കൊച്ചി ക്വട്ടേഷന്‍ കേസിലെ പരാതിക്കാരിയ്‌ക്കെതിരെ കേന്ദ്ര റവന്യൂ ഇന്റലിജന്‍സിന്റെ അന്വേഷണം; ബാലന്‍സ് ഷീറ്റ് പെരുപ്പിച്ചു കാട്ടിയെന്ന് റിപ്പോര്‍ട്ട്

കൊച്ചിയിലെ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പളളി സിദ്ധിഖ് പ്രതിയായ ക്വട്ടേഷന്‍ കേസിലെ പരാതിക്കാരി സാന്ദ്രാ തോമസിനെതിരെ കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. സിദ്ദിഖും സംഘവും കേസിലുള്‍പ്പെട്ടതോടെയാണ് സാന്ദ്രാ തോമസ് അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

കൊച്ചി ക്വട്ടേഷന്‍ കേസിലെ പരാതിക്കാരിയ്‌ക്കെതിരെ കേന്ദ്ര റവന്യൂ ഇന്റലിജന്‍സിന്റെ അന്വേഷണം; ബാലന്‍സ് ഷീറ്റ് പെരുപ്പിച്ചു കാട്ടിയെന്ന് റിപ്പോര്‍ട്ട്

ഡിവൈഎഫ്‌ഐ നേതാവായ കറുകപ്പള്ളി സിദ്ദിഖും സംഘവും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി നല്‍കിയ സാന്ദ്രാ തോമസിനെതിരെയാണ് കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചത്. സാന്ദ്ര സമര്‍പ്പിച്ച ആദായ നികുതി റിട്ടേണും ബാലന്‍സ് ഷീറ്റും പെരുപ്പിച്ചു കാണിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും കത്ത് നല്‍കി. ബാലന്‍സ് ഷീറ്റ് ഉപയോഗിച്ച് ബാങ്കുകളെ സമര്‍ത്ഥമായി കബളിപ്പിച്ചുവെന്ന് റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


ഡിവൈഎഫ്‌ഐ നേതാവും സംഘവും ക്വട്ടേഷന്‍ കേസില്‍ പ്രതിയായതോടെയാണ് പരാതിക്കാരിയായ സാന്ദ്ര തോമസും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്. 26 വയസുളള യുവതി കൊച്ചി നഗരത്തില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടുന്നതും കോടികള്‍ വിലമതിക്കുന്ന കാറുകള്‍ സ്വന്തമാക്കുന്നതുമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടാക്കിയത്.

കൊച്ചി ബ്രോഡ് വേയില്‍ കൃത്രിമ പൂക്കളുടെ വില്‍പ്പനയ്ക്കായി സാന്ദ്ര കമ്പനി എന്ന പേരിലുളള ഒറ്റമുറി കട കണ്ടതാണ് സംശയം ബലപ്പെടാന്‍ ഇടയാക്കിയത്. 2011-12 സാമ്പത്തിക വര്‍ഷം 58 ലക്ഷത്തിന്റെ വരുമാനമാണ് സാന്ദ്രയുടെ ബാലന്‍സ് ഷീറ്റിലുളളത്. എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം ഇത് പതിന്മടങ്ങ് കോടികളായി.

കൃത്രിമ പൂക്കളുടെ കയറ്റുമതിയിലും ഇറക്കുമതിയിലൂടെയുമാണ് സാന്ദ്ര കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്നാണ് ബാലന്‍സ് ഷീറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാളിതുവരെ ഒരൊറ്റ ഇറക്കുമതി പോലും സാന്ദ്രാ തോമസ് നടത്തിയിട്ടില്ലെന്ന് ഡി.ആര്‍.ഐ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.

ഇതോടെയാണ് പെരുപ്പിച്ച് കാട്ടിയ ബാലന്‍സ് ഷീറ്റും ഐടി റിട്ടേണുമായിരുന്നു സമര്‍പ്പിച്ചതെന്ന് ബോധ്യപ്പെട്ടത്. പെരുപ്പിച്ചെടുത്ത ബാലന്‍സ് ഷീറ്റിന് കൃത്യമായ ആദായനികുതിയും നല്‍കി. ഇതുകാണിച്ച് ബാങ്കുകളില്‍ നിന്ന് കോടികള്‍ ലോണെടുത്ത് കാറുകളും വസ്തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങള്‍ക്കുശേഷം ഇവ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വീണ്ടും പണം വാങ്ങി.

അന്വേഷണം തുടങ്ങിയതോടെ കൊച്ചി ബ്രോഡ്‌വേയിലെ സ്ഥാപനം ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. സാന്ദ്രതോമസിന്റെ ഫോണ്‍ നമ്പറുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പെരുപ്പിച്ച ബാലന്‍സ് ഷീറ്റുപയോഗിച്ച് ബാങ്കുകളെ കബളിപ്പിക്കുന്ന സമര്‍ഥമായ തട്ടിപ്പെന്നാണ് ഡി.ആര്‍.ഐ കേന്ദ്ര ഏജന്‍സികളെയും റിസര്‍വ് ബാങ്കിനേയും അറിയിച്ചിരിക്കുന്നത്. സാന്ദ്രയുടെ ഇടപാടുകളില്‍ സംശയമുണ്ടെന്ന് ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു.

Story by
Read More >>