. കാലാകാലങ്ങളിൽ അധികാരത്തിലുണ്ടായിരുന്ന എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകളെല്ലാം  കണ്ണടച്ചു കൊടുക്കുകയും ചെയ്തു.അതേസമയം, കോളേജിനു ഭൂമി നല്‍കിയതു സംബന്ധിച്ചുള്ള രേഖകള്‍ കളക്ടറേറ്റിലോ തഹസീല്‍ദാറുടെ പക്കലോ ലഭ്യമല്ല. കൂടാതെ അഫിലിയേഷന്‍ സംബന്ധിച്ച ഫയലുകള്‍ കേരള സര്‍വ്വകലാശാലയില്‍ ഇല്ലെന്നുമാണ് വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി.
ഇക്കാര്യം നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു
. മാത്രമല്ല, സ്വാശ്രയ മേഖലയില്‍ പ്രൈവറ്റ് കോളേജ് പട്ടമുള്ള ഏക കോളേജാണ് ലോ അക്കാദമിയെന്നാണ് സര്‍വ്വകലാശാല വ്യക്തമാക്കുന്നത്. കേരളത്തിലെ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ഒരു സ്വാശ്രയകോളേജിനും പ്രൈവറ്റ് എന്ന പദവി ലഭിച്ചിട്ടില്ലാത്തപ്പോഴാണ് ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിക്കു മാത്രം ഈ സൗഭാഗ്യം. ഏകദേശം 300 കോടി രൂപയാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ മതിപ്പുവില.

ലോ അക്കാദമി ആവശ്യത്തിലധികം കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമന്ന് കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികളുടെ സമരപ്പന്തലിലെത്തിയ വിഎസ് അച്യൂതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

1968ല്‍ രണ്ടാം ഇഎംഎസ് സര്‍ക്കാര്‍ ലോ അക്കാദമിക്ക് ഭൂമി നല്‍കിയപ്പോള്‍ത്തന്നെ വിവാദങ്ങളും ഉടലെടുത്തിരുന്നു. സ്വന്തം പാര്‍ട്ടിക്കാരനും ലോ അക്കാദമിയുടെ ഇപ്പോഴത്തെ ഡയറക്ടറുമായ നാരായണന്‍നായര്‍ക്ക് എംഎന്‍ ഗോവിന്ദന്‍നായര്‍ ഭൂമി നല്‍കിയെന്നായിരുന്നു ആരോപണം. റവന്യൂമന്ത്രിയായിരുന്ന കെആര്‍ ഗൗരിയമ്മ തന്നെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ആര്‍ക്കെങ്കിലും ഭൂമി അനുവദിക്കാനുള്ള അധികാരം തനിക്കാണെന്നും ആ അധികാരത്തിന്മേല്‍ കൃഷി മന്ത്രി കൈകടത്തുകയായിരുന്നുവെന്നും ഗൗരിയമ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിനുളള കോളേജിനാണ് ഭൂമി ദാനം എന്നുമായിരുന്നു സര്‍ക്കാരിന്റെ മറുവാദം. ഈ സാഹചര്യത്തില്‍ അനുമതി നല്‍കിയ അന്നത്തെ സര്‍ക്കാരിന്റെ നീക്കവും ദുരൂഹതയുണര്‍ത്തുന്നു.

മാത്രമല്ല, ലോ അക്കാദമിക്കായി നല്‍കിയ ഭൂമിയിലാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരും സഹോദരനും ലക്ഷ്മി നായരുടെ അച്ഛനുമായ ഡോ. നാരായണന്‍ നായരും വീടുവച്ചു താമസിക്കുന്നത്. ഇതും ഗുരുതരമായ ചട്ടലംഘനാണ്. എന്നാല്‍ ഇതുവരെയുള്ള എല്ലാ സര്‍ക്കാരും ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പിണറായി സര്‍ക്കാരും ഇതുവരെ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യം ജനുവരി 13ന് നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More >>