ആരും ചിരിക്കരുത്... ലോ അക്കാദമിക്കു ഭൂമി പാട്ടത്തിനു ലഭിച്ചത് 1968 ഫെബ്രുവരി 30നെന്ന് "ഔദ്യോഗിക വിവരം"

കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യമുള്ളത്. വാസ്തവത്തില്‍ 29 ദിവസമാണ് 1968 ഫെബ്രുവരിയിലുണ്ടായിരുന്നത്. അന്നത്തെ കൃഷിമന്ത്രിയായിരുന്ന എംഎന്‍ ഗോവിന്ദന്‍ നായരുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇതിനു സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നും യഥാക്രമം റവന്യൂ, വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന കെആര്‍ ഗൗരിയമ്മ, സിഎച്ച് മുഹമ്മദ് കോയ എന്നിവര്‍ ഇതിനായി സഹായിച്ചെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

ആരും ചിരിക്കരുത്... ലോ അക്കാദമിക്കു ഭൂമി പാട്ടത്തിനു ലഭിച്ചത് 1968 ഫെബ്രുവരി 30നെന്ന് "ഔദ്യോഗിക വിവരം"

തിരുവന്തപുരം ലോ അക്കാദമിക്കു സര്‍ക്കാരില്‍നിന്നും ഭൂമി പാട്ടത്തിനു ലഭിച്ചത് 1968 ഫെബ്രുവരി 30നെന്ന് അക്കാദമിയുടെ ''ഔദ്യോഗിക വിവരം''. കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യമുള്ളത്. വാസ്തവത്തില്‍ 29 ദിവസമാണ് 1968 ഫെബ്രുവരിയിലുണ്ടായിരുന്നത്.ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച വിവരം കളക്ടറേറ്റിലോ തഹസീല്‍ദാറുടെ പക്കലോ ലഭ്യമല്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു. ലോ അക്കാദമി നില്‍ക്കുന്ന 11.49 ഏക്കര്‍ ഭൂമി 1968ല്‍ ഇംഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് പാട്ടത്തിനു കിട്ടിയതെന്നും വെബ്‌സൈറ്റില്‍ പറയുന്നു. അന്നത്തെ കൃഷിമന്ത്രിയായിരുന്ന എംഎന്‍ ഗോവിന്ദന്‍ നായരുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇതിനു സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നും യഥാക്രമം റവന്യൂ, വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന കെആര്‍ ഗൗരിയമ്മ, സിഎച്ച് മുഹമ്മദ് കോയ എന്നിവര്‍ ഇതിനായി സഹായിച്ചെന്നും വെബ്‌സൈറ്റില്‍ പറയുന്നു. തുടര്‍ന്നാണ് ലോ അക്കാദമിക്കു ഭൂമി പാട്ടത്തിനു ലഭിച്ച തിയ്യതി പറയുന്നത്- 1968 ഫെബ്രുവരി 30 !!!.


തുടര്‍ന്ന് 1976 ല്‍ പാട്ടക്കാലാവധി 30 വര്‍ഷത്തേക്കു കൂടി നീട്ടിക്കിട്ടിയെന്നും 1985 ലെ മന്ത്രിസഭായോഗമാണ് ഭൂമി പതിച്ചുനല്‍കാനുള്ള തീരുമാനമെടുത്തതെന്നും വെബ്‌സൈറ്റ് പറയുന്നു. അന്നത്തെ റവന്യൂമന്ത്രിയായിരുന്ന ബേബി ജോണും കൃഷി മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനുമാണ് ഇതിനു പ്രത്യേക താല്‍പര്യം കാണിച്ചതെന്നും അക്കാദമി വാദിക്കുന്നു. അതേസമയം, ലോ അക്കാദമിയുടെ ഭൂമി പാട്ടത്തിനു നല്‍കിയതാണോ പതിച്ചു നല്‍കിയതാണോ എന്നുള്ള വിവരം കളക്ടറേറ്റിലും തിരുവനന്തപുരം തഹസീല്‍ദാറുടെ പക്കലും ലഭ്യമല്ല. ഇക്കാര്യം ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇവ സംബന്ധിച്ച വിവരങ്ങളൊന്നും കളക്ടറേറ്റ് കാര്യാലയത്തില്‍ ഇല്ലെന്ന് അധികാരികള്‍ അറിയിച്ചത്. ഈ വിവരാവകാശ അപേക്ഷയുടേയും മറുപടിയുടേയും പകര്‍പ്പ് നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു.

മാത്രമല്ല, 1968 ജൂലൈ 26ലെ കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗമാണ് ലോ അക്കാദമിയില്‍ എല്‍എല്‍ബി കോഴ്‌സിനു അഫിലിയേഷന്‍ നല്‍കിയതെന്നും വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നു. എന്നാല്‍ കോളേജിന്റെ അഫിലിയേഷന്‍ സംബന്ധിച്ച ഫയല്‍ നിലവില്‍ കേരളാ സര്‍വ്വകലാശാലയില്‍ ലഭ്യമല്ലെന്നുള്ള മറുപടിയാണ് വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ചത്. രേഖകള്‍ പ്രകാരം 1982 ല്‍ കോടതി ആവശ്യത്തിനായി സര്‍വ്വകലാശാലാ സ്റ്റാന്‍ഡിങ് കൗണ്‍സിലിനു കൈമാറിയ ഫയല്‍ ഇതുവരെ സര്‍വ്വകലാശാലയില്‍ തിരികെയെത്തിയില്ലെന്നും ഈ വിവരം യഥാസമയം സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്നാണു സിന്‍ഡിക്കേറ്റ് മെംബറും വിവരാവകാശപ്രവര്‍ത്തകനുമായ ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള സര്‍വ്വകലാശാലാ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി. ഇതിന്റെ പകര്‍പ്പും നാരദാന്യൂസ് പുറത്തുവിട്ടിരുന്നു.

Read More >>