മാനേജ്മെന്റിന്റെ നീതി ആവശ്യപ്പെട്ട് ആരംഭിച്ച സമരം; ലക്ഷ്മി നായരെ അഞ്ചുവർഷത്തേയ്ക്കു പടിയിറക്കി പിന്മാറ്റം

വിദ്യാർത്ഥി സമരങ്ങളോട് ഏതെങ്കിലുമൊരു സ്വകാര്യ കോളജിലെ മാനേജ്മെന്റ് ഈ വിധമൊരു ഒത്തുതീർപ്പിനു വഴങ്ങിയിട്ടുണ്ടോ എന്ന പരിശോധനയും ബാക്കിയാക്കിയാണ് ലോ അക്കാദമിയിലെ സമരത്തിൽ നിന്ന് എസ്എഫ്ഐ പിന്മാറുന്നത്. ശേഷിക്കുന്നവർ സമരരംഗത്തുണ്ട്. എന്നേന്നേയ്ക്കുമായി. ഡോ. ലക്ഷ്മി നായർ രാജി വെയ്ക്കും വരെ അവരും സമരം ചെയ്യട്ടെ. നമുക്കു വേണ്ടത് വാർത്തയാണ്.

മാനേജ്മെന്റിന്റെ നീതി ആവശ്യപ്പെട്ട് ആരംഭിച്ച സമരം; ലക്ഷ്മി നായരെ അഞ്ചുവർഷത്തേയ്ക്കു പടിയിറക്കി പിന്മാറ്റം

നാരദാ ന്യൂസാണ് തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത്. ലക്ഷ്മി നായര്‍ വിലാസം ലോ അക്കാദമി; വിദ്യാര്‍ത്ഥികളുടെ ഭാവി പൊരിക്കുന്ന അധ്യാ’പാചകം’ എന്ന തലക്കെട്ടിൽ ഷിയാസ് ബിൻ ഫരീദിന്റെ വാർത്ത പ്രസിദ്ധീകരിച്ചത് ജനുവരി 13ന്. ജനുവരി 31ന് എസ്എഫ്ഐ സമരത്തിൽ നിന്നു പിന്മാറി.

ലക്ഷ്മി നായര്‍ അഞ്ചുവര്‍ഷത്തേക്കു തദ്സ്ഥാനത്തുനിന്ന് മാറിനില്‍ക്കാമെന്നും ഈ കാലാവധിയില്‍ ഫാക്കല്‍റ്റിയായും തുടരില്ലെന്നും രേഖാമൂലം ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അവർ സമരരംഗത്തു നിന്നു പിന്മാറിയത്. മറ്റു വിദ്യാർത്ഥി സംഘടനകൾ സമരം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 1ന് പഠിപ്പുമുടക്കാൻ കെഎസ്‌യുവും എബിവിപിയും എഐഎസ്എഫും എംഎസ്എഫും തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുടെ ഹർത്താൽ. സംഗതി രാഷ്ട്രീയമായി... അതിന്റെ അലയൊലികൾ ഇനി ദിവസങ്ങളോളും നീളും.


നാരദാ ന്യൂസ് ആദ്യം പ്രസിദ്ധീകരിച്ച വാർത്തയിൽ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ മുന്നോട്ടു വച്ച ആവശ്യങ്ങളുടെ പട്ടികയുണ്ട്. അതിലെവിടെയും പ്രിൻസിപ്പലിന്റെ രാജി ഒരാവശ്യമായിരുന്നില്ല.

എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ ലോ അക്കാദമി മാനേജുമെന്റിനു മുന്നിൽ വച്ച ആവശ്യങ്ങൾ ഇവയായിരുന്നു

 •  അറ്റൻഡൻസ് എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുക.

 • ഇന്റേണൽ മാർക്കിന്റെ നടപടികൾ സുതാര്യമാക്കുക
  വിദ്യാർത്ഥികളുടെ കോളജിലെ സമാന്തരഭരണം അവസാനിപ്പിക്കുക

 • കോളജിലെ അപ്രഖ്യാപിത രാഷ്ട്രീയ നിരോധനം പിൻവലിക്കുക

 • നവമാധ്യമങ്ങളിലെ വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാതിരിക്കുക.

 • വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക.

 • വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുക

 • വിദ്യാർത്ഥികളോട് സഭ്യമായ രീതിയിൽ മാനേജ്മെന്റ് പെരുമാറുക

 • ക്ലാസ് റൂമുകളിൽ ഒഴികെയുളള ക്യാമറകൾ ഒഴിവാക്കുക.

 • ടോയ്‌ലെറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക

 • മാനേജ്മെന്റ് നീതി പാലിക്കുക.


ജനുവരി 20ന് നാരദാ ന്യൂസ് നൽകിയ വാർത്തയിൽ
എന്തുകൊണ്ട് പ്രിൻസിപ്പാൾ രാജി വെയ്ക്കണം എന്ന തലക്കെട്ടിൽ വിദ്യാർത്ഥികൾ നിരത്തുന്ന പതിനൊന്നു കാരണങ്ങളടങ്ങിയ ഫ്ലക്സിന്റെ ഫോട്ടോയുണ്ട്. എസ്എഫ്ഐ നേതാക്കളായ വിദ്യാർത്ഥിനികളടക്കം നിരാഹാരം ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു വാർത്ത.

ലക്ഷ്മി നായരുടെ രാജി തുടക്കത്തിൽ സമരത്തിന്റെ ആവശ്യമായിരുന്നില്ല എന്നതിന് വേറൊരു തെളിവും വേണ്ടതില്ല. പ്രിൻസിപ്പലിന്റെ രാജി ആവശ്യം ഉയർത്തിയപ്പോൾപ്പോലും, രാജി വച്ചാൽ അവർ അധ്യാപികയായി സ്ഥാപനത്തിൽ തുടരുമോ എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ സമരത്തിൽ നിന്ന് എസ്എഫ്ഐ പിന്മാറുമ്പോൾ ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നു പോകും. അധ്യാപികയായിപ്പോലും കാമ്പസിലുണ്ടാവില്ല. അഞ്ചു വർഷത്തേയ്ക്കെങ്കിൽ അഞ്ചു വർഷത്തേയ്ക്ക്.

കൈയോടെ രാജി ആവശ്യം അംഗീകരിക്കുകയും ഒരു വർഷത്തിനകം എന്തെങ്കിലും പഴുതിൽ തിരിച്ചു വരികയും ചെയ്തിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്ന ചോദ്യവും ബാക്കി. അങ്ങനെയുമൊരു സാധ്യതയുണ്ട്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് എക്സൈസ് മന്ത്രി കെ ബാബുവും ഉമ്മൻചാണ്ടിയും കൂടി നടത്തിയ നാടകം ഓർക്കുക. കെ ബാബു രാജിവച്ചു. പിന്നെ തിരിച്ചു വന്നു. കേരളത്തിൽ ഒന്നും സംഭവിച്ചില്ല.

ലോ അക്കാദമി സമരത്തിൽ സംഭവിച്ചത് അതല്ല. വിവാദങ്ങളേറെയുണ്ടാക്കിയ ലക്ഷ്മി നായർ എന്ന പ്രിൻസിപ്പൽ അഞ്ചുവർഷത്തേയ്ക്ക് അക്കാദമിയുടെ കാമ്പസിൽ ഉണ്ടാവില്ലെന്ന് ഒരു വിദ്യാർത്ഥി സംഘടനയ്ക്ക് രേഖാമൂലം ഉറപ്പു നൽകിയിരിക്കുന്നു. ഒപ്പുവച്ചവർ നാരായണൻ നായർ, കെ അയ്യപ്പൻ പിള്ള, ടി കെ ശ്രീനാരായണ ദാസ്, നാഗരാജ് നാരായണൻ എന്നിവർ. ഉറപ്പു ലംഘിക്കപ്പെട്ടാൽ വീണ്ടും സമരത്തിനിറങ്ങാൻ ആ സംഘടനയ്ക്ക് എല്ലാ അവകാശവും നൽകുന്ന കരാർ.

വിദ്യാർത്ഥി സമരങ്ങളോട് ഏതെങ്കിലുമൊരു സ്വകാര്യ കോളജിലെ മാനേജ്മെന്റ് ഈ വിധമൊരു ഒത്തുതീർപ്പിനു വഴങ്ങിയിട്ടുണ്ടോ എന്ന പരിശോധനയും ബാക്കിയാക്കിയാണ് ലോ അക്കാദമിയിലെ സമരത്തിൽ നിന്ന് എസ്എഫ്ഐ പിന്മാറുന്നത്. ശേഷിക്കുന്നവർ സമരരംഗത്തുണ്ട്. എന്നേന്നേയ്ക്കുമായി. ഡോ. ലക്ഷ്മി നായർ രാജി വെയ്ക്കും വരെ അവരും സമരം ചെയ്യട്ടെ. നമുക്കു വേണ്ടത് വാർത്തയാണ്.