നിലവാരമില്ലാത്ത അധ്യാപനത്തിന്റെ ഇരകളാണ്‌ നൃത്തം പഠിക്കുന്ന കുട്ടികളിലധികവും; നര്‍ത്തകി ലിസി മുരളീധരന്‍

നമ്മുടെ പട്ടണ-ഗ്രാമപ്രദേശങ്ങളില്‍ കൂണ്‍പോലെ മുളച്ചുപൊങ്ങുന്ന നൃത്തപഠനകേന്ദ്രങ്ങളാണ്‌ നിലവാരമില്ലാത്ത നര്‍ത്തകരെ സംഭാവന ചെയ്യുന്നത്‌. അത്‌ മാറണം. കലാമണ്ഡലം പോലുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന്‌ ശുദ്ധമായ നൃത്തമാണ്‌ അഭ്യസിക്കേണ്ടത്‌. ലിസി പറയുന്നു. സിഡിയില്‍ സ്റ്റെപ്പുകള്‍ നോക്കിയും നൃത്തത്തിന്റെ അടിസ്ഥാന വശങ്ങള്‍ മനസ്സിലാക്കാതെയുമാണ്‌ മിക്ക അധ്യാപകരും നൃത്തം അഭ്യസിപ്പിക്കാനിറങ്ങുന്നത്‌. അവര്‍ക്കിതൊരു ബിസിനസ്സ്‌ മാത്രമാണ്‌.

നിലവാരമില്ലാത്ത അധ്യാപനത്തിന്റെ ഇരകളാണ്‌ നൃത്തം പഠിക്കുന്ന കുട്ടികളിലധികവും; നര്‍ത്തകി ലിസി മുരളീധരന്‍

നൃത്തത്തിന്റെ പൊരുള്‍ മനസ്സിലാക്കാത്ത ചിലര്‍  നടത്തുന്ന നൃത്തപഠന ക്ലാസുകളില്‍ നിന്ന്‌ പഠിച്ചിറങ്ങുന്ന കുട്ടികളാണ്‌ കലോത്സവവേദികളിലെത്തുന്നവരില്‍ അധികവുമെന്ന്‌ പ്രമുഖ നര്‍ത്തകി ലിസി മുരളീധന്‍ നാരദ ന്യൂസിനോട്‌ പറഞ്ഞു.  നമ്മുടെ പട്ടണ-ഗ്രാമപ്രദേശങ്ങളില്‍ കൂണ്‍പോലെ മുളച്ചുപൊങ്ങുന്ന നൃത്തപഠനകേന്ദ്രങ്ങളാണ്‌ നിലവാരമില്ലാത്ത നര്‍ത്തകരെ സംഭാവന ചെയ്യുന്നത്‌. അത്‌ മാറണം. കലാമണ്ഡലം പോലുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന്‌ ശുദ്ധമായ നൃത്തമാണ്‌ അഭ്യസിക്കേണ്ടത്‌. ലിസി പറയുന്നു.


സിഡിയില്‍ സ്റ്റെപ്പുകള്‍ നോക്കിയും നൃത്തത്തിന്റെ അടിസ്ഥാന വശങ്ങള്‍ മനസ്സിലാക്കാതെയുമാണ്‌ മിക്ക അധ്യാപകരും നൃത്തം അഭ്യസിപ്പിക്കാനിറങ്ങുന്നത്‌. അവര്‍ക്കിതൊരു ബിസിനസ്സ്‌ മാത്രമാണ്‌. അതിനപ്പുറത്തേക്ക്‌ കലയോടുള്ള ആത്മബന്ധവും പ്രണയവുമൊന്നുമല്ലെന്നും ലിസി വ്യക്തമാക്കി. കഴിഞ്ഞദിവസം പ്രധാനവേദിയില്‍ കുച്ചുപ്പുടി നടന്നപ്പോള്‍ മത്സരാര്‍ഥികളില്‍ അധികംപേരും ശിവസ്‌തുതിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. അതും ഏറെക്കുറെ ഒരേ താളത്തില്‍. ഒരു അധ്യാപകന്‍ പഠിപ്പിച്ചവരാണോ ഇവരൊക്കെയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.ഭരതനാട്യത്തില്‍ ദേവീ കീര്‍ത്തനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. പക്ഷേ ദേവീകീര്‍ത്തനമാണ്‌ കഴിഞ്ഞദിവസം നടന്ന ഭരതനാട്യത്തിലധികവും. നാല്‌ ദേവന്മാരെക്കുറിച്ചാണ്‌ ഭരതനാട്യത്തില്‍ കീര്‍ത്തനമുള്ളത്‌. ശിവനും  സുബ്രമണ്യനും കൃഷ്‌ണനും വിഷ്‌ണുവുമാണത്‌. പിന്നെങ്ങനെ ദേവികീര്‍ത്തനം വന്നതെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും ലിസി മുരളീധരന്‍ പറഞ്ഞു. എട്ട്‌ ശാസ്‌ത്രീയ നൃത്തയിനങ്ങളാണുള്ളത്‌. അതില്‍ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കഥകളി മാത്രമാണ്‌ കലോത്സവങ്ങളില്‍ മത്സരയിനത്തിലുള്ളത്‌. കഥക്കും ഒഡീസിയും മണിപ്പൂരിയും സത്രിയയൊന്നുമില്ലല്ലൊ. അത്‌കൂടി ഉണ്ടായിരുന്നെങ്കിലും മത്സരങ്ങള്‍ ഇവിടെയൊന്നും നില്‍ക്കില്ലെന്നും ലിസി പറയുന്നു.

ഓരോ നൃത്തവും അവസാനിച്ചശേഷം ഇതിന്റെ പ്രമേയം കൂടി വിശദീകരിക്കാന്‍ കുട്ടികള്‍ക്ക്‌ അവസരം നല്‍കേണ്ടതുണ്ടെന്നും ലിസി പറഞ്ഞു. നൃത്തപഠനത്തിനൊരു തിയറികൂടിയുണ്ട്‌. ചെയ്‌ത നൃത്തത്തിന്റെ വര്‍ണ്ണം, മുദ്രഭാവം, താളം, രാഗം ഇതെല്ലാം കുട്ടികള്‍ക്ക്‌ പറയാന്‍ ചെറിയൊരു സമയം അനുവദിക്കാവുന്നതാണ്‌. ഒന്നോ രണ്ടോ മിനിറ്റ്‌ നല്‍കിയാല്‍ മതി. കുട്ടികളില്‍ ആത്മവിശ്വാസമുണ്ടാക്കുന്നതിനും ചെയ്‌ത നൃത്തത്തെക്കുറിച്ച്‌ മത്സരാര്‍ഥിക്കുള്ള അവഗാഹത്തെക്കുറിച്ച്‌ വിധികര്‍ത്താക്കള്‍ക്ക്‌ മനസ്സിലാക്കാനും ഇത്‌ സാധിക്കും.നൃത്തത്തിന്റെ തിയറി പഠിപ്പിക്കുന്നതില്‍ ഇപ്പോഴത്തെ അധ്യാപകര്‍ അത്രത്തോളം പരിചയസമ്പന്നരല്ല. അപ്പീല്‍ മത്സരമാണ്‌ പലപ്പോഴും നടക്കുന്നത്‌. അപ്പീല്‍ എന്നത്‌ കലോത്സവത്തിലെ അനാരോഗ്യമായൊരു പ്രവണതയാണ്‌. വിധി നിര്‍ണ്ണയത്തിലെ പോരായ്‌മകളില്‍ നിന്നാണ്‌ പലപ്പോഴും അപ്പീലുകള്‍ ജനിക്കുന്നത്‌.

അര്‍പ്പണമനോഭാവമില്ലാത്ത നര്‍ത്തകരെ നിര്‍മ്മിക്കുന്നത്‌ നിലവാരമില്ലാത്ത അധ്യാപകര്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ലിസി പറഞ്ഞു. ഏറെ കഷ്ടപ്പെട്ടാണ്‌ കുട്ടികള്‍ പഠിക്കുന്നത്‌. ഒരു സംസ്ഥാന കലോത്സവത്തിനെത്തുമ്പോഴേക്കും ഒരു പാട്‌ ത്യാഗങ്ങള്‍ ഇവര്‍ സഹിക്കുന്നുണ്ട്‌. പലപ്പോഴും വിധികര്‍ത്താക്കളുടെ ഇരയാകാനും ഇവര്‍ വിധിക്കപ്പെട്ടവരാകുന്നു. വിധികര്‍ത്താക്കള്‍ പലവിധത്തിലുള്ള സ്വാധീനങ്ങള്‍ക്ക്‌ വഴിപ്പെടുന്നതും ഇതുകൊണ്ടാണ്‌.

സബ്‌ ജില്ലയിലും ജില്ലയിലും എന്റെ കുട്ടി ജയിച്ചു. അതുകൊണ്ടുതന്നെ സംസ്ഥാന തലത്തിലും ജയിക്കുമെന്ന മുന്‍വിധികളും അമിത പ്രതീക്ഷകളുമായാണ്‌ രക്ഷിതാക്കളെത്തുന്നത്‌. അധ്യാപകരും ഇങ്ങനെയൊക്കെത്തന്നെയാണെന്ന്‌ ലിസി പറയുന്നു. നൃത്തം അഭ്യസിക്കുമ്പോള്‍ത്തന്നെ അതിന്റെ തിയറിയും സ്വായത്തമാക്കാന്‍ നര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലിസി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.