പൊതുവിദ്യാഭ്യാസ സംരക്ഷകരെ, നിങ്ങളുടെ മക്കൾ എവിടെ? കിഴക്കേ കല്ലടയിൽ നിന്ന് ഒരു വെല്ലുവിളി...

തങ്ങളുടെ കുട്ടികളെ എവിടെ പഠിപ്പിക്കണമെന്നു തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം ഓരോരുത്തർക്കുമുണ്ട്. എന്നാൽ ആദർശം പ്രസംഗിക്കുന്ന നേതാക്കളും ജനപ്രതിനിധികളും സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരും തങ്ങളുടെ കുട്ടികളെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിലേക്ക് അയച്ചിട്ട് പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ മറ്റുള്ളളർ മാതൃകയാവണം എന്നു പറയുന്നതിൽ ഇരട്ടത്താപ്പുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സർക്കാർ തന്നെ മുന്നോട്ടുവരുമ്പോഴല്ലാതെ, എപ്പോഴാണ്, ഈ വൈരുദ്ധ്യം തുറന്നുകാട്ടുക? കിഴക്കേക്കല്ലട പഞ്ചായത്തിൽ നിന്ന് ഒരു വേറിട്ട പ്രതിഷേധം.

പൊതുവിദ്യാഭ്യാസ സംരക്ഷകരെ, നിങ്ങളുടെ മക്കൾ എവിടെ? കിഴക്കേ കല്ലടയിൽ നിന്ന് ഒരു വെല്ലുവിളി...

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട പഞ്ചായത്തിൽ വ്യത്യസ്തമായ പ്രതിഷേധം. വെള്ളിയാഴ്ച നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മുന്നോടിയായാണ് പഞ്ചായത്തിലെ ഒമ്പത് സ്കൂളുകൾക്കു മുന്നിൽ അതേ സ്ഥാപനത്തിലെ അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടേയും മക്കൾ പഠിക്കുന്നത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണോ എന്നുള്ള വിവരം ഉൾക്കൊള്ളിച്ച് ബോർഡ് സ്ഥാപിച്ചത്.

സ്വകാര്യ സ്ഥാനത്തിൽ സിവിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്ന കെ വി സുനിൽ കുമാറിന്റെ നേതൃത്വത്തലാണ് സ്കൂളുകൾക്കു മുന്നിൽ ബോർഡ് സ്ഥാപിച്ചത്.


ഇന്നലെ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിലെത്തിയ പൊതുജനം അതേ സ്ഥാപനത്തിൽ പഠിപ്പിക്കുന്നവരുടെ കുട്ടികൾ എവിടെയാണ് പഠിക്കുന്നതെന്ന യാഥാർത്ഥ്യംകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടണമെന്നു പറയുകയും മക്കളെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ ചേർത്ത് പഠിപ്പിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടുക? സുനിൽ കുമാർ ചോദിക്കുന്നു.അധ്യാപകരുടേത് മാത്രമല്ല. സ്ഥലത്തെ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളുടെ മക്കൾ, പഞ്ചായത്ത് അംഗങ്ങളുടെ മക്കൾ എന്നിവരും സർക്കാർ സ്കൂളുകളിൽ പഠിക്കുന്നില്ലെന്നും ഫ്ലക്സിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. സ്വന്തം മക്കളെ ഏത് സ്കൂളിൽ പഠിപ്പിക്കണമെന്ന കാര്യത്തിൽ ഞങ്ങൾ ഇടപെടുന്നില്ല. എന്നാൽ സർക്കാർ ശമ്പളം വാങ്ങി തങ്ങളുടെ മനഃസാക്ഷിയെ വഞ്ചിക്കുന്ന അധ്യാപകരും അദർശം പ്രസംഗിക്കുന്നവരും തങ്ങളുടെ മക്കളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കാതെ സമൂഹത്തെ നന്നാക്കാനിറങ്ങരുതെന്നും ഫ്ലക്സിലെ വിവരങ്ങൾ സൂചിപ്പിക്കുന്നു.

കെഎസ്‌ടിഎ പോലുള്ള സംഘടനകൾ അധ്യാപകരുടെ മക്കളെ സർക്കാർ സ്ഥാപനങ്ങളിൽ പഠിപ്പിക്കണമെന്നു നിലപാടെടുത്തു കാണുന്നില്ല. സർക്കാർ സ്കൂളുകളുടെ സംരക്ഷണം ജനങ്ങളോടൊപ്പം പൊതു വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും പൊതു പ്രവർത്തകരും ഏറ്റെടുത്താൽ പരിഹരിക്കാവുന്ന പ്രതിസന്ധി മാത്രമാണ് ഇപ്പോൾ പൊതു വിദ്യാഭ്യാസ രംഗത്തുള്ളത്. എന്നാൽ അത്തരം നടപടികൾ അധ്യാപകരോ പൊതു പ്രവർത്തകരോ പ്രത്യക്ഷത്തിൽ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. സുനിൽ കുമാർ വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങളിൽ മക്കളെ പഠിപ്പിക്കുകയും സർക്കാർ സ്കൂളുകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് അധ്യാപക സംഘടനകൾ മുഖാന്തിരം നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമാണു നിലവിൽ. എന്നാൽ എന്തുകൊണ്ട് ഇതേ അധ്യാപകർ തങ്ങളുടെ കുട്ടികളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നില്ല എന്ന് ഏതെങ്കിലും അധ്യാപക സംഘടന പരിശോധന നടത്തിയാൽ ഇപ്പോഴുള്ള പ്രതിസന്ധിക്കു പരിഹാരം കാണാൻ കഴിയുമെന്നാണ് സുനിൽ കുമാറിന്റെ പക്ഷം.

Read More >>