സമയക്രമം തെറ്റിച്ച് അപ്പീലുകൾ; ഭക്ഷണം ലഭിക്കാതെ മത്സരാർത്ഥികൾ

കൊട്ടാരക്കര ജിഎച്ച്എസ്എസ്സിലെ പതിനൊന്നംഗ തിരുവാതിര സംഘം രാത്രി 12 മണിയോടെ അവതരണം കഴിഞ്ഞ് ഭക്ഷണശാലയിൽ എത്തിയെങ്കിലും ഭക്ഷണശാല അടച്ചെന്ന മറുപടിയാണ് ലഭിച്ചത്.

സമയക്രമം തെറ്റിച്ച് അപ്പീലുകൾ; ഭക്ഷണം ലഭിക്കാതെ മത്സരാർത്ഥികൾ

സ്‌കൂൾ കലോത്സവത്തെ അപ്പീലുകൾ താളം തെറ്റിക്കുമ്പോൾ മത്സരാർത്ഥികൾക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല. രാത്രി പത്ത് മണിക്ക് അവസാനിക്കേണ്ടുന്ന മത്സരങ്ങൾ പുലരും വരെ നീളുമ്പോൾ മത്സരാർത്ഥികളായ കുട്ടികൾ കടുത്ത മാനസിക - ശാരീരിക സമ്മർദ്ദങ്ങളാണ് അനുഭവിക്കേണ്ടിവരുന്നത്. മണിക്കൂറുകളോളം മേക്കപ്പിട്ട് ഭക്ഷണം കഴിക്കാതെ കാത്ത് നിന്ന് അവതരണം കഴിഞ്ഞെത്തുമ്പോഴേക്കും ഭക്ഷണശാല അടഞ്ഞു കിടക്കുന്നു.

കൊട്ടാരക്കര ജിഎച്ച്എസ്എസ്സിലെ പതിനൊന്നംഗ തിരുവാതിര സംഘം രാത്രി 12 മണിയോടെ അവതരണം കഴിഞ്ഞ് ഭക്ഷണശാലയിൽ എത്തിയെങ്കിലും ഭക്ഷണശാല അടച്ചെന്ന മറുപടിയാണ് ലഭിച്ചത്. ഭക്ഷണ ശാലയിൽ ഈ സമയം ഭക്ഷണം ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കൾ നാരദാ ന്യൂസിനോട് പറഞ്ഞു. മത്സരം കഴിഞ്ഞെത്തിയ നിരവധി ടീമുകൾ ഭക്ഷണം ലഭിക്കാതെ മടങ്ങി. ഭക്ഷണശാലയിലെ ഒഫിഷ്യലുകളുമായി തർക്കം ഉണ്ടാവുന്ന സാഹചര്യം ഉണ്ടായി.


എന്നാൽ ഭക്ഷണം വിളമ്പാൻ ആളില്ലെന്നും വളണ്ടിയർമാർ ഉൾപ്പെടെയുള്ള ആളുകൾ ജോലി അവസാനിപ്പിച്ച് വിശ്രമത്തിനായി മടങ്ങിയെന്നുമാണ് ഭക്ഷണശാലയിൽ നിന്നും ലഭിക്കുന്ന വിവരം. രണ്ടാം ദിനത്തിൽ ഉച്ചഭക്ഷണ സമയത്തും സമാനമായ സാഹചര്യം ഉണ്ടായി. താളം തെറ്റുന്ന സമയക്രമത്തിൽ സംഘാടകർക്കുപോലും നിസ്സഹായരാകേണ്ട അവസ്ഥയാണ് ഉള്ളത്.

Read More >>