കറുപ്പിന്‌, വിശപ്പിന്‌, പെണ്ണിന്‌..ഫ്‌ഭാ....അവള്‍ നീട്ടിത്തുപ്പി; സവര്‍ണ്ണ ഫാസിസം വന്ന വഴികളിലൂടെ എം ജി ശശിയും കുട്ടികളും സഞ്ചരിച്ചപ്പോള്‍

വംശ വെറിയും ജാതീയതയും സവര്‍ണ്ണ ഫാസിസവും വലിഞ്ഞുമുറുക്കുന്ന ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ ഡിജിറ്റലിസമാണോ കാലത്തിന്റെ അനിവാര്യതയെന്ന്‌ ചോദിക്കുന്നതാണ്‌ 'സര്‍വയ'യുടെ പ്രമേയം ആസ്‌പദമാക്കി നാടകപ്രവര്‍ത്തകനും ചലച്ചിത്ര സംവിധായകനുമായ എം ജി ശശി ഒരുക്കിയ നാടകം. സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കയ്യടി കിട്ടിയ നാടകമായിരുന്നിത്‌.

കറുപ്പിന്‌, വിശപ്പിന്‌, പെണ്ണിന്‌..ഫ്‌ഭാ....അവള്‍ നീട്ടിത്തുപ്പി; സവര്‍ണ്ണ ഫാസിസം വന്ന വഴികളിലൂടെ എം ജി ശശിയും കുട്ടികളും സഞ്ചരിച്ചപ്പോള്‍

സവര്‍ണ്ണ ഫാസിസവും സംഘപരിവാര്‍ പ്രദാനം ചെയ്യുന്ന അസഹിഷ്‌ണുതയുമൊക്കെ ചര്‍ച്ച ചെയ്യുന്ന പുതിയ കാലത്തിന്റെ മുഖത്തേക്കാണ്‌ ധീരുഭായി നീട്ടിത്തുപ്പിയത്‌. ധീരുഭായിയെ അറിയുന്നതിന്‌ മുമ്പ്‌ ബാലു ആരെന്ന്‌ നോക്കാം. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച്‌ അനുദിനം വാചാലനാകുന്ന നരേന്ദ്രമോദി ഭരിക്കുന്ന രാജ്യത്തെ ഒരു ദളിതന്റെ അവസ്ഥയില്‍ നിന്ന്‌ തുടങ്ങാം. പുഴയിലൂടെ ഒഴുകി വന്ന പശുവിനെ രക്ഷിച്ച ബാലു അതിനെ പരിപാലിച്ചു, സ്‌നേഹിച്ചു. എന്നാല്‍ ഒരു ദളിതന്‌ പശുവിനെ പരിപാലിക്കാനുള്ള അവകാശം ഉണ്ടോ? പാല്‍ കറക്കാനും ചാണകം ശേഖരിക്കാനുമല്ലാതെ പശുവിനെ പരിപാലിക്കാനും സ്‌നേഹിക്കാനും ഇന്നും പിന്നോക്കക്കാരന്‌ എന്തവകാശം? സവര്‍ണ്ണ തിട്ടൂരങ്ങളെ മറികടന്നാല്‍ എന്തായിരിക്കും സ്ഥിതി? പശുവിനെ പരിപാലിച്ച ബാലു സവര്‍ണ്ണ ഫാസിസ്റ്റുകള്‍ അതിദാരുണമായി കൊലപ്പെടുത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പൽ പ്രസിദ്ധീകരിച്ച കെ ജി ശങ്കരന്‍പ്പിള്ളയുടെ 'സര്‍വയ' എന്ന കവിതയെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച 'ധീരുഭായ്' എന്ന നാടകമാണ് രാജ്യം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ വിപത്തായ സവര്‍ണ്ണ ഫാസിസത്തെക്കുറിച്ച്‌ സംവദിച്ചത്‌.


[caption id="attachment_74578" align="alignleft" width="328"] സോന[/caption]

ഇനി ധീരുഭായി ആരാണെന്ന്‌ പറയാം. പശുവിനെ പരിപാലിച്ച ദളിതനായ ബാലുവിന്റെ ഭാര്യയാണ്‌ ധീരുഭായി. പേരു പോലെ ധീരയാണവള്‍. തന്റെ ജീവനില്‍ പാതിയായ ബാലുവിനെ കൊലപ്പെടുത്തിയ സവര്‍ണ്ണ മാടമ്പികള്‍ക്കെതിരെ അവള്‍ ഉറഞ്ഞു തുള്ളി. കറുപ്പിന്‌, വിശപ്പിന്‌, പെണ്ണിന്‌ ഫ്‌ഭാ... പുച്ഛത്തോടെ ധീരുഭായി നീട്ടിത്തുപ്പിയതങ്ങനെയാണ്‌. വംശ വെറിയും ജാതീയതയും സവര്‍ണ്ണ ഫാസിസവും വലിഞ്ഞുമുറുക്കുന്ന ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ ഡിജിറ്റലിസമാണോ കാലത്തിന്റെ അനിവാര്യതയെന്ന്‌ ചോദിക്കുന്നതാണ്‌ 'സര്‍വയ'യുടെ പ്രമേയം ആസ്‌പദമാക്കി നാടകപ്രവര്‍ത്തകനും ചലച്ചിത്ര സംവിധായകനുമായ എം ജി ശശി ഒരുക്കിയ നാടകം. സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കയ്യടി കിട്ടിയ നാടകമായിരുന്നിത്‌. ചാലിശ്ശേരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ്‌ അരങ്ങില്‍ സവര്‍ണ്ണ ഫാസിസ പ്രതിരോധത്തില്‍ വസന്തം വിരിയിച്ചത്‌.

ബാലുവിന്റെ മരണത്തോടെ കെ ജി എസിന്റെ കവിത അവസാനിക്കുമെങ്കിലും തുടര്‍ന്നുള്ള ധീരുബായിയുടെ ധീരമായ പോരാട്ടമാണ്‌ നാടകാന്ത്യം. വീട്ടില്‍ ബീഫ്‌ സൂക്ഷിച്ചതിനു മുസ്ലിം വൃദ്ധനെ കൊലപ്പെടുത്തിയതുമുതൽ പശുവിന്റെ തോലുരിഞ്ഞ ദളിതരെ മർദ്ദിച്ച സംഘപരിവാര്‍ ഫാസിസത്തിന്റെ ഭാവപ്പകർച്ചയിലേക്ക് നാടകം സഞ്ചരിക്കുന്നു. ഇന്ത്യയില്‍ ഡിജിറ്റലിസത്തെക്കുറിച്ച്‌ വാചാലമാകുന്നവരുടെ മുഖത്തേക്കുള്ള പ്രഹരംകൂടിയാണീ നാടകം. ധീരുഭായിയായിയുടെ വേഷം ചെയ്‌ത സോനയെയാണ്‌ ഏറെ കയ്യടിവാങ്ങിയത്‌. പ്രഫഷണല്‍ നാടകമേഖലയില്‍ നിന്ന്‌ ഇടക്കാലത്ത്‌ വിട്ടുനിന്ന എം ജി ശശി വീണ്ടും അമച്വര്‍ നാടകമേഖലയില്‍ സജീവമാവുകയാണ്‌. സിനിമാപ്രവര്‍ത്തനത്തിനൊപ്പം നാടകവും ഒരുമിച്ച്‌ മുന്നോട്ടുകൊണ്ടുപോവുകയാണ്‌ ശശി. മികച്ച ആര്‍ട്ടിസ്‌റ്റുകളെ ഉപയോഗിച്ച്‌ 'ധീരുഭായ്' കൂടുതല്‍ സ്‌റ്റേജുകളില്‍ അവതരിപ്പാക്കാനുള്ള ശ്രമത്തിലാണൈന്ന്‌ എം ജി ശശി നാരദ ന്യൂസിനോട്‌ പറഞ്ഞു. ഫാസിസം ഫണം വിടര്‍ത്തുന്ന പുതിയ കാലത്തിന്റെ ഏറ്റവും മികച്ച സന്ദേശം നല്‍കിയ ഈ നാടകം തന്നെയാണ്‌ ആസ്വാദകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്‌.

ചിത്രങ്ങള്‍: സാബു കോട്ടപ്പുറം