കുമ്പനാടും പെന്തകോസ്തല്‍ കൂട്ടായ്മയും

ഈ സഭയുടെ അടിത്തറ ഇട്ടവരുടെ തലമുറ മുതല്‍ പ്രതീക്ഷ നല്‍കുന്ന പുതിയ തലമുറ വരെ, സ്വതന്ത്രമായി മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍, ഇതര പെന്തകോസ്ത് സഭാവിശ്വാസികള്‍.. അങ്ങനെ ഒരു വലിയ സമൂഹത്തിന്റെ ഒത്തുചേരലാണ് കുമ്പനാട് കണ്‍വന്‍ഷന്‍.

കുമ്പനാടും പെന്തകോസ്തല്‍ കൂട്ടായ്മയും

കുമ്പനാട് കണ്‍വന്‍ഷനെ കുറിച്ച് കേട്ടറിവ് ഉണ്ടായിരുന്നെങ്കിലും ഇതുവരെ അതില്‍ പങ്കെടുക്കാന്‍ ഈയുള്ളവനു സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം അതിനൊരു അവസരം ലഭിച്ചു. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

ഐ.പി.സി കണ്‍വന്‍ഷനില്‍ ഒരു ചെറിയ സന്ദേശം നല്‍കാനുള്ള ക്ഷണം എനിക്ക് ഫോണില്‍ ലഭിച്ചപ്പോള്‍ തന്നെ ഞാന്‍ അവരോട് പറഞ്ഞിരുന്നു- നിങ്ങള്‍ ചിന്തിക്കുന്ന ലേബലില്‍ ഉള്ള ഒരു ക്രൈസ്തവനല്ല ഞാന്‍. പ്രായോഗിതയുടെ അംശം എന്നിലുണ്ട് താനും. അതിനാല്‍ അവിടെ എന്റെ പ്രസംഗം 'അധിക'പ്രസംഗമായിരിക്കും" എന്നെല്ലാം പറഞ്ഞു ഞാന്‍ ഒഴിയാന്‍ ശ്രമിച്ചു. പക്ഷെ എന്നെ ക്ഷണിച്ച യുവജനസംഘടനയുടെ ചുമതലക്കാര്‍ തങ്ങളുടെ ആവശ്യം വീണ്ടും ഉന്നയിച്ചതേയുള്ളൂ


"സമകാലീന വിഷയങ്ങളില്‍ പ്രത്യേകിച്ച്, മാധ്യമങ്ങളും അവയുടെ റീച്ചിനെ കുറിച്ചും പെന്തകോസ്തുകാര്‍ ശ്രദ്ധ നല്‍കിയിട്ടില്ല എന്നു തോന്നുന്നു. സഭയുടെ വളര്‍ച്ചയ്ക്ക് പുറംലോകവുമായുള്ള സംവാദം ആവശ്യമാണ്. ഇതിനുതകുന്ന തരത്തിലുള്ള സന്ദേശമാണ് അച്ചായനില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്" എന്ന് യുവജന സംഘടനയുടെ അദ്ധ്യക്ഷന്‍ സുധി ഏബ്രാഹം പറഞ്ഞപ്പോള്‍ ഇനി നിരസിച്ചിട്ടു കാര്യമില്ല എന്ന് ഈയുള്ളവന് തോന്നി.

അനുഭവത്തില്‍ നിന്നും അറിഞ്ഞതായ 'മാധ്യമങ്ങളുടെ ലോകവും അതിന്റെ പ്രസക്തിയും' ഹ്രസ്വമായി അവരോടു പങ്കു വയ്ക്കാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്.

ഇനി അല്പം ഫ്ലാഷ്ബാക്കിലേക്ക്‌: ബാല്യവും യൗവനവും എല്ലാം ജീവിച്ച ചുറ്റുപാടില്‍ ധാരാളം പെന്തക്കോസ്തുകാര്‍ ഈയുള്ളവനു ചുറ്റുമായി ഉണ്ടായിരുന്നു. ബന്ധുക്കളായും സുഹൃത്തുക്കളായും സമീപസഭാവിശ്വാസികളായും ഇങ്ങനെയൊരു സമൂഹം എനിക്ക് അന്യമല്ലാതെ അടുത്തുണ്ടായിരുന്നു.

ഇക്കൂട്ടരില്‍ ഈയുള്ളവന്‍ ശ്രദ്ധിച്ച ചില കാര്യങ്ങള്‍ ഉണ്ട്: പരമ്പരാഗത ക്രൈസ്തവ സഭകളുമായി ഇവര്‍ പാലിക്കുന്ന അകലം, സ്വന്തം സഹോദരന്മാരോടുള്ള പ്രത്യേക മമത, സമാധാനപ്രിയര്‍, സാമൂഹിക മാറ്റങ്ങള്‍ ഒന്നും ശ്രദ്ധിക്കില്ല, രാഷ്ട്രീയത്തോടുള്ള വിരക്തിയുണ്ട് എങ്കിലും വോട്ടെല്ലാം കോൺഗ്രസിനു തന്നെ...(കമ്യുണിസ്റ്റ് പാര്‍ട്ടി നിരീശ്വരവാദികളാണ് എന്നൊരു സങ്കല്പം അന്നു നിലനില്‍ക്കുന്നുണ്ടല്ലോ!)

എന്റെ ബന്ധു ഒരു ഉപദേശിയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ ഏറ്റുപദേശിയായി മറ്റൊരാളും എപ്പോഴുമുണ്ടാകും. ഇവര്‍ എല്ലാ അഴ്ചയിലും റോഡരികില്‍ ബൈബിൾ പ്രഭാഷണം നടത്തും തൂവെള്ള വസ്ത്രം ധരിച്ച രണ്ടു പേരുടെ കയ്യിലും ഓരോ കാലന്‍ കുടയും മറുകയ്യില്‍ ബൈബിളും കാണും. അവരുടെ ശരീരപ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി ശബ്ദമാണ് അവരുടെ നാവില്‍ നിന്നും വരിക. ഉപദേശി പറയുന്നതിന്റെ ഇരട്ടി ഒച്ചയിലാണ് ഏറ്റുപദേശി സംസാരിക്കുക... താളവും ഉയര്‍ന്നിട്ടുണ്ടാകും.


എപ്പോഴെങ്കിലും മുന്നില്‍ കിട്ടിയാല്‍ ഉപദേശി പതിവായി എന്നെയും ഉപദേശിക്കുമായിരുന്നു -"മോനെ നീയും ഒരിക്കല്‍ ഇതുപോലെ പ്രസംഗിക്കണം... അതുണ്ടാകും!" ഇതായിരുന്നു എനിക്കു ലഭിച്ച വചനപ്രഘോഷണത്തിനുള്ള ആഹ്വാനം.

വൈകുന്നേരം ഉപദേശിയുടെ വീട്ടില്‍ പതിവായി ഉയരുന്ന ഒരു ഗാനം ഉണ്ടായിരുന്നു-
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ... നിന്നുടെ ഛായയില്‍ സൃഷ്ടിച്ചു... നിത്യമായി സ്നേഹിച്ചെന്നെ നിന്റെ... പുത്രനെ തന്നു രക്ഷിച്ചു നീ...

ഉപദേശിയും കുടുംബവും പാടുന്ന പാട്ടിന്റെ താളം അല്ലാതെ മറ്റൊന്നും അന്നു മനസിലായിരുന്നില്ല. എന്നാല്‍, ഡല്‍ഹിയിലെ ജീവിതം കൂടുതല്‍ പ്രതിസന്ധികളെ സമ്മാനിച്ചുകൊണ്ടിരുന്നപ്പോള്‍ ഹൃദയം നിറഞ്ഞ് ആ വരികള്‍ അര്‍ത്ഥം മനസിലാക്കി പാടാന്‍ ഈയുള്ളവനു സാധിച്ചു. ആ ദൈവീകശക്തി ഇന്നോളം കൈവിട്ടിട്ടില്ല... കൈപിടിച്ചു മുന്നോട്ടു നയിക്കുകയും ചെയ്യുന്നു.

ഇനി കുമ്പനാട് കണ്‍വന്‍ഷന്‍ അനുഭവങ്ങളിലേക്ക്‌- ആദ്യം സൂചിപ്പിച്ചതുപോലെ ഈ മഹായോഗത്തെ കുറിച്ചു കേട്ടറിവു മാത്രമാണ് ഈയുള്ളവന് ഉണ്ടായിരുന്നത്. ഇത്രമാത്രം ജനകീയമാണ് എന്ന് അറിയുന്നത് ഇപ്പോള്‍ മാത്രം!ഈ സഭയുടെ അടിത്തറ ഇട്ടവരുടെ തലമുറ മുതല്‍ പ്രതീക്ഷ നല്‍കുന്ന പുതിയ തലമുറ വരെ, സ്വതന്ത്രമായി മിഷനറി പ്രവര്‍ത്തനം നടത്തുന്നവര്‍, ഇതര പെന്തകോസ്ത് സഭാവിശ്വാസികള്‍... അങ്ങനെ ഒരു വലിയ സമൂഹത്തിന്‍റെ ഒത്തുചേരലാണ് കുമ്പനാട് കണ്‍വന്‍ഷന്‍. ഏകദേശം 90ഓളം വർഷങ്ങൾക്കു മുൻപു തുടങ്ങിയ ഒരു ചെറിയ കൂട്ടായ്മ ഇന്ന് ഒരു മഹായോഗമായി വളര്‍ന്നു. ലോകത്തെമ്പാടും ദേവാലയങ്ങള്‍... അവിടെയെല്ലാം മലയാളി സാന്നിധ്യവും

ഏകദേശം 1.35 ലക്ഷത്തോളം ചെറുപ്പക്കാരുള്ള പെന്തക്കോസ്തൽ യുവജന പ്രസ്ഥാനം PYPA ഈ സംവിധാനത്തെ സജീവമായി നിലനിര്‍ത്തുന്നതും നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞു.

ജനാധിപത്യ രീതിയിലുള്ള തെരെഞ്ഞെടുപ്പിലൂടെ ഈ സഭാവിശ്വാസികള്‍ മറ്റൊരു സന്ദേശവും നല്‍കിയിട്ടുണ്ട്. ഏറെനാളുകള്‍ ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്ന കുടുംബവാഴ്ചയെ മാറ്റിമറിച്ച് അവിടെ പുതിയ നേതൃത്വം എത്തി. സാധാരണമായ പശ്ചാത്തലം ഉള്ളവര്‍ക്കും ഐ.പി.സിയുടെ അധ്യക്ഷനാകാം എന്ന സന്ദേശമാണ് പാസ്റ്റര്‍ ജേക്കബ്‌ ജോണിന്‍റെ പദവി നല്‍കുന്നത്.സ്ഥാനചലനം സംഭവിച്ചവരുടെ കൂട്ടര്‍ മുറുമുറുപ്പുമായി ചുറ്റുമുണ്ട് എങ്കിലും പുതിയ നേതൃത്വം അവരുടെ ദൗത്യത്തില്‍ നിന്നും അടിപതറാതെ മുന്നോട്ടു പോകും എന്നു പ്രതീക്ഷിക്കാം. ഇവരില്‍ കറുത്ത വിശ്വാസി എന്നോ വെളുത്ത വിശ്വാസി എന്നോ ഇടമതില്‍ ഈയുള്ളവന്‍ കണ്ടില്ല. ഇവര്‍ എല്ലാവരും സഹോദരന്‍മാരത്രേ!

എങ്കില്‍ ഒരു കാര്യം കൂടി... സഭയില്‍ ഇല്ലാത്തവരെയും സ്വന്തം സഹോദരന്മാരായി കാണാനുള്ള വിശാലതയും ഇവര്‍ക്കുണ്ടാകണം എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. സഹോദരന്മാരുടെ ബലം അതിവിശാലമാകട്ടെ!

Read More >>