ലോ അക്കാദമി: മാനേജ്‌മെന്റുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു; വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ കാണും

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്നു വീണ്ടും ആവര്‍ത്തിച്ച് ഉറപ്പിച്ചതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയെ നിയോഗിച്ചത്. വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ നടത്തിയ സമവായ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിപിഐഎം ആണ് മന്ത്രിയെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിയത്.

ലോ അക്കാദമി: മാനേജ്‌മെന്റുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു; വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ കാണും

20 ദിവസമായി ശക്തമായ വിദ്യാര്‍ത്ഥി സമരം തുടരുന്ന തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രശ്്‌നത്തില്‍ അനുനയ ശ്രമവുമായി വിദ്യാഭ്യാസ മന്ത്രി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്നു വീണ്ടും ആവര്‍ത്തിച്ച് ഉറപ്പിച്ചതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയെ നിയോഗിച്ചത്.

വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ നടത്തിയ സമവായ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിപിഐഎം ആണ് മന്ത്രിയെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിയത്. പാര്‍ട്ടി നേതാക്കള്‍ നാരായണന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളെ ഇന്നലെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി അനുനയ ശ്രമം നടത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം പതിവ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.


രാജി വച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നു ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചപ്പോള്‍ ഇതിനു പൂര്‍ണ പിന്തുണയാണ് എല്ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നല്‍കിയത്. പ്രിന്‍സിപ്പല്‍ മാറി നിന്നാല്‍ വിദ്യാര്‍ത്ഥികള്‍ മറ്റ് ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഈ സാഹചര്യത്തിലാണ് മന്ത്രിയെ ഉപയോഗിച്ചുള്ള സമവായ ശ്രമത്തിനു സിപിഐഎം ശ്രമിക്കുന്നത്.

അതേസമയം, പ്രിന്‍സിപ്പല്‍ രാജി വയ്ക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ സമീപിക്കും. ഇതോടൊപ്പം, വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് കോളേജില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് പാസാക്കിയ പ്രമേയം ഇന്ന് സര്‍ക്കാരിനു സമര്‍പ്പിക്കും.

അതേസമയം, ലോ അക്കാദമി ഭൂമി വിവാദം സമ്മതിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. പരാതി കിട്ടുന്ന മുറയ്ക്ക് അന്വേഷിക്കും. ഇപ്പോള്‍ പ്രഥമ പരിഗണന വിദ്യാഭ്യാസപ്രശ്‌നം പരിഹരിക്കുന്നതിനാണെന്നും മന്ത്രി വ്യക്തമാക്കി.

Read More >>