സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് ബസുമായി കെഎസ്ആര്‍ടിസി; ആദ്യഘട്ടം തലസ്ഥാന നഗരത്തില്‍

പിങ്കും വെള്ളയും ചേര്‍ന്ന നിറത്തിലുള്ള ബസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരത്തിലിറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു ബസ്സുകളാണ് ആദ്യം പുറത്തിറക്കുക. തിരുവനന്തപുരം നഗരത്തിലായിരിക്കും ഇവ സര്‍വീസ് നടത്തുക. പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളിലേക്കും പിങ്ക് ബസ് പദ്ധതി വ്യാപിപ്പിക്കാനാണ് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്.

സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് ബസുമായി കെഎസ്ആര്‍ടിസി; ആദ്യഘട്ടം തലസ്ഥാന നഗരത്തില്‍

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് ബസ്സുമായി കെഎസ്ആര്‍ടിസി. പിങ്കും വെള്ളയും ചേര്‍ന്ന നിറത്തിലുള്ള ബസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരത്തിലിറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു ബസ്സുകളാണ് ആദ്യം പുറത്തിറക്കുക. തിരുവനന്തപുരം നഗരത്തിലായിരിക്കും ഇവ സര്‍വീസ് നടത്തുക. പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളിലേക്കും പിങ്ക് ബസ് പദ്ധതി വ്യാപിപ്പിക്കാനാണ് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്.

മുമ്പ് കുടുംബശ്രീ മുഖേന സ്ത്രീകള്‍ക്കായി പിങ്ക് ടാക്‌സിയും വനിതാ സുരക്ഷയ്ക്കായി ആഭ്യന്തരവകുപ്പ് പിങ്ക് പൊലീസ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണു സ്ത്രീ സൗഹൃദ ബസ്സുമായി കെഎസ്ആര്‍ടിസി രംഗത്തുവരുന്നത്. ആദ്യമായി പുറത്തിറങ്ങുന്ന പിങ്ക് ബസ്സുകളുടെ പണി കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു.


പിങ്ക് ബസ്സിലെ കണ്ടക്ടര്‍മാര്‍ വനിതകള്‍ തന്നെയായിരിക്കും. എന്നാല്‍ വനിതാ ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ വളയംപിടിക്കാന്‍ പുരുഷന്മാരെ തന്നെയാണ് ഏര്‍പ്പെടുത്തുന്നത്. കെഎസ്ആര്‍ടിസിയില്‍ വനിതകളെ കൂടുതലായി യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയും കോര്‍പറേഷനെ കൂടുതല്‍ ജനസൗഹൃദമാക്കുകയുമാണ് പിങ്ക് ബസ് കൊണ്ടുദ്ദേശിക്കുന്നത്.

പഴയ രണ്ടു കെഎസ്ആര്‍ടിസി ബസുകളാണ് ആദ്യമായി പിങ്ക് ബസായി അവതരിപ്പിക്കുന്നത്. ഇവയുടെ റൂട്ട് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കേരളത്തിലാകമാനം സ്ത്രീകള്‍ക്കു മാത്രമായി ഇത്തരത്തില്‍ 20 പിങ്ക് ബസ് സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. അതേസമയം, പിങ്ക് ബസ്സുകളില്‍ കണ്‍സഷന്‍ അനുവദിക്കില്ല. പകരം പുതുതായി തുടങ്ങുന്ന സീസണ്‍ കാര്‍ഡ് ഉപയോഗിക്കാം.