കളിക്കളത്തിലെ ലിംഗനീതി

ട്രാൻസ്‌ജെൻഡർ, സ്ത്രീകൾ, പുരുഷന്മാർ എന്നുള്ളവരെ ഉൾപ്പെടുത്തിയ ഈ കായികമത്സരത്തിന്റെ അവസ്ഥയെ ലിംഗപരമായ നിഷ്പക്ഷം (ജൻഡർ ന്യൂട്രൽ ) എന്ന് വിളിക്കാതിരിക്കുവാൻ പക്ഷെ, നമ്മൾ ശ്രദ്ധിക്കണം. കാരണം, സമൂഹത്തിലും, ചരിത്രപരമായും നിലനിൽക്കുന്ന ലിംഗ വ്യത്യാസങ്ങൾ കളിക്കളത്തിൽ ഇല്ലാതാക്കുന്നു എന്നുള്ളത് കേട്ടുവരുന്ന അവകാശവാദമാണ്. അത് ഏറെക്കുറെ വിഫലവുമാണ്. അതു കൊണ്ടു തന്നെ, ഈ കായിക പരീക്ഷണത്തെ, എല്ലാ ലിംഗങ്ങളെയും ഉൾപ്പെടുത്തുന്ന (ജൻഡർ ഇൻക്ലൂസീവ്) ഒരു വേദിയായി വേണം കരുതാൻ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലിംഗ സമത്വാവബോധം വളർത്തുന്ന സ്ക്രൈബ് ഫെസ്റ്റിവലിനെക്കുറിച്ച് വീണ വിമല മണി എഴുതുന്നു...

കളിക്കളത്തിലെ ലിംഗനീതി

വീണ വിമല മണി

'ദംഗൽ' (दंगल) എന്ന സിനിമ സ്പോർട്സിനെക്കുറിച്ചും ആ മേഖലയിലെ സ്ത്രീകളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി. കൂടാതെ കായിക മേഖല ആവശ്യപ്പെടുന്ന ചട്ടങ്ങളെക്കുറിച്ചും അച്ചടക്കങ്ങളെക്കുറിച്ചും നമ്മെ വീണ്ടും ചിന്തിപ്പിക്കാനുള്ള അവസരം നൽകി.

കേരളത്തിൽ, എല്ലാ ലിംഗങ്ങളിലും ഉൾപ്പെട്ട വ്യക്തികൾക്ക് പങ്കെടുക്കാനാവും വിധം ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ഒരുക്കിയ പന്തുകളി പ്രശംസനീയമാണ്.

എല്ലാവർക്കും ഒരുമിച്ച്, ഒരു പൊതു ഇടത്തിൽ, കളിക്കാനും ഒത്തുകൂടാനുമുള്ള അവസരം വളരെ വിലപ്പെട്ടതാണ്. കളിക്കളങ്ങളിലേക്കുള്ള ഒരു വ്യക്തിയുടെ വരവിനെ, പൊതു ഇടത്തിലേക്കുള്ള വഴിയായി രാമചന്ദ്ര ഗുഹ പറയുന്നുണ്ട്. പൊതു ഇടങ്ങൾ പൊതുവായി തന്നെ നിർത്തുവാനും കളിയിടങ്ങളും അതുപോലെ മറ്റു കൂട്ടായ പ്രവർത്തനങ്ങളിലും ഏർപ്പെടുക അനിവാര്യമാണ്.
ട്രാൻസ്‌ജെൻഡർ, സ്ത്രീകൾ, പുരുഷന്മാർ എന്നുള്ളവരെ ഉൾപ്പെടുത്തിയ ഈ കായികമത്സരത്തിന്റെ അവസ്ഥയെ ലിംഗപരമായ നിഷ്പക്ഷം (ജൻഡർ ന്യൂട്രൽ) എന്ന് വിളിക്കാതിരിക്കുവാൻ പക്ഷെ, നമ്മൾ ശ്രദ്ധിക്കണം. കാരണം, സമൂഹത്തിലും, ചരിത്രപരമായും നിലനിൽക്കുന്ന ലിംഗ വ്യത്യാസങ്ങൾ കളിക്കളത്തിൽ ഇല്ലാതാക്കുന്നു എന്നുള്ളത്  കേട്ടുവരുന്ന അവകാശവാദമാണ്. അത് ഏറെക്കുറെ വിഫലവുമാണ്. അതു കൊണ്ടു തന്നെ, ഈ കായിക പരീക്ഷണത്തെ, എല്ലാ ലിംഗങ്ങളെയും ഉൾപ്പെടുത്തുന്ന (ജൻഡർ ഇൻക്ലൂസീവ്) ഒരു വേദിയായി വേണം കരുതാൻ.

ലിംഗ വ്യത്യാസങ്ങളെ മായ്ച്ചു കളയുന്നതിനേക്കാൾ ഈ പന്തുകളി നമുക്കു നൽകിയത് എല്ലാ ലിംഗങ്ങളെയും ഒരു പോലെ അംഗീകരിക്കുകയും അവയെ ഉൾക്കൊള്ളുകയും ചെയ്യാനുള്ള അവസരമാണ്. ഇതിനൊക്കെ പുറമെ ഉയർന്നു വരുന്ന മറ്റൊരു ചോദ്യം, കായിക വേദികൾ എത്രത്തോളം ലിംഗപരമായ നിഷ്പക്ഷത വരുത്തുവാൻ പോന്ന ഒരു ഇടമാണെന്നതാണ്.എല്ലാ ലിംഗങ്ങളെയും ഒരു പോലെ കാണുവാനുള്ള പരിമിതികൾ കായിക മേഖലയിലുണ്ട്. കായികമേഖലയായി നമുക്കു മുന്നിൽ വരച്ചിട്ടിരിക്കുന്ന ആ ഇടം പുരുഷകേന്ദ്രികൃതമായ മൂല്യങ്ങളാൽ വരച്ചിട്ടിട്ടുള്ളവയാണ്. മൈക്കൽ മെസ്സ്‌നർ എന്ന സാമൂഹ്യ ശാസ്ത്രജ്ഞന്രെ 1988-ലെ ലേഖനത്തിന്റെ പേര് Sports and Male Domination: The Female Athlete as Contested Ideological Terrain എന്നായിരുന്നു. അതിൽ പറയുന്നത് ഏതൊക്കെ കായികപ്രവർത്തനങ്ങളാണു സ്പോർട്സ് ആയി അംഗീകരിക്കുന്നത് എന്നു നമ്മൾ തിരിച്ചറിയണം എന്നാണ്.

ഉദാഹരണത്തിന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഇംഗ്ലീഷ് ചാനൽ കുറഞ്ഞ സമയത്തിൽ നീന്തി കടന്നിട്ടുള്ളത് സ്ത്രീകളാണെന്നും എന്നാൽ അതുകൊണ്ടുതന്നെ അതൊരു മുഖ്യ കായിക മത്സരമായി അന്ന് മാധ്യമങ്ങളിലും മറ്റും അംഗീകരിക്കപ്പെടുന്നില്ലെന്നുമാണ്. ഇതിനോടു കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം ബുർധ്യു പറഞ്ഞ പോലെ തൊഴിലാളി വർഗ്ഗത്തിൽപ്പെട്ട പുരുഷന്മാർ ഏർപ്പെടുന്ന ഭാരോദ്വഹനം പോലുള്ളവ ഒളിംപിക്സിൽ ഉൾപ്പെടുത്താൻ വളരെ കാലം വേണ്ടി വന്നു എന്നുള്ളതാണ്. സ്പോർട്സ് എന്നുള്ള മേഖല പല വിധത്തിലും സമൂഹത്തിലെ ലിംഗത്തിന്റെ പേരിലുള്ള അനീതികൾ പഠിക്കുവാൻ യോജിച്ചതാണ്.ഒരു വിധം എല്ലാ മത്സരങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത വേതനം തുടങ്ങി, സ്ത്രീകൾക്ക് മാത്രം ലിംഗ നിർണയ പരിശോധനകൾ നടത്തുന്നതു വരെ സ്പോർട്സ് ചില പുരുഷമൂല്യങ്ങൾ ആഘോഷിക്കപ്പെടാനുള്ള ഇടങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളോടും, ഭിന്നലിംഗക്കാരോടുമുള്ള വിവേചനത്തോടൊപ്പം ആധിപത്യപരമല്ലാത്ത ആണത്തങ്ങളെ ഇകഴ്ത്താനും സ്പോർട്സ് ഉപയോഗിക്കപ്പെടുന്നു. പുരുഷത്തങ്ങളുടെ ആഘോഷം ആകുന്നതുകൊണ്ടു തന്നെ അതു ദേശരാഷ്ട്രങ്ങളുടെ ശക്തി തെളിയിക്കാനുമുള്ള ഒരു മത്സര വേദികൂടിയാകുന്നു എന്നു നമ്മൾ മനസിലാക്കേണ്ടതുണ്ട്. സ്പോർട്സ് സമൂഹത്തിനു പുറത്തുള്ള ഒരു ഇടമല്ല. മറിച്ചു സ്പോർട്സ് എന്നത് സാമൂഹ്യ സൃഷ്ടി തന്നെയാണ്. അതുകൊണ്ടുതന്നെ ആ ഇടം പുരോഗമനപരമായ രീതിയിൽ ഉപയോഗപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാർക്കുമുണ്ട്. യുവസമിതി തുടങ്ങി വച്ച, എല്ലാവരേം ഉൾക്കൊള്ളുന്ന, ആധിപത്യ ആണത്ത മൂല്യങ്ങളെ ചോദ്യം ചെയ്യാനാവുന്ന വിധത്തിലുള്ള കായികമത്സരങ്ങൾ ഇനിയും ഉണ്ടാകട്ടെ. അത് പൊതു ഇടങ്ങളിൽ, പല വിധ പുരോഗമന ശബ്ദങ്ങളും ഉയരുവാൻ വേദി ആവട്ടെ.

(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് വച്ചു നടക്കാനിരിക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്ര-സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ആദ്യത്തെ ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 10 വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ 6 മണി വരെ മലപ്പുറം മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് ലിംഗേതര കളിയിടങ്ങള്‍ക്കായി ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോള്‍ മത്സരം നടക്കുന്നത്. ആണും പെണ്ണും എന്ന ബൈനറിയെ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും ഇന്നു മറികടക്കുന്നുണ്ട്. എല്ലാ മേഖലയിലും നിലനില്‍ക്കുന്ന ലിംഗവിവേചനങ്ങള്‍ക്കെതിരെയുള്ള ഇടപെടലായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഏറ്റവും കൂടുതല്‍ ആണിന്റെ കളിയായി വിവക്ഷിക്കപ്പെടുന്ന ഫുട്‌ബോളാണ് അത്തരമൊരു ഇടപെടലിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരേ ടീമില്‍ പെണ്ണും ട്രാന്‍സ്‌ജെൻഡറും ആണും കളിക്കും.

ഫുട്‌ബോള്‍ മലപ്പുറത്തിന്റെ വികാരമാണ്. മൈതാനങ്ങള്‍ എല്ലാവര്‍ക്കുമായി തുറക്കുന്നതിലൂടെ മലപ്പുറം ഒരു പുതിയ വിചാരം കൂടി പങ്കുവെയ്ക്കുകയാണ്. ഇതിന്റെ പ്രാഥമിക മത്സരമായി കാസര്‍കോട് ജില്ലാതല മത്സരം കാലിക്കടവില്‍ വച്ചു നടന്നിരുന്നു.  എല്ലാ ടീമിലും ട്രാന്‍സ്‌ജെൻഡര്‍ ക്വയര്‍ സംഘവും വനിതകളും പുരുഷന്മാരും ഉണ്ടാകും.

സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ചെറായിയില്‍ നടന്ന മിശ്രഭോജനം, ഒക്ടോബര്‍ വിപ്ലവം, ചമ്പാരന്‍ സത്യാഗ്രഹം തുടങ്ങിയവയുടെ 100-ാം വാർഷികത്തോടനുബന്ധിച്ചാണ് ശാസ്ത്രസാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്. ഉറുദു കവിയും ശാസ്ത്രജ്ഞനും ഡോക്യുമെന്ററി സംവിധായകനുമായ ഗവാര്‍റാസയാണ് ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

60 പിന്നിട്ട കേരളം - യുവജന പരിപ്രേക്ഷ്യം -  അഞ്ചു സെമിനാറുകള്‍, അതിര്‍ത്തികളേയും അതിരുകളേയും പ്രമേയമാക്കിയുള്ള സകല ലോകസ്‌നേഹം (സലോസ) ചലച്ചിത്രോത്സവം, എട്ടു നാടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകോത്സവം, വിവിധ പാട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള പാട്ടുരാത്രി, മണ്ണും പെണ്ണും ഇതിവൃത്തമായ ചിത്ര ഫോട്ടോ പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഉള്ളടക്കമാവും. 50 കലാലയങ്ങളില്‍ നിന്നായി 2000ലേറെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം പരിപാടിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. www.scribesfestival.in)