എഴുത്തുകാരനു തിരുമ്മല്‍ക്കാരനാകാന്‍ കഴിയില്ല: അസഹിഷ്ണുതയ്‌ക്കെതിരെ നാടക സമരമെഴുതി ജിനോ ജോസഫും കുട്ടികളും

ഉഴിച്ചില്‍, പിഴിച്ചില്‍, ചവിട്ടി തിരുമ്മല്‍. അസഹിഷ്ണുത. സമരങ്ങള്‍ സുഖങ്ങള്‍. എഴുത്തുകാരന് ഒരിക്കലും തിരുമ്മല്‍ക്കാരനാകാന്‍ കഴിയില്ലെന്ന വ്യക്തമായ നിലപാട് പറയുന്ന 'തടവ്' എന്ന നാടകത്തിനു കാണികളുടെ കൈയടി....

എഴുത്തുകാരനു തിരുമ്മല്‍ക്കാരനാകാന്‍ കഴിയില്ല: അസഹിഷ്ണുതയ്‌ക്കെതിരെ നാടക സമരമെഴുതി ജിനോ ജോസഫും കുട്ടികളും

നിലയ്ക്കാത്ത ഹര്‍ഷാരവത്തോടെ കാണികള്‍ സ്വീകരിച്ച നാടകമായിരുന്നു എടൂര്‍ സെന്റ് മേരീസ് എച്ചഎസ്എസ് അവതരിപ്പിച്ച 'തടവ്' എന്ന നാടകം. എഴുത്തുകാരന് ഒരിക്കലും തിരുമ്മല്‍ക്കാരനാകാന്‍ കഴിയില്ലെന്ന വ്യക്തമായ നിലപാട് പറയുന്നതായിരുന്നു നാടകം.

പുരസ്‌കാരങ്ങള്‍ക്കു മുന്നില്‍ സംസ്‌കാരിക നായകര്‍ മനുഷ്യത്വം പണയം വയ്ക്കുകയാണെന്ന സംഘപരിവാര്‍ ആക്ഷേപത്തിന് നാടകത്തിലൂടെ മറുപടി പറയുകയാണ് അധ്യാപകനും സിനിമാ- നാടക പ്രവര്‍ത്തകനുമായ ജിനോ ജോസഫും കുട്ടികളും.


തൊട്ടും തടവിയും നില്‍ക്കുന്നവനെ രക്ഷയുള്ളു. ജയിലുകളില്‍ ഏഴുമല പൂഞ്ചോല സ്റ്റെല്‍ തടവാണ് നിലവിലുള്ളത്. തടവറകള്‍ സുഖിപ്പിക്കാനുള്ളതല്ല. എഴുത്തുകാരിയായ മകളെ കൂടി ഉഴച്ചിലും പിഴച്ചിലും ചെയ്യിക്കണമെന്നാണ് മുഖ്യ കഥാപാത്രമായ തടവുകാരന്റെ ആഗ്രഹം. ഒരു എഴുത്തുകാരിക്കും ഒച്ഛാനിച്ചു നില്‍ക്കാനും മറ്റുഉള്ളവരുടെ കാല്‍ തടവാനും തിരുമ്മാനും കഴിയില്ലെന്ന് മകള്‍ ശക്തമായ നിലപാട് എടുക്കുന്നതോടെ നാടകം ശക്തി പ്രാപിക്കുന്നു.

[caption id="attachment_74612" align="alignright" width="427"] ജിനോ ജോസഫ്[/caption]

ഉഴിച്ചില്‍, പിഴിച്ചില്‍, ചവിട്ടി തിരുമ്മല്‍,അസഹിഷ്ണുത. സമരങ്ങള്‍ സുഖങ്ങള്‍. ചുറ്റുപ്പാടുകളോട് ക്രിയാത്മകമായി പ്രതികരിക്കുകയാണ് 'തടവ്'.

സംസ്ഥാന സ്‌കൂള്‍ കലോത്സവ നാടകവേദിയിൽ എല്ലാം വര്‍ഷവും ശക്തമായ സാന്നിധ്യമാണ് എടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസ്. 2012ല്‍ എത്തിയ സുല്ല് എന്ന നാടകം ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. പ്രതികരിക്കാന്‍ കഴിയാതെ പാവകളായി പോകുന്നവരുടെ കഥയാണ് സുല്ല് പറഞ്ഞത്. 2013 ല്‍ പൊറോട്ടയെന്ന നാടകത്തിലൂടെ വീണ്ടും ഒന്നാം സ്ഥാനം. പൊറോട്ട പോലെയുള്ള വിദ്യാഭ്യാസ സമ്പ്രാദയങ്ങളെ കണക്കിനു പരിഹസിക്കുന്ന നാടകം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. 2014 ല്‍ എത്തിയ മാങ്ങയണ്ടി ഒരു സംഭാഷണശകലം പോലുമില്ലാത്ത നിശബ്ദ നാടകമായിരുന്നു. ആണ്ണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന ചിന്താഗതിക്കെതിരെ നടത്തിയ സമരം തന്നെയായിരുന്നു നാടകമെന്ന് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ജിനോ ജോസഫ് നാരദാ ന്യൂസിനോടു പറഞ്ഞു. മൂന്നാം സ്ഥാനമായിരുന്നു നാടകത്തിന്. 2015 ല്‍ നാടകം ചെയ്തില്ല. 2016 ല്‍ എത്തിയ സുമേഷിലൂടെ വീണ്ടും ഒന്നാം സ്ഥാനം. നാടകത്തിന്റെ കര്‍ട്ടന്‍ വലിക്കുന്നവരുടെ കഥയായിരുന്നു സുമേഷ് പറഞ്ഞു വെച്ചത്.

ആയിരം ജാഥകളേക്കാളും പ്രതിഷേധങ്ങളെക്കാളും വലുതാണ് നാടകമെന്നു ജിനോ ജോസഫ് പറയുന്നു. രാഷ്ട്രീയം പറഞ്ഞതു കൊണ്ട് മാത്രം നാടകം ആരും കാണില്ല. നാടകം കാണിച്ചു കൊടുക്കേണ്ടതാണ്. പുതിയ കാലഘട്ടത്തില്‍ വാര്‍ത്തകള്‍ കണ്ട് ആളുകള്‍ ശ്വാസം അടക്കിപ്പിടിച്ചു ജീവിക്കുകയാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവുമെല്ലാം നാടകമാണ്. ജിനോ പറയുന്നു.അധ്യാപകന്‍ എന്നതിനേക്കാള്‍ നാടക പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ജിനോ അറിയപ്പെടുന്നത്. 1960- 70 കാലഘട്ടത്തിന്റെ കഥ പറഞ്ഞ 'മത്തി' എന്ന നാടകമാണ് ജിനോയിലെ പ്രതിഭയെ പ്രശസ്തനാക്കിയത്. ജനകീയ നാടക പ്രസ്ഥാനത്തിലേയ്ക്ക് പിടയ്ക്കുന്ന ഒരു മത്സ്യം എന്നായിരുന്നു മതിയുടെ തലവാചകം തന്നെ.. നമ്മള്‍ നാട്ടിലെ മത്തികള്‍ കയറ്റി അയച്ചു മംഗലാപുരം മത്തികള്‍ ഇറക്കു മതി ചെയ്യുന്നു. internal migration എന്ന ഗൗരവമായ വിഷയമായിരുന്നു നാടകം പറഞ്ഞത്.

സംഗീതനാടക അക്കാദമി സംസ്ഥാന അമച്വര്‍ നാടകത്തില്‍ മികച്ച രചനയ്ക്കും മികച്ച രണ്ടാമത്തെ നടനുമുള്ള അവാര്‍ഡ് നേടി. 2013 ലെ മഹീന്ദ്ര എക്‌സലന്‍സ് തിയേറ്റര്‍ അവാര്‍ഡില്‍ മികച്ച നാടകം സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയവയ്ക്കുള്ള പുരസ്‌കാരവും മത്തി നേടി. 2016 ല്‍ കെ ആര്‍ മീരയുടെ ആരാച്ചാര്‍ നാടകമാക്കി ജിനോ വാര്‍ത്തകളില്‍ ഇടം നേടി. ഭരത് മുരളി അവാര്‍ഡ് നേടിയ നാടകം അബുദാബിയുള്‍പ്പെടെയുള്ള വേദികളില്‍ അവതരിപ്പിച്ചു അഭിപ്രായം നേടി. 2017 ല്‍ ചാര്‍ലി ചാപ്ലിന്റെ ജീവിതവും രാഷ്ട്രീയവും പറഞ്ഞു ജിനോ കൈയടി നേടി. മോഡണ്‍ ടൈംസ്, ഗ്രേറ്റ് ഡിറ്റക്ടര്‍ എന്ന സിനിമകളായിരുന്നു നാടകത്തിന് അവംലംബം.

[caption id="attachment_74617" align="alignnone" width="960"] ജിനോ ജോസഫ് സംവിധാനംചെയ്ത 'ചിരി' എന്ന നാടകത്തിലെ ദൃശ്യം[/caption]

40 ഓളം കലാകാരന്‍മാര്‍ അണിനിരന്ന വലിയ പ്രോജക്ടറായിരുന്നു 'ചിരി'. നാടകം വലിയ മുതല്‍ മുടക്ക് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യണം. സാങ്കേതികതയോടു താൻ മുഖം തിരിക്കാറില്ലെന്നും ജിനോ പറയുന്നു. കാണിയെന്ന നാടകത്തിലും വ്യക്തമായ രാഷ്ട്രീയം പറഞ്ഞു ജിനോ. നാടകം കണ്ടു മേല്‍വിലാസമില്ലാതെ മടങ്ങിപ്പോകുന്നവരുടെ കഥയായിരുന്നു കാണി. കാഴ്ചയില്‍ ഇടപ്പെടാന്‍ അയാള്‍ക്കു അധികാരമില്ല. ഡോണ്‍ ബോസ്‌കോയുടെ ജീവിതം പറയുന്ന മിക്കിയെന്ന സിനിമയുടെ തിരക്കഥയും സംവിധാനവും ജിനോയുടെതാണ്. തിയേറ്റര്‍ റീലീസില്ലാത്ത ഫെസ്റ്റിവെല്ലുകളെ ഉദ്ദേശിച്ചെടുത്ത ചിത്രം ഉടന്‍ പുറത്തിറങ്ങും.
രാഷ്ട്രീയം മാത്രം പറഞ്ഞല്ല കാണികളെ പിടിച്ചിരുത്താനുള്ള മരുന്നും കൂടി തന്റെ നാടകങ്ങള്‍ക്കുണ്ടെന്ന് ജിനോ ജോസഫ് പറയുന്നു.

'തടവ്' എന്ന നാടകത്തില്‍ വിമിന്‍ പി വിയാണ് പ്രധാന കഥാപാത്രമായ തടവുകാരനെ അവതരിപ്പിച്ചത്. അമല്‍, ജെഫിന്‍, ശ്യാംലാല്‍, അനഘ, ശരണ്യ, ഉണ്ണി, ശാലു, പൂര്‍ണ്ണിമ, ശഖില്‍, മിഥുന്‍, തുടങ്ങിയ മിടുക്കന്‍മാരാണ് ഈ പ്രതിഷേധ നാടക സമരത്തില്‍ പങ്കാളികളായത്. വ്യക്തമായ രാഷ്ട്രീയത്തോടും വ്യക്തമായ നിലപാടുകള്‍ ഓരോ വ്യക്തിക്കും വേണമെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിമിന്‍ പറഞ്ഞു. ഫാസിസത്തെ പ്രതിരോധിക്കാനുള്ള ശക്തമായ പോരാട്ടത്തില്‍ അണിനിരക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നാടകത്തില്‍ വേഷമിട്ട അനഘ നാരദാ ന്യൂസിനോടു പറഞ്ഞു.

ചിത്രം: സാബു കോട്ടപ്പുറം