"ഡീബാര്‍ ചെയ്യപ്പെട്ട പ്രിന്‍സിപ്പലിനെ ഞങ്ങള്‍ക്കു വേണ്ട"; ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ട്

ഗുരുതരമായ കുറ്റം തെളിഞ്ഞതുകൊണ്ടാണ് സര്‍വ്വകലാശാല പ്രിന്‍സിപ്പലിനെ ഡീബാര്‍ ചെയ്തതെന്നും പ്രിന്‍സിപ്പല്‍ സ്ഥാനത്തു തുടരാന്‍ ലക്ഷ്മി നായര്‍ക്ക് അര്‍ഹതയില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

"ഡീബാര്‍ ചെയ്യപ്പെട്ട പ്രിന്‍സിപ്പലിനെ ഞങ്ങള്‍ക്കു വേണ്ട"; ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ട്

ഗുരുതരമായ കുറ്റം തെളിയിക്കപ്പെട്ട് ഡീബാർ നടപടിയ്ക്കു വിധേയയായ ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു തുടരാൻ അനുവദിക്കില്ലെന്ന് ലോ അക്കാദമി വിദ്യാർത്ഥികൾ. തങ്ങളുടെ ആരോപണം സർവകലാശാലയും ശരിവെച്ച സ്ഥിതിയ്ക്ക് രാജി ആവശ്യത്തിൽ നിന്ന് ഒട്ടും പിന്നോട്ടില്ലെന്നും സമരം ശക്തമാക്കുമെന്നുമാണ് വിദ്യാർത്ഥികളുടെ നിലപാട്.   ഡീബാര്‍ ചെയ്യപ്പെട്ട പ്രിന്‍സിപ്പലിന് തൽസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്ന സമരക്കാരുടെ വാദം ലോ അക്കാദമി മാനേജ്മെന്റിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും.


ഗുരുതരമായ കുറ്റം തെളിഞ്ഞതുകൊണ്ടാണ് സര്‍വ്വകലാശാല പ്രിന്‍സിപ്പലിനെ ഡീബാര്‍ ചെയ്തതെന്ന്  വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന നിരാഹാരസമരം 19ം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പലിന്റെ രാജി തീരുമാനമോ സര്‍ക്കാരില്‍ നിന്നുള്ള പുറത്താക്കല്‍ ഉത്തരവോ വരുന്നതുവരെ സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് കെഎസ്‌യു-എഐഎസ്എഫ്-എംഎസ്എഫ് സംയുക്ത സമരസമിതി, എസ്എഫ്‌ഐ ഭാരവാഹികള്‍ നാരദാ ന്യൂസിനോടു വ്യക്തമാക്കി.

അതേസമയം, പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ചുവര്‍ഷത്തേക്കു ഡീബാര്‍ ചെയ്ത സര്‍വ്വകലാശാലയുടെ നടപടിയെ എസ്എഫ്‌ഐ സ്വാഗതം ചെയ്തു. ഒരു പ്രിന്‍സിപ്പലിനെതിരെ സര്‍വ്വകലാശാലയില്‍ നിന്നുണ്ടാവുന്നതില്‍ ഏറ്റവും കടുത്ത നടപടിയാണ് ഡീബാര്‍ എന്നും എന്നാല്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരാണു തീരുമാനിക്കേണ്ടതെന്നും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ഹരിചന്ദന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.  ഡീബാര്‍ നടപടി വന്നതിലൂടെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തുടരാനുള്ള ലക്ഷ്മി നായരുടെ അര്‍ഹത നഷ്ടമായെന്നുംര്‍ രാജി വയ്ക്കുന്നതു വരെ സമരത്തില്‍ നിന്നും വിട്ടുവീഴ്ചയില്ലെന്നും ഹരിചന്ദ് വ്യക്തമാക്കി.

"ഡീബാര്‍ ചെയ്യപ്പെട്ട പ്രിന്‍സിപ്പലിനെ ഞങ്ങള്‍ക്കു വേണ്ട" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇന്നുമുതല്‍ എസ്എഫ്‌ഐ സമരം തുടരുന്നത്. സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനമാകുമെന്നാണു എസ്എഫ്ഐയുടെ പ്രതീക്ഷ. എന്നാല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമന്ന സംഘടനയ്ക്കില്ലെന്നും അവർ വ്യക്തമാക്കുന്നു. മാത്രമല്ല, അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതും എസ്എഫ്‌ഐ അജണ്ടയല്ല. കാരണം അത് രാഷ്ട്രീയവിഷയമാണ്. എന്നാല്‍ അതില്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ഹരിചന്ദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍വ്വകലാശാല തീരുമാനത്തില്‍ തൃപ്തരല്ലെന്ന് കെഎസ് യു യൂണിറ്റ് സെക്രട്ടറി ക്രിസ്റ്റിന്‍ മാത്യു വ്യക്തമാക്കി. ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കാനുള്ള കുറ്റമാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ അതൊഴിവാക്കി കേവലം ഡീബാറിലേക്ക് നടപടിയെ ഒതുക്കിയതിനുപിന്നില്‍ സിന്‍ഡിക്കേറ്റിലെ സിപിഐഎം അംഗങ്ങളുടെ ഇരട്ടത്താപ്പാണ്. അഫിലിയേഷന്‍ റദ്ദാക്കിയെങ്കില്‍മാത്രമേ സര്‍ക്കാരിന് ഏറ്റെടുക്കാനാവൂ. ഇത്ര ഗുരുതരമായ പരാതികള്‍ ഉയര്‍ന്നിട്ടും ഭരണപക്ഷ സംഘടന പോലും സമര രംഗത്തുണ്ടായിട്ടും അഴകൊഴമ്പന്‍ നിലപാടാണ് സര്‍വ്വകലാശാല സ്വീകരിച്ചതെന്നും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയോ സര്‍ക്കാരില്‍ നിന്നും അവരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവോ ഉണ്ടാകുന്നതു വരെ പ്രക്ഷോഭത്തില്‍നിന്നും വ്യതിചലിക്കില്ലെന്നും ക്രിസ്റ്റിന്‍ മാത്യു വ്യക്തമാക്കി.

അതേസമയം, നടപടിക്കെതിരെ നിയമപരമായി നീങ്ങാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇക്കാര്യം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറിലാണ് വ്യക്തമാക്കിയത്. തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നോട്ട് ചെയ്തുവെച്ചിട്ടുണ്ടെന്നും നിയമപരമായി നീങ്ങുമെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്കും അവസരം കിട്ടും. അപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കും. താന്‍ തുടങ്ങിയിട്ടില്ല. കേസ് കൊടുക്കാന്‍ കിടക്കുന്നതേയുള്ളൂ. ഇപ്പോള്‍ താന്‍ സ്‌കിപ്പ് ചെയ്യുകയാണ്. അവരാണ് ഫൈറ്റ് ചെയ്യുന്നത്. എല്ലാ കാര്യങ്ങളും എടുത്തുവച്ചിട്ടുണ്ട്. അവര്‍ പറയാനുള്ളതെല്ലാം പറയട്ടെ. ഇവരുടെ പരിപാടികള്‍ തീര്‍ന്നതിനു ശേഷം നിയമനപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി.

https://www.youtube.com/watch?v=dp_Ao2EHfjU

Read More >>