ലോ അക്കാദമി കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടില്ല; സുപ്രധാന വെളിപ്പെടുത്തലുമായി കേസ് വാദിച്ച അഭിഭാഷകന്‍

ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഉണ്ടെന്നു പറയുന്നവര്‍ അതിന്റെ രേഖകള്‍ ഹാജരാക്കുകയായിരുന്നു വേണ്ടത്. അഫിലിയേഷന് അപേക്ഷിച്ചതിനും അത് അനുവദിച്ചതിനും തെളിവുണ്ടായിരിക്കണം. അതിനാല്‍തന്നെ അഫിലിയേഷന്‍ രേഖകള്‍ക്കായി സര്‍വകലാശാലയില്‍ അന്വേഷിച്ചു സമയം കളയേണ്ടതില്ല' - 1982ല്‍ കേസ് വാദിച്ച അഡ്വക്കേറ്റ് വിന്‍സെന്റ് പാനിക്കുളങ്ങര പറയുന്നു.

ലോ അക്കാദമി കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടില്ല; സുപ്രധാന വെളിപ്പെടുത്തലുമായി കേസ് വാദിച്ച അഭിഭാഷകന്‍

ലോ അക്കാദമിയുടെ അഫിലിയേഷന്‍ സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകളുമായി 1982ല്‍ കേസ് വാദിച്ച അഡ്വക്കേറ്റ് വിന്‍സെന്റ് പാനിക്കുളങ്ങര. ലോ അക്കാദമി കേരളാ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടില്ലെന്നും ഇതിനായി മാനേജ്‌മെന്റ് അപേക്ഷിച്ചിട്ടുപോലുമില്ലെന്നും വിന്‍സെന്റ് വ്യക്തമാക്കി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് പരിഗണിച്ച സമയത്ത് ഇതുമായി ബന്ധപ്പെട്ട യാതൊരു രേഖയും മാനേജ്‌മെന്റിന്റെ അഭിഭാഷകര്‍ ഹാജരാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമിയുടെ അഫിലിയേഷന്‍ സംബന്ധിച്ച രേഖകള്‍ സര്‍വ്വകലാശാലയില്‍ ഇല്ലെന്ന വാര്‍ത്ത ഈമാസം 25നു നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു.

കൊച്ചിയില്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഉണ്ടെന്നു പറയുന്നവര്‍ അതിന്റെ രേഖകള്‍ ഹാജരാക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അതുണ്ടായില്ല. രേഖകള്‍ ഹാജരാക്കാതെ ഇത്തരത്തില്‍ വാദം ഉയര്‍ത്തുന്നതു ശരിയല്ല. അഫിലിയേഷന് അപേക്ഷിച്ചതിനും അത് അനുവദിച്ചതിനും തെളിവുണ്ടായിരിക്കണം. അതിനാല്‍തന്നെ അഫിലിയേഷന്‍ രേഖകള്‍ക്കായി സര്‍വകലാശാലയില്‍ അന്വേഷിച്ചു സമയം കളയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോ അക്കാദമിയെ കോളേജ് എന്നു പറയാനാവില്ല. ഒരു സ്ഥാപനം എന്നേ പറയാനാവൂ. സര്‍വ്വകലാശാലയുടെ അഫിലിയേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ എങ്ങനെ കോളേജാവും. പലതരം അട്ടിമറികള്‍ ലോ അക്കാദമിയില്‍ നടന്നിട്ടുണ്ടെന്നു പറഞ്ഞ വിന്‍സെന്റ് ഈ സ്ഥാപനത്തിലെ അഡ്മിഷന്‍ മൂലം മറ്റു രണ്ടു ലോ കോളേജുകളിലെ അഡ്മിഷന് അട്ടിമറിക്കപ്പെട്ടതായും വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു തനിക്ക് ഒരു വര്‍ഷത്തോളം വിലക്കേര്‍പ്പെടുത്തിയെന്നും വിന്‍സെന്റ് വിശദമാക്കി. ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ നാരായണന്‍ നായര്‍ കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാകുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് 1982 ല്‍ വിന്‍സെന്റ് പാനിക്കുളങ്ങര ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

അതേസമയം, ലോ അക്കാദമിക്ക് അഫിലിയേഷന്‍ നല്‍കിയതിനു രേഖയുണ്ടെന്ന വാദവുമായി മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാര്‍ രംഗത്തെത്തി. 1968 ലെ സര്‍വകലാശാല മിനുട്‌സിലാണ് രേഖയുള്ളത്. എന്നാല്‍, അഫിലിയേഷന്‍ ഉള്‍പ്പെടെയുള്ള ഫയല്‍ സര്‍വ്വകലാശാലയില്‍നിന്നും നഷ്ടപ്പെട്ടു. മാത്രമല്ല, അക്കാദമിയുടെ ഭൂമി സംബന്ധിച്ച രേഖകളും സര്‍വകലാശാലയില്‍ ഇല്ലെന്നും ആര്‍എസ് ശശികുമാര്‍ വ്യക്തമാക്കി.

Read More >>