×

ജയിലിൽ കിടന്നതിന് ലാലു പ്രസാദ് യാദവിന് 10000 രൂപ പെൻഷൻ

ലാലു പ്രസാദ് യാദവ് അടിയന്തിരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

അടിയന്തിരാവസ്ഥക്കാലത്ത്  ജയിൽ വാസം അനുഷ്ഠിച്ചിട്ടുള്ളവർക്കുള്ള പെൻഷൻ തനിക്ക് അനുവദിക്കണമെന്ന ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ അപേക്ഷ സർക്കാർ അംഗീകരിച്ചു. അതോടെ മാസം 10, 000 രൂപ പെൻഷന് ലാലു അർഹനായി.

അടിയന്തിരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സമരത്തിൽ ലാലു പ്രസാദ് യാദവ് പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി നിതീഷ് കുമാറും ഒപ്പമുണ്ടായിരുന്നു. അന്ന് വിദ്യാർഥിനേതാവായിരുന്ന ലാലുവിനെ ‘മിസ’ (Maintenance of Internal Security Act (MISA) പ്രകാരം അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് 2009 ലാണ് ബീഹാർ സർക്കാർ “ജെ പി സേനാനി സമ്മാൻ’ എന്ന പേരിൽ അന്ന് ജയിൽ വാസം അനുഭവിച്ചവർക്ക് പെൻഷൻ നൽകാൻ തീരുമാനിച്ചത്.

പിന്നീട് 2015 ൽ പെൻഷൻ സ്കീമിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. അത് പ്രകാരം ജെപി സമരത്തിൽ പങ്കെടുത്തവരിൽ ആറു മാസം ജയിൽ വാസം അനുഷ്ഠിച്ചവർക്ക് 5, 000 രൂപയും അതിൽ കൂടുതൽ ഉള്ളവർക്ക് 10, 000 രൂപയും പ്രതിമാസം പെൻഷൻ നൽകാൻ തീരുമാനമായിരുന്നു. ഏതാണ്ട് 3100 പേർക്ക് ഇപ്പോൾ ഈ പെൻഷൻ ലഭിക്കുന്നുണ്ട്.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പെൻഷൻ വേണ്ടെന്ന് അറിയിക്കുകയായിരുന്നു.

Top