ഞാൻ ഒരു സ്ത്രീ ആയതാണോ എന്റെ ഭരണമാണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മി നായര്‍ ചോദിക്കുന്നു

ലേഡീസ് ഹോസ്റ്റൽ ക്യാമ്പസിനുള്ളില്‍ തന്നെയാണുള്ളത്. അവിടത്തെ അന്തേവാസികൾ ജയിലിൽ എന്ന പോലെയാണ് കഴിയുന്നതെന്ന് ആരോപണമുണ്ട്. അത് സത്യത്തിന് നിരക്കാത്തതാണ്. അന്തേവാസികൾക്ക് ശരിയായ ആവശ്യങ്ങൾക്കായി എപ്പോൾ വേണമെങ്കിലും പുറത്ത് പോകാൻ അനുവാദമുണ്ട്- ലക്ഷ്മി എഴുതുന്നു

ഞാൻ ഒരു സ്ത്രീ ആയതാണോ എന്റെ ഭരണമാണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മി നായര്‍ ചോദിക്കുന്നു

തിരുവനന്തപുരം പേരൂര്‍ക്കടയിലെ കേരളാ ലോ അക്കാദമി കോളേജില്‍ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ ബഹുകാലമായി പലവിധത്തില്‍ നടക്കുന്നു എന്ന വാര്‍ത്ത 'നാരദ' പുറത്തു കൊണ്ടുവന്നിരുന്നു. വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ വാര്‍ത്ത പുറത്തു വന്നതോടെ കോളേജ് മാനേജ്‌മന്റ്റിനെതിരെ എല്ലാ വിദ്യാര്‍ഥി സംഘടനകളും സമരവുമായി രംഗത്ത് വന്നിട്ടുണ്ട്.

കോളേജ് പ്രിന്‍സിപ്പാളായ ലക്ഷ്മി നായര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയും അവര്‍ രാജി വച്ചു സ്ഥാനം ഒഴിയണം എന്ന ആവശ്യവും ശക്തമാകുകയും ചെയ്തതോടെ തന്റെ വിദ്യാര്‍ഥികള്‍ക്കായി ലക്ഷ്മി നായര്‍ ഒരു തുറന്ന കത്തെഴുതുന്നു.


'ദി കൊച്ചി പോസ്റ്റില്‍' പ്രസിദ്ധീകരിച്ച കത്തിന്റെ വിവര്‍ത്തനം പൂര്‍ണ്ണരൂപത്തില്‍

പ്രിയപ്പെട്ട വിദ്യാർഥികളേ,

വളരെ വിഷമത്തോട് കൂടിയാണ് ഞാനീ തുറന്ന കത്ത് എഴുതുന്നത്. ഞാൻ വിദ്യാർഥിയായിരുന്ന എന്റെ പ്രിയപ്പെട്ട ഈ സ്ഥാപനത്തിൽ സംഭവിക്കുന്നതിനെക്കുറിച്ച് ധാരണയിലെത്താൽ എനിക്ക് കുറച്ച് ദിവസങ്ങളെടുത്തു. ഞാൻ 1990 മുതൽ കേരളാ ലോ അക്കാദമിയിൽ പാർട്ട് ടൈം ലക്ചറർ ആയി ജോലി ചെയ്യാൻ തുടങ്ങുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തു.

27 വർഷങ്ങൾ നീണ്ട എന്റെ ഔദ്യോഗികജീവിതത്തിൽ എനിക്ക് അസ്സിസ്റ്റന്റ് പ്രൊഫസർ, അസ്സോസ്സിയേറ്റ് പ്രൊഫസർ, പ്രൊഫസ്സർ എന്നീ തസ്തികളിലേയ്ക്ക് ജോലിക്കയറ്റം കിട്ടിയിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ്, മാനേജ്മെന്റ് എന്നെ പ്രിൻസിപ്പാൾ ആക്കി നിയമിച്ചു. എന്നെ ഏൽപ്പിച്ച ചുമതല നീതിപൂർവ്വം ചെയ്തുവെന്നാണ് എന്റെ വിശ്വാസം.

സംസ്ഥാനത്ത് തന്നെ രാഷ്ട്രീയമായി ഏറ്റവും ഊർജ്ജസ്വലമായ ക്യാമ്പസ് ആയിരിക്കും കെ എൽ ഏ. ക്യാമ്പസ്സിൽ അഞ്ച് വിദ്യാർഥിസംഘടനകൾ സജീവമായി പ്രവർത്തിക്കുകയും യാതൊരു നിയന്ത്രണവുമില്ലാതെ അവർക്ക് അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നുമുണ്ട്. കേരളത്തിലെ മറ്റ് കോളേജുകൾക്കെല്ലാം ഒരു ഫ്രഷേഴ്സ് ഡേ മാത്രമുള്ളപ്പോൾ കെ എൽ ഏയിൽ ഓരോ പാർട്ടിയ്ക്കും പ്രത്യേകം ഫ്രഷേഴ്സ് ഡേ ഉണ്ട്. മൊത്തം അഞ്ച് ഫ്രഷേഷ്സ് ഡേ ക്യാമ്പസ്സിൽ ആഘോഷിക്കാറുണ്ട്.
പ്രതിഷേധങ്ങളും, സമരങ്ങളും, ബഹിഷ്കരണങ്ങളുമെല്ലാം പല തവണ നടന്നിട്ടുള്ള ഈ ക്യാമ്പസ്സിൽ നെഹ്രു കോളേജ് സംഭവം വരെ എന്റെ ദുർഭരണം എന്ന ആരോപണത്തിനെക്കുറിച്ച് സംഘടനകൾ നിശ്ശബ്ധരായിരുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സംഘടനകളുടെ അംഗത്വത്തിനുള്ള പ്രചാരണങ്ങൾ നടത്താൻ അനുവാദമുള്ള ക്യാമ്പസില്‍ ഉണ്ടായിരുന്ന ഈ മൗനം പലരേയും അതിശയിപ്പിക്കുന്നതാണ്.

മൂറ്റ് കോർട്ട് ക്യാംപെയ്നുകളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനായി മൂറ്റ് കോർട്ട് സൊസൈറ്റി എന്ന കോളേജിന്റെ വിഭാഗം ഞാൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ഒന്നാണ്. മൂട്ട് കോർട്ട് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളിൽ നിന്നും പണം പിരിയ്ക്കുന്നു എന്ന ആരോപണം ഉണ്ട്. അത് യാതൊരു വിധ തരത്തിലും സത്യമല്ലാത്ത ആരോപണമാണ്. മൽസരത്തിന് വേണ്ടിയുള്ള സന്നാഹങ്ങൾ ഒരുക്കുന്നതിന്റെ ചെലവുകളെല്ലാം കോളേജ് ആണ് സ്പോൺസർ ചെയ്യുന്നത്. വിദ്യാർഥികൾ യാത്രച്ചെലവ് മാത്രം നൽകിയാല് മതി. സമ്മാനത്തുകയും വിദ്യാർഥികൾക്ക് വീതിച്ച് നൽകാറാണുള്ളത്. ഞങ്ങൾ അതിൽ ഒരിക്കലും അവകാശം ചോദിച്ചിട്ടില്ല.

കെ എൽ ഏയിൽ പണം ഒരിക്കലും പ്രാധാന്യം നേടിയിട്ടില്ല. അഡ്മിഷന്റെ സമയത്ത് വിദ്യാർഥികളിൽ നിന്നും റീഫണ്ട് ചെയ്യാവുന്ന 50000 രൂപ ഡെപോസിറ്റ് വാങ്ങിക്കാൻ കോളേജുകൾക്ക് അധികാരമുണ്ട്. ആ പണം ഞങ്ങൾ വാങ്ങി ബാങ്കിലിട്ടാൽ, സ്ഥാപനം നടത്താൻ അതിന്റെ പലിശ മാത്രം മതിയാകും. ആ പണം വാങ്ങാത്ത കേരളത്തിലെ ഒരേയൊരു കോളേജ് ആയിരിക്കും കെ എൽ എ.

അതുപോലെ, മാനേജ്മെന്റ് ക്വോട്ട ഉള്ള വിദ്യാർഥികളിൽ നിന്നും സർക്കാർ ഫീസിനേക്കാൾ കൂടിയ ഫീസ് (10000 രൂപ വരെ) വാങ്ങാൻ മാനേജ്മെന്റിന് കഴിയും. എന്നാൽ ഞങ്ങൾ മാനേജ്മെന്റ് ക്വാട്ടയിലുള്ള വിദ്യാർഥികളിൽ നിന്നും സർക്കാർ ക്വോട്ട വിദ്യാർഥികളിൽ നിന്നും ഒരേ ഫീസ് ആണ് വാങ്ങുന്നത്.

എല്ലാ വർഷവും ക്യാമ്പസ്സിൽ ഞങ്ങൾ ദേശീയവും അന്തർദേശീയവുമായ സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്. അടുത്തിടെ, ഞങ്ങൾ ബഹുമാന്യനായ ജഡ്ജി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ ലക്ചർ സംഘടിപ്പിച്ചിരുന്നു. ഉന്നത നിയമസ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രമുഖർ ക്യാമ്പസ്സിൽ വരാറുണ്ട്. അതെല്ലാം കെ എൽ എയുടെ വിദ്യാർഥികൾക്ക് വേണ്ടി സംഘടിക്കുന്നതാണ്. ഇത്തരം പരിപാടികൾ നടത്തുന്നതിന് വലിയ ചെലവാണ് ഉണ്ടാകുന്നതെങ്കിലും കോളേജ് രണ്ടാമതൊന്ന് ആലോചിക്കാതെ അതെല്ലാം വഹിക്കുകയാണ്.

ലേഡീസ് ഹോസ്റ്റൽ ക്യാമ്പസിനുള്ളില്‍ തന്നെയാണുള്ളത്. അവിടത്തെ അന്തേവാസികൾ ജയിലിൽ എന്ന പോലെയാണ് കഴിയുന്നതെന്ന് ആരോപണമുണ്ട്. അത് സത്യത്തിന് നിരക്കാത്തതാണ്. അന്തേവാസികൾക്ക് ശരിയായ ആവശ്യങ്ങൾക്കായി എപ്പോൾ വേണമെങ്കിലും പുറത്ത് പോകാൻ അനുവാദമുണ്ട്. ഒരേയൊരു നിബന്ധന വാർഡൻ അല്ലെങ്കിൽ ഞാൻ ലോഗ് ബുക്കിൽ ഒപ്പ് വയ്ക്കണം എന്നത് മാത്രമാണ്. മുൻ കൂട്ടി അനുവാദം വാങ്ങണമെന്ന നിബന്ധന അവരുടെ സുരക്ഷയ്ക്കും നല്ലതിനും വേണ്ടിയുള്ളതാണ്.
ഞാനും ഒരു അമ്മയാണ്. ഒരു മകൾ ഉണ്ടാകുന്നത് എന്താണെന്ന് എനിക്കറിയാം. നാളെ, ആരെങ്കിലും കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായാൽ, ഞാനാണ് ഉത്തരം പറയേണ്ടത്.

ഇത് പറഞ്ഞപ്പോൾ ക്യാമ്പസ്സിലെ സിസിടിവി ക്യാമറയുടെ കാര്യത്തിലേയ്ക്ക് എത്തുന്നു. പരീക്ഷയ്ക്ക് ശേഷം പരീക്ഷാഹാളിൽ നിന്നുമുള്ള ഫുട്ടേജ് നൽകണമെന്ന് യൂണിവേഴ്സിറ്റി നിർബന്ധമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഞങ്ങൾ ക്യാമ്പസ്സിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. അതെല്ലാം ക്ലാസ്സ് മുറികൾക്കുള്ളിലും, ലൈബ്രറിയിലും, ഹോസ്റ്റർ അടുക്കളയിലും, സ്റ്റോർ റൂമിലും മറ്റ് ഓപ്പൺ സ്പേസുകളിലും മാത്രമേയുള്ളൂ. ഓപ്പൺ സ്പേസുകളിൽ ക്യാമറ വച്ചിട്ടുള്ളത് സുരക്ഷയ്ക്കായിട്ടാണ്. കുറച്ച് ക്യാമറകൾ വയ്ക്കുന്നത് ചെലവ് കുറയ്ക്കുമെങ്കിലും ഞങ്ങൾ വിദ്യാർഥികളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

രാഷ്ട്രീയസംഘടനകളിൽ ചേരാൻ താല്പര്യം കാണിക്കാത്ത പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാർഥികൾ ഇവിടെയുണ്ട്. പരിപാടികൾ സംഘടിപ്പിക്കുന്നതിനും പാഠ്യപദ്ധതികൾ ഏകോപിപ്പിക്കുന്നതിനും സഹകരിക്കുന്ന വിദ്യാർഥികൾ ഈ സംഘടനകളുടെ നോട്ടപ്പുള്ളികളാണ്.
ഭീഷണിപ്പെടുത്തുന്നു എന്ന പരാതികൾ എനിക്കും ലഭിക്കാറുണ്ട്. ക്യാമ്പസ്  രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുന്ന വിദ്യാർഥികളെ സമരത്തിന് ശേഷം ക്യാമ്പസില്‍ തിരിച്ചെത്തിയാൽ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.

എനിക്ക് ഞാൻ കടന്നു പോകുന്ന അവസ്ഥയെ കൈകാര്യം ചെയ്യാൻ കഴിയുമായിരിക്കും. പക്ഷേ ക്യാമ്പസില്‍ നിന്നും ഉന്നതനിലയിൽ പഠിച്ചിറങ്ങാൻ ആഗ്രഹിക്കുന്ന പാവം കുട്ടികളെ വെറുതേ വിടണമെന്ന് അപേക്ഷിക്കുന്നു.

അവസാനമായി, ഇന്റേർണൽ മാർക്കുകൾ നൽകുന്നതിൽ പക്ഷപാതം കാണിക്കുന്നുണ്ടെന്ന ആരോപണമാണ്. അതും സത്യമല്ല. ഇന്റേർണൽ മാർക്കും അറ്റന്റൻസും നൽകുന്നതിൽ പരാതിയുണ്ടെങ്കിൽ നിങ്ങൾ എന്നെ ആണ് ആദ്യം സമീപിക്കേണ്ടത്. ഒരു നല്ല പരിഹാരം കണ്ടെത്തുന്നതിൽ എനിക്ക് സന്തോഷമേ ഉണ്ടാകൂ. പക്ഷേ, നിങ്ങൾ തിരഞ്ഞെടുത്തത് പരാതി എന്നെ അറിയിക്കാതെ സമരത്തിനിറങ്ങാനാണ്. രാഷ്ട്രീയനേട്ടത്തിനായും നിങ്ങളുടെ പാർട്ടിയുടെ അടിത്തറ ഉറപ്പിക്കാനായും നിങ്ങൾ ഒരു പ്രശ്നം സൃഷ്ടിക്കുമ്പോൾ നിങ്ങൾ കൂടി ഭാഗമായ, വലിയ പാരമ്പര്യമുള്ള ഒരു സ്ഥാപനത്തിനെയാണ് താറു പൂശുന്നതെന്ന് മറക്കരുത്.


‘പെൺഭരണം’ അവസാനിപ്പിക്കണം എന്നും പലയിടത്തും പറയുന്നത് കേട്ടു. ഞാൻ ഒരു സ്ത്രീ ആയതാണോ എന്റെ ഭരണമാണോ നിങ്ങളുടെ പ്രശ്നം? എന്റെ അക്കാദമിക് ജീവിതം കുറ്റമറ്റതാണ്, എന്റെ ആത്മവീര്യത്തിനെ കെടുത്തുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യം എനിക്കില്ല.

സസ്നേഹം,

ഡോ. ലക്ഷ്മി നായർ

പ്രിൻസിപ്പാൾ

കേരള ലോ അക്കാദമി ലോ കോളേജ്

Read More >>