മിടുക്കനെ പുഴയില്‍ 'കൊന്ന്' കെ.പി യോഹന്നാന്റെ കോളേജും; ഒറ്റക്കോളത്തില്‍ ഒതുക്കേണ്ട അമലിന്റെ ആത്മഹത്യ!

ഒറ്റക്കോളത്തില്‍ സ്ഥാപനത്തിന്റെ പേരുപറയാതെ മാധ്യമങ്ങളൊതുക്കിയ മരണമായിരുന്നു അമലിന്റേത്. കെ പി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ച് കാര്‍മ്മല്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2015 ഒക്ടോബര്‍ 31ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അമല്‍ പി എസ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം പുറത്തറിയും മുമ്പ് ഒതുങ്ങിപ്പോയി. ആ സംഭവത്തെക്കുറിച്ച് ബന്ധുക്കളും സുഹൃത്തുക്കളും നാരദാന്യൂസിനോട് സംസാരിച്ചു- സ്വാശ്രയ കോളേജുകളിലെ പീഡന വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.

മിടുക്കനെ പുഴയില്‍

'എന്റെ മുമ്പില്‍ വെച്ചാ, അവന്റെ അനിയനും ഉണ്ടായിരുന്നു...നീ ഡ്രഗ് അഡിക്ട് ആണ്. ബീഡി വലിക്കും, നീ മോശം സിനിമയൊക്കെ കാണുന്നയാളല്ലേ...എന്നൊക്കെയാ മാനേജര്‍ പറഞ്ഞത്. ഞാനങ്ങനെയൊന്നും ചെയ്തിട്ടില്ല സാറേ, അമ്മയുടെ മുന്നില്‍ വെച്ച് ഇങ്ങനെയൊന്നും പറയല്ലേ...എന്നൊക്കെ അവന്‍ പറഞ്ഞുനോക്കി...എന്നിട്ടും മാനേജര്‍ അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അവന് വിഷമം കയറാതിരിക്കുമോ? - കാര്‍മ്മല്‍ കോളേജ് മാനേജര്‍ ഫാ. സി ബി വില്യംസിന്റെ റൂമില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് അമലിന്റെ അമ്മ സുജ പറഞ്ഞു തുടങ്ങി.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പെരുന്നാട് കാര്‍മ്മല്‍ എഞ്ചിനീയറംഗ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അമല്‍. പത്താംക്ലാസില്‍ 84 ശതമാനവും പ്ലസ്ടുവിന് 73 ശതമാനം മാര്‍ക്കോടെയുമാണ് അമല്‍ വിജയിച്ചത്. എഞ്ചിനിയറിംഗ് നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ അവനെ എച്ച്ഒഡി ബിജി മാത്യു മാനേജര്‍ ഫാ. സി. ബി വില്യംസിന്റെ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോകുകയായിരുന്നു. അമലിന്റെ അമ്മയേയും അവിടേയ്ക്ക് വിളിപ്പിച്ചിരുന്നു. അവിടെ അമലിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മാനേജര്‍ പിടിച്ചുവാങ്ങി സീല്‍ ചെയ്യുകയും ചെയ്തു. എന്നിട്ടായിരുന്നു അമലിനെതിരായ ആരോപണങ്ങള്‍.

[caption id="attachment_73372" align="alignleft" width="293"] അമൽ പി എസ്[/caption]

അവസാനം അമലിനോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് മാനേജര്‍ ആവശ്യപ്പെടുകയായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയായതിനാല്‍ ഹോസ്റ്റല്‍ ഫീസുള്‍പ്പെടെ സര്‍ക്കാരാണ് നല്‍കുന്നത്. ' സര്‍ക്കാരല്ലേ എന്റെ ഫീസ് നല്‍കുന്നത്, ഹോസ്റ്റലില്‍ നിന്നൊഴിയണമെങ്കില്‍ എനിക്ക് വീട്ടില്‍ നിന്ന് പോയി വരാനുള്ള യാത്രാക്കൂലി തരണ'മെന്ന് മാനേജറോട് പറഞ്ഞു നോക്കിയെങ്കിലും ഒന്നും കേള്‍ക്കാനുള്ള മനസ് അദ്ദേഹത്തിനില്ലായിരുന്നുവെന്ന് അമലിന്റെ അമ്മ പറയുന്നു. നിനക്ക് പറ്റുമെങ്കില്‍ നിന്റെ പോക്കറ്റില്‍ നിന്ന് കാശ് മുടക്കി വാ... എന്നായിരുന്നു മാനേജരുടെ മറുപടി.

'അവന്‍ നന്നായി പഠിക്കുന്നയാളാണ്. നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ട് മുമ്പ് ബാംഗ്ലൂരില്‍ നടന്ന എന്‍എസ്എസ് ക്യാംപില്‍ അമല്‍ കോളേജിനെ പ്രതിനിധീകരിച്ച് പോയിരുന്നു...പരീക്ഷ ശരിക്ക് എഴുതാന്‍ പറ്റിയില്ലെന്ന് അവന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് റിസള്‍ട്ട് വന്നപ്പോള്‍ നാല് പേപ്പറ് അവന് കിട്ടിയില്ല. റീവാല്യൂഷന് കൊടുത്താല്‍ ചിലതൊക്കെ കിട്ടുമായിരുന്നു'- അമലിന്റെ സഹാപാഠികള്‍ പറഞ്ഞു.

ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ഒരുദിവസം കൂടി അമല്‍ കോളേജില്‍ പോയിരുന്നു. അമ്മയുടെ മുമ്പില്‍ വെച്ച് വഴക്ക് പറഞ്ഞതും, മൊബൈലൊക്കെ ബലമായി വാങ്ങി വെച്ചതും വിഷമമുണ്ടാക്കിയെന്ന് അമല്‍ പറഞ്ഞതായി സഹപാഠികള്‍ ഓര്‍ക്കുന്നു. കൊട്ടാരക്കരയ്ക്കും അടൂരിനുമിടയില്‍ പുത്തൂരിലാണ് അമലിന്റെ വീട്. ഭരണിക്കാവ് വരെ സ്‌കൂട്ടറില്‍ എത്തി അവിടുന്ന് ബസ് കയറിയാണ് കോളേജിലെത്തിയത്.

ഒക്ടോബര്‍ 31ന് രാവിലെ പതിവുപോലെ അമല്‍ വീട്ടില്‍ നിന്നിറങ്ങി. കൂട്ടുകാര്‍ക്കു കൂടി ചോറ് കൂടുതലെടുക്കട്ടെ എന്ന് അമ്മ ചോദിച്ചെങ്കിലും അവന്‍ വേണ്ടെന്ന് പറഞ്ഞു. അഞ്ചാം സെമസ്റ്റര്‍ പരീക്ഷ അടുത്തതിനാല്‍ അമലിന് പഠിക്കാന്‍ ഹോസ്റ്റലില്‍ നിന്ന് പുസ്തകങ്ങളെല്ലാം എടുക്കണമായിരുന്നു. അതിനായി അമ്മാവനോടും അനിയനോടും ഉച്ചയോടെ കോളേജില്‍ എത്താന്‍ അമല്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ കോളേജില്‍ എത്തിയപ്പോള്‍ അമല്‍ വന്നിട്ടില്ലെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.

കുന്നത്തൂര്‍ പാലത്തിന് സമീപം മണല്‍പ്പരപ്പില്‍ സ്‌കൂട്ടര്‍ കണ്ട സമീപവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം കടപ്പുഴ പാലത്തിന് സമീപത്ത് നിന്നാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്.

അന്വേഷണം എങ്ങുമെത്തിയില്ല, സഹായിക്കാന്‍ ആരുമുണ്ടായില്ല

അമലിന്റെ ബാഗില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി മാനേജരും കോളേജ് അധികൃതരുമാണെന്ന് എഴുതിയിരുന്നു. എന്നിട്ടു പോലും രാഷ്ട്രീയ പാര്‍ട്ടികളോ, വിദ്യാര്‍ത്ഥി സംഘടനകളോ പ്രതിഷേധമുയര്‍ത്തിയില്ല. എന്നാല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അവരുടെ ഇന്റേണല്‍ മാര്‍ക്ക് കുറച്ചാണ് മാനേജ്‌മെന്റ് ഇതിന് പ്രതികാരം ചെയ്തതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

[caption id="attachment_73460" align="aligncenter" width="501"] അമലിന്റെ ആത്മഹത്യാക്കുറിപ്പ്- ഞാൻ ഈ വെള്ളത്തിന്റെ അടിത്തട്ടിൽ ഉണ്ടാകും. എന്റെ മരണകാരണം ഫാ. സി ബി വില്യംസും കോളേജ് അധികൃതരുമാണ്, എന്ന് അമൽ/ഒപ്പ്[/caption]

അമലിന്റെ സംസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ കോളേജില്‍ നിന്ന് കുറെ കുട്ടികള്‍ വന്നിരുന്നെന്ന് അമ്മാവന്‍ സുനില്‍ പറയുന്നു. സ്‌കൂള്‍ ബസിന് പകരം സ്വകാര്യ ബസ് വിളിച്ചാണ് അവര്‍ വന്നത്. കോളേജില്‍ നിന്നെത്തിയ അധ്യാപകരേയും മറ്റും മൃതദേഹം കാണാന്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചില്ല. സംഘര്‍ഷാവസ്ഥയായിരുന്നു. എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് ശാന്തമാക്കിയതെന്ന് സുനില്‍ പറയുന്നു.

അമലിന്റെ അച്ഛന്‍ പ്രസന്നന്‍ ശ്രീനഗറില്‍ സൈനികനാണ്. കേസിനും മറ്റുമായി നടക്കാന്‍ അധികം ലീവ് ഉണ്ടായിരുന്നില്ലെന്ന് പ്രസന്നൻ നാരദാന്യൂസിനോട് പറഞ്ഞു. എങ്കിലും കൊട്ടാക്കര റൂറല്‍ എസ്പിയ്ക്കും പട്ടികജാതി വകുപ്പിലുമൊക്കെ പരാതി നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയൊക്കെ കണ്ടു. രേഖകളൊക്കെ എല്ലാവരും കൊണ്ടുപോയെങ്കിലും പിന്നീട് നടപടിയൊന്നുമായില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു സംഭവം. സാധാരണ ആത്മഹത്യ മാത്രമാക്കി പൊലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടാണ്, രാഷട്രീയക്കാരും കയ്യൊഴിയുകയായിരുന്നു.  നാട്ടിലെത്തിയ ശേഷം കേസുമായി മുന്നോട്ട് പോകാനാണ് പ്രസന്നന്റെ തീരുമാനം.

Read More >>