ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസത്തേക്കു മാറ്റിവച്ചു

വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി അടുത്തമാസം രണ്ടാംവാരത്തിലേക്കു മാറ്റിയത്. ഇന്നു ഹാരജാകാനാകില്ലെന്ന് സിബിഐയും എതിര്‍കക്ഷികളും അറിയിച്ചതോടെ ജസ്റ്റിസ് പി ഉബൈദാണ് ഹരജി മാറ്റിവച്ചത്.

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസത്തേക്കു മാറ്റിവച്ചു

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരിയിലേക്കു മാറ്റിവച്ചു. വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി അടുത്തമാസം രണ്ടാംവാരത്തിലേക്കു മാറ്റിയത്. ഇന്നു ഹാരജാകാനാകില്ലെന്ന് സിബിഐയും എതിര്‍കക്ഷികളും അറിയിച്ചതോടെ ജസ്റ്റിസ് പി ഉബൈദാണ് ഹരജി മാറ്റിവച്ചത്.

സിബിഐയ്ക്കു വേണ്ടി ഹാജരാവേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ എംകെ ദാമോദരനുമാണ് കൂടുതല്‍ സമയം തേടിയത്. ഹൈദരാബാദില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോവേണ്ടതിനാല്‍ ഇന്ന് കൊച്ചിയിലെത്താന്‍ കഴിയില്ലെന്നാണ് കെഎം നടരാജന്‍ സിബിഐ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് കേസിന്റെ അന്തിമവാദം കേള്‍ക്കുന്നതു മാറ്റിവെയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതും ഹൈക്കോടതി തീരുമാനമെടുത്തതും.


അതേസമയം, ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എംകെ ദാമോദരന്‍ ഹാജരാകാതിരുന്നത്. നേരത്തെ, ജസ്റ്റിസ് കമാല്‍ പാഷ അടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ക്രിസ്മസ് അവധിക്കു ശേഷം ലാവ്‌ലിന്‍ കേസ് പരിഗണിച്ച അദ്ദേഹം ജനുവരി നാലു മുതല്‍ 12 വരെ തുടര്‍ച്ചയായി അന്തിമവാദം കേട്ടു തീര്‍പ്പുണ്ടാക്കാമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറിയതോടെ കേസുകളുടെ ബെഞ്ചിലും മാറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് പി ഉബൈദിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നു കേസ് പരിഗണിച്ചത്.

മുമ്പ്, റിവിഷന്‍ ഹരജിയിലെ വാദം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. സിബിഐയുടെ റിവിഷന്‍ ഹരജി മാത്രമേ നിലനില്‍ക്കൂ എന്നും സ്വകാര്യവ്യക്തികള്‍ക്കു കക്ഷി ചേരാന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് കമാല്‍ പാഷയാണ് അന്ന് ഹരജികള്‍ തള്ളിയത്.

Read More >>